
കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനക്ക് വിജയത്തുടക്കം. കാനഡയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ജൂലിയന്‍ അല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനസും സ്കോര്‍ ചെയ്തപ്പോള്‍ മെസിക്ക് രണ്ട് അവസരങ്ങള്‍ മുതലാക്കാനായില്ല. ആദ്യ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെത്തിയ കാനഡയുടെ പ്രകടനം മോശമില്ലാത്തതായിരുന്നു.
മത്സരം തുടങ്ങിയത് മുതല്‍ ലോക ചാമ്പ്യന്മാരെ ഭയക്കാതെയുള്ള മെയ് വഴക്കത്തോടെയായിരുന്നു കാനഡയുടെ നീക്കങ്ങള്‍. മെസിയും അല്‍വാരസും ഡി മരിയയും ചേര്‍ന്ന് മെനയുന്ന നീക്കങ്ങളെ കൃത്യമായി പ്രതിരോധിക്കുന്നതില്‍ കാനഡ വിജയിച്ചു. ഒമ്പതാം മിനിറ്റില്‍ കാനഡയുടെ കോര്‍ണര്‍ ക്ലിയര്‍ ചെയ്ത് മുന്നേറിയ ഡി മരിയക്ക് ലക്ഷ്യം കാണാനായില്ല. ഡി മരിയ തൊടുത്ത ഷോട്ട് കാനഡ കീപ്പര്‍ സുന്ദരമായി പിടിച്ചെടുത്തു.
Read Also:
യൂറോ ആവേശത്തിനിടെ ആരാധകര്‍ ഏറെ കാത്തിരുന്ന മത്സരമായിരുന്നു അര്‍ജന്റീനയുടേത്. 39-ാം മിനിറ്റില്‍ ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ അലക്സിസ് മാക് അലിസ്റ്ററുടെ ഹെഡര്‍ കനേഡിയന്‍ കീപ്പര്‍ മാക്സിം ക്രപ്യു തട്ടിയകറ്റി. രണ്ട് നിമഷം മാത്രം, 42-ാം മിനിറ്റില്‍ കനേഡിയന്‍ സംഘം അര്‍ജന്റീനിയന്‍ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തി. സ്റ്റീഫാന്‍ എസ്റ്റക്യുവിന്റെ ഹെഡര്‍ ഉഗ്രന്‍ സേവിലൂടെ തട്ടിയകറ്റി അര്‍ജന്റീന കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് രക്ഷകനായി. റീബൗണ്ടില്‍ അല്‍ഫോണ്‍സോ ഡേവിസ് ഷോട്ടുതിര്‍ത്തെങ്കിലും പന്ത് ബാറിന് മുകളിലൂടെ പറന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജൂലിയന്‍ അല്‍വാരസ് അവസരം നഷ്ടപ്പെടുത്തുന്ന കാഴ്ച്ച കണ്ടു.
Read Also:
ഗോള്‍ അകന്ന് നിന്ന ആദ്യ പകുതിയില്‍ നിരാശരായ അര്‍ജന്റീന ആരാധകര്‍ക്ക് സന്തോഷം മടക്കി നല്‍കിയത് അറ്റാക്കറായ മാഞ്ചസ്റ്റര്‍ സിറ്റി താരം ജൂലിയന്‍ അല്‍വാരസ് ആണ്. 49-ാം മിനിറ്റില്‍ മാക് അലിസ്റ്ററുടെ അസിസ്റ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ അല്‍വാരസ് നേടി. രണ്ടാം പകുതിയുടെ 65-ാം മിനിറ്റില്‍ മെസ്സി സുവര്‍ണാവസരം നഷ്ടപ്പെടുത്തി. എമിലിയാനോ നല്കിയ പന്ത് മെസ്സിക്ക് ലഭിക്കുമ്പോള്‍ മുന്നില്‍ കനേഡിയന്‍ ഗോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മെസ്സിയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. റീബൗണ്ട് വന്ന പന്ത് മെസ്സിക്ക് കിട്ടിയെങ്കിലും താരത്തിന്റെ ഷോട്ട് ഓടിയെത്തിയ ഡിഫെന്‍ഡര്‍ തടഞ്ഞു. പിന്നാലെ തിരിച്ചടിക്കാന്‍ കാനഡ മുന്നേറ്റങ്ങള്‍ ശക്തമാക്കി.അതോടെ മത്സരം കടുത്തു. 79-ാം മിനിറ്റില്‍ വീണ്ടും മെസ്സിയ്ക്ക് അവസരം ലഭിച്ചെങ്കിലും ഗോള്‍ അകന്നു നിന്നു. ലൗട്ടാറോ മാര്‍ട്ടിനസ് തൊടുത്ത ഷോട്ടും തട്ടിയകറ്റി കാനഡ കീപ്പര്‍ മികവാര്‍ന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. അങ്ങനെയിരിക്കെ 88-ാം മിനിറ്റില്‍ അര്‍ജന്റീന രണ്ടാം ഗോളും നേടി. മെസ്സിയുടെ മികച്ച അസിസ്റ്റില്‍ ലൗട്ടാറോ മാര്‍ട്ടിനസ് വലകുലുക്കിയതോടെ ലോകചാമ്പ്യന്മാര് ജയത്തോടെ ഗ്രൗണ്ട് വിട്ടു.
Story Highlights : Argentina vs Canada match Copa America tournament
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]