
പ്രഭാസ് ആരാധകർ ഏറെ നാളുകളായി അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് നാഗ് അശ്വിൻ സംവിധാനംചെയ്യുന്ന കൽക്കി 2898 AD. ഈ മാസം 27-ന് റിലീസിനൊരുങ്ങുന്ന ചിത്രം ബോക്സോഫീസ് കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിക്കുമെന്നാണ് ആരാധകരും അണിയറപ്രവർത്തകരും കണക്കുകൂട്ടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകിയിരിക്കുകയാണ് തെലങ്കാന സർക്കാർ.
റിലീസ് ദിവസമായ ജൂൺ 27 മുതൽ എട്ടുദിവസത്തേക്കാണ് (നാലാം തീയതി വരെ) ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുമതിയായിരിക്കുന്നത്. ഈ ദിവസങ്ങളിൽ തെലങ്കാനയിൽ ചിത്രത്തിന് അധിക പ്രദർശനങ്ങളുമുണ്ടാവും. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിന്റെ പകർപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റിലീസ് ദിവസം പുലർച്ചെ അഞ്ചരയ്ക്കാണ് ആദ്യ പ്രദർശനത്തിന് അനുമതി നൽകിയിട്ടുള്ളത്. ജി.എസ്.ടി ഉൾപ്പെടെ 200 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. എട്ടുദിവസം അഞ്ച് ഷോ വീതം കളിക്കാം. സിംഗിൾ സ്ക്രീനുകൾക്ക് 75 രൂപയും മൾട്ടിപ്ലെക്സുകളിൽ 100 രൂപയും അധികം ഈടാക്കാം. ഈ വർധന താത്ക്കാലികമായാണെന്നും ഉത്തരവിൽ പറയുന്നുണ്ട്.
അതേസമയം സർക്കാർ ഉത്തരവിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. എക്സ്ട്രാ ഷോകൾക്ക് സിംഗിൾ സ്ക്രീനുകളിൽ 377 രൂപയും മൾട്ടിപ്ലെക്സുകളിൽ 495 രൂപയും കൊടുക്കേണ്ടിവരുമ്പോൾ സാധാരണ പ്രദർശനങ്ങൾക്ക് ഇവിടങ്ങളിൽ യഥാക്രമം 265, 413 രൂപ എന്ന നിരക്ക് കൊടുക്കേണ്ടിവരുമെന്നാണ് ഭൂരിഭാഗംപേരും അഭിപ്രായപ്പെടുന്നത്.
മാസാവസാനം റിലീസ് ചെയ്യുന്നതിനാൽ ഈ നിരക്ക് താങ്ങാനാവുന്നതല്ലെന്ന് പറയുന്നവരും നിരവധിയാണ്. തെലുങ്ക് സിനിമതന്നെ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഈ നിരക്കിന് ടിക്കറ്റെടുത്ത് സിനിമ കാണാൻ ആരെങ്കിലും വരുമോയെന്നും ചിലർ ചോദിക്കുന്നു. ഈ ചാർജുതന്നെ ആളുകൾ തിയേറ്ററിൽ വരാതെ സിനിമ പരാജയപ്പെടാനുള്ള കാരണമായിത്തീരുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. സിനിമയ്ക്ക് എത്രതന്നെ ഹൈപ്പ് ഉണ്ടായാലും ടിക്കറ്റ് നിരക്ക് താങ്ങാനാവുന്നതായിരിക്കണമെന്നും മറ്റുചില സിനിമാ പ്രേമികൾ അഭിപ്രായപ്പെട്ടു.
ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് ചിത്രം നിർമിക്കുന്നു. ദീപിക പദുകോണാണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. കമൽഹാസനാണ് വില്ലൻ വേഷത്തിൽ. അമിതാഭ് ബച്ചനും വളരെ നിർണായകമായ വേഷത്തിലുണ്ട്. ശോഭന, അന്ന ബെൻ, ദിഷ പഠാണി, പശുപതി തുടങ്ങിയവരും ചിത്രത്തിലുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]