
സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പ് 2024ല്‍ ടീം ഇന്ത്യ സെമിയില്‍ എത്തിയിരിക്കുകയാണ്. സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഓസ്ട്രേലിയയെ 24 റണ്‍സിന് തോല്പിച്ചായിരുന്നു രോഹിത് ശര്‍മ്മയും സംഘവും സെമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിക്ക് ഓസീസിന് ചുട്ട മറുപടി കൊടുക്കാനും ഇതോടെ ടീം ഇന്ത്യക്കായി. ഇത് ഇന്ത്യന്‍ ടീമിന്റെ ലോകകപ്പാണ് എന്നാണ് ഇതോടെ പാകിസ്ഥാന് മുന്‍ പേസര്‍ ഷൊയൈബ് അക്തര്‍ പറയുന്നത്.
‘വെല്‍ ഡണ്‍ ഇന്ത്യ, ഇത് നിങ്ങളുടെ ലോകകപ്പാണ്. ഇന്ത്യന്‍ ടീം ഈ ട്വന്റി 20 ലോകകപ്പ് നേടണം. അതോടെ വിശ്വ കിരീടം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എത്തും. ഇന്ത്യന്‍ ടീം മുമ്പും ടി20 ലോകകപ്പ് നേടിയിട്ടുണ്ട്. ഈ ലോകകപ്പിന് അവകാശികള്‍ നീലപ്പടയാണെന്ന് 100 ശതമാനം തറപ്പിച്ച് പറയാം. എന്റെ പിന്തുണ നിങ്ങള്‍ക്കാണ്. ഓസീസിനെതിരെ രോഹിത് ശര്‍മ്മയുടെ ഉദ്ദേശ്യം മികച്ചതായിരുന്നു. ടി20 ലോകകപ്പ് 2024 ട്രോഫി ഉയര്‍ത്താന്‍ രോഹിത് ശര്‍മ്മ അര്‍ഹനാണ്. ജയിക്കേണ്ടിയിരുന്ന 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ തോറ്റ് മാനസികമായി തകര്‍ന്ന ഇന്ത്യന്‍ ടീമാണ് ഇപ്പോള്‍ ഓസീസിനെതിരെ ആധികാരിക ജയം ടി20 ലോകകപ്പ് 2024ല്‍ നേടിയിരിക്കുന്നത്. ഓസീസിനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ ടീം ആഗ്രഹിച്ചിട്ടുണ്ടാകണം’ എന്നും അക്തര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഓസീസിനെതിരെ ഇന്ത്യ 24 റണ്‍സിന്റെ ത്രില്ലര്‍ ജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത നീലപ്പട നായകന് രോഹിത് ശര്‍മ്മയുടെ കരുത്തില്‍ നിശ്ചിത 20 ഓവറില്‍ 205-5 എന്ന കൂറ്റന്‍ സ്കോറിലെത്തി. രോഹിത് 41 പന്തുകളില്‍ ഏഴ് ഫോറും എട്ട് സിക്സറുകളോടെയും 92 റണ്‍സ് നേടിയാണ് മടങ്ങിയത്. ഓസീസിന്റെ മറുപടി ബാറ്റിംഗ് 20 ഓവറില്‍ 181-7 എന്ന സ്കോറില്‍ അവസാനിച്ചു. 43 പന്തില്‍ 76 റണ്‍സുമായി ട്രാവിസ് ഹെഡ് പോരാടിയെങ്കിലും മൂന്ന് വിക്കറ്റുമായി അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റുമായി കുല്‍ദീപ് യാദവും ഓരോരുത്തരെ പുറത്താക്കി ജസ്പ്രീത് ബുമ്രയും അക്സര്‍ പട്ടേലും ഓസീസ് പ്രതീക്ഷകള്‍ എറിഞ്ഞിട്ടു. 37 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിനെ പുറത്താക്കാന്‍ അക്സര്‍ എടുത്ത ക്യാച്ച് വഴിത്തിരിവായി.
Last Updated Jun 25, 2024, 8:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]