
തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അദ്ധ്യയന വർഷത്തിൽ സംഘടിപ്പിക്കുന്ന മേളകളുടെ വിശദാംശങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂൾ കലോത്സവം വരുന്ന ഡിസംബർ മാസത്തിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും. എറണാകുളത്തായിരിക്കും കായിക മേള. ഒക്ടോബർ 18, 19, 20, 21, 22 തീയതികളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം നടത്തുന്നത് പുതുക്കിയ മാന്വൽ അനുസരിച്ചാകണം എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതിനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന സ്കൂൾ കാലോത്സവത്തിൽ തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നുവെങ്കിൽ ഇത്തവണ അത്തരത്തിൽ ഒരു കലാരൂപം മത്സര ഇനമായി തന്നെ ഉൾപ്പെടുത്തുമെന്നും അതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സ്കൂൾ കായികമേളയെ ഒളിംപ്ക്സ് മാതൃകയിൽ അത്ലറ്റിക്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ മാറ്റണമെന്ന രീതിയിലുള്ള പ്രവർത്തനമാണ് ഇക്കുറി നടന്നു വരുന്നതെന്നും മന്ത്രി അറിയിച്ചു. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ട്. നാല് വർഷത്തിൽ ഒരിക്കൽ കായിക മേള ഒളിമ്പിക്സ് മാതൃകയിൽ നടത്തുകയും അതല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെയും നടത്താനാണ് തീരുമാനം.
ടി.ടി.ഐ., പി.പി.ടി.ടി.ഐ. കലോത്സവം സെപ്തംബർ 4, 5 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ വെച്ച് നടത്തും. സ്പെഷ്യൽ സ്കൂൾ കലോത്സവം കണ്ണൂർ ജില്ലയിൽ വെച്ച് സെപ്തംബർ 25, 26, 27 തീയതികളിൽ നടത്തും. ശാസ്ത്രമേള ആലപ്പുഴ ജില്ലയിൽ നവംബർ 14, 15, 16, 17 തീയതികളിലും കരിയർ ഗൈഡൻസ് ദിശ എക്സ്പോ, ഒക്ടോബർ 5, 6, 7, 8, 9 തീയതികളിൽ തൃശൂർ ജില്ലയിൽ വെച്ചുമായിരിക്കും നടത്തുന്നതെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
Last Updated Jul 3, 2024, 2:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]