
കോട്ടയം: ചങ്ങനാശ്ശേരി ഗവണ്മെന്റ് എച്ച്എസ്എസിലെ അധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം. സ്റ്റാഫ് മുറിയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചത് ചോദ്യം ചെയ്തതിലുള്ള പ്രിൻസിപ്പാളിന്റെ പ്രതികാരമാണ് സ്ഥലം മാറ്റത്തിന് കാരണമെന്നാണ് നടപടി നേരിട്ട അധ്യാപകർ പറയുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ അധ്യാപകർ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.
ചങ്ങനാശ്ശേരി സർക്കാർ ഹയർ സെക്കന്ററി സ്കൂളിലെ അഞ്ച് അധ്യാപകരെ കഴിഞ്ഞ ദിവസമാണ് വടക്കൻ ജില്ലകളിലേക്ക് സ്ഥലം മാറ്റിയത്. പ്രിൻസിപ്പാളിന്റെയും പിടിഎയുടെയും നിർദേശങ്ങൾ അധ്യാപകർ അനുസരിക്കുന്നില്ലെന്ന പരാതിയിൽ കോട്ടയം ആർഡിഡി നടത്തിയ അന്വേഷണത്തിന് ഒടുവിലായിരുന്നു നടപടി. നടപടി നേരിട്ട അധ്യാപകർ പഠിപ്പിക്കുന്നത് കുട്ടികൾക്ക് മനസിലാകുന്നില്ലെന്നും ഈ വിഷയങ്ങളിൽ മോശം റിസൾട്ടാണ് ഉണ്ടാകുന്നതെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആർഡിഡിയുടെ റിപ്പോർട്ടിലുള്ളതെല്ലാം വസ്തുതാ വിരുദ്ധമാണെന്നാണ് അധ്യാപകർ പറയുന്നത്.
സ്കൂളിൽ മുമ്പ് ഉണ്ടായ ചില ആഭ്യന്തര കാര്യങ്ങളിൽ പ്രിൻസിപ്പാൾ പ്രതികാരം ചെയ്യുന്നതാണെന്നാണ് ആക്ഷേപം. അതിൽ പ്രധാനം സ്കൂളിൽ സിസിടിവി ക്യാമറ വെയ്ക്കുന്നതിലെ തർക്കമായിരുന്നു. അധ്യാപകരുടെ സ്വകാര്യത മാനിക്കാതെ ക്യാമറ വച്ചതിനെതിരെ നടപടി നേരിട്ടവർ മുമ്പ് വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ഈ കേസിൽ അധ്യാപകർക്ക് അനുകൂലമായി വനിത കമ്മീഷൻ ഉത്തരവ് ഇറക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം. നടപടി ചട്ടവിരുദ്ധമെന്നാണ് അധ്യാപക സംഘടനകളും പറയുന്നത്. നടപടി നേരിട്ട അധ്യാപകർ പഠിപ്പിക്കുന്ന വിഷയങ്ങളിൽ കുട്ടികൾക്ക് മാർക്ക് കുറവാണെന്ന ആർഡിഡി റിപ്പോർട്ടും അധ്യാപകർ കണക്ക് നിരത്തി തള്ളുന്നു. പരാതിക്കാരനായ പ്രിൻസിപ്പാൾ പഠിപ്പിച്ച മാത്തമാറ്റിക്സിൽ 48 ശതമാനം മാത്രമാണ് റിസൾട്ട്. ഇതാണ് സ്കൂളിലെ ഏറ്റവും കുറഞ്ഞ റിസൾട്ടെന്ന് കണക്കുകൾ നിരത്തി അധ്യാപകർ പറയുന്നു.
Last Updated Jun 30, 2024, 9:12 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]