
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്ക് ജോലി ഭാരം കൂട്ടരുതെന്ന് മേലധികാരികൾക്ക് നിർദ്ദേശം നൽകി എഡിജിപി. അനാവശ്യ നിർദ്ദേശങ്ങൾ അയച്ച് പോലീസ് സ്റ്റേഷനുകളിൽ ജോലിഭാരം കൂട്ടരുതെന്ന് ക്രമസമാധാന ചുമതലയുള്ള എ ഡിജിപി എം ആർ അജിത് കുമാർ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിസ്സാര കാര്യങ്ങൾ പോലും കോളം വരച്ച ഷീറ്റുകളിൽ സ്റ്റേഷനുകളിൽ നിന്ന് രേഖപ്പെടുത്തി നൽകാൻ മേലധികാരികൾ നിർദ്ദേശിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. പൊലീസുകാരുടെ അമിത ജോലിഭാരം കൂടി കണക്കിലെടുത്താണ് നിർദ്ദേശം. പൊലീസുകാർക്കിടയിൽ ആത്മഹത്യ പ്രവണത കൂടുന്നതിനെ ചൊല്ലിയുള്ള ചർച്ചകൾക്കിടെയാണ് സുപ്രധാന നിർദ്ദേശമെന്നത് ശ്രദ്ദേയമാണ്.
അതേസമയം വിശ്രമമില്ലാത്ത ജോലിയും മേലുദ്യോഗസ്ഥരുടെ സമ്മർദ്ദവും കാരണം പൊലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 24 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ 5 പൊലീസുകാർ ആത്മഹത്യ ചെയ്തെന്നാണ് പരാതി. പൊലീസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ സഹപ്രവർത്തകരുടെ ആത്മഹത്യ സജീവ ചർച്ചയാണെന്ന് വാർത്തകളിൽ പറയുന്നു. പൊലീസ് സ്റ്റേഷന്റെ ഭരണം സി.ഐ മാർ ഏറ്റെടുത്തതോടെയാണ് പ്രശ്നം രൂക്ഷമായത്. എസ്.ഐ മാർ എസ്.എച്ച്.ഒ മാർ ആയിരുന്നപ്പോൾ പൊലീസുകാരുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കിയാണ് ഡ്യൂട്ടി നിശ്ചയിച്ചിരുന്നതെന്നും പറയുന്നു.
ആത്മഹത്യ ചെയ്ത പൊലീസുകാർ അച്ചടക്ക നടപടിക്ക് വിധേയരായവരാണ്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് അച്ചടക്ക നടപടികൾ എടുക്കുന്നതെന്നും പരാതിയുണ്ട്. വിഴിഞ്ഞം എസ്.ഐ കുരുവിള ജോർജ് , വണ്ടൻമേട് സ്റ്റേഷൻ സി.പി.ഒ എ.ജി. രതീഷ്, കൊച്ചി ഇൻഫോ പാർക്ക് സ്റ്റേഷനിലെ മധു. തൃശൂർ പോലീസ് അക്കാദമിയിലെ എസ്.ഐ ജിമ്മി ജോർജ്, ആലപ്പുഴ സായുധ പൊലീസ് ക്യാമ്പിലെ ഡ്രൈവർ സുധീഷ് എന്നിവരാണ് കഴിഞ്ഞ ആഴ്ചയിൽ ജീവനൊടുക്കിയതെന്ന് പത്രവാർത്തയിൽ പറയുന്നു.
Last Updated Jun 20, 2024, 5:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]