

ട്രെയിനില്‍നിന്ന് തള്ളിയിട്ടു, 20 ആണ്ട് പിന്നിട്ട അതിജീവന യാത്ര അവസാനിച്ചു ; ജീവിതം മാറ്റിമറിച്ച ദുരന്തം സ്വന്തം ആത്മബലത്തിലൂടെ നേരിട്ട സിസ്റ്റര്‍ സെറിൻ മടങ്ങി
സ്വന്തം ലേഖകൻ
തൃശ്ശൂർ : ‘അന്ന് റെയില്‍വേട്രാക്കില്‍ വീണുകിടന്ന എന്നെ തിരികെ ജീവിതത്തിലേക്ക് കയറ്റിവിട്ടത് അപരിചിതനായ ഏതോ മനുഷ്യനായിരുന്നു. ആ നന്മ എനിക്കുള്ള ദൈവാനുഗ്രഹമായിരുന്നു. തിരിച്ച് ഞാനുമൊരു നന്മ ചെയ്യുന്നു. എന്നെ ദ്രോഹിച്ചവരോട് ഞാൻ ക്ഷമിച്ചിരിക്കുന്നു’ – ഒരു കൈയും കാലും നഷ്ടപ്പെട്ടെന്ന യാഥാർഥ്യം അംഗീകരിച്ചുകൊണ്ട് വർഷങ്ങള്‍ക്കു മുൻപ് സിസ്റ്റർ സെറിൻ പറഞ്ഞ വാക്കുകളാണിത്.
തൃശ്ശൂർ വിമല കോളേജിലെ ബോട്ടണി വിഭാഗം അധ്യക്ഷയായിരുന്ന അവരുടേത് ഉറച്ച തീരുമാനമായിരുന്നു. ജീവിതം മാറ്റിമറിച്ച ദുരന്തം സ്വന്തം ആത്മബലത്തിലൂടെ നേരിട്ട സിസ്റ്റർ സെറിന്റെ(66) ഇരുപതാണ്ട് പിന്നിട്ട അതിജീവന യാത്ര അവസാനിച്ചിരിക്കുന്നു. അച്ചടക്കത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ആള്‍രൂപമായി വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും ഓർമകളില്‍ ഇനിയും സിസ്റ്ററുണ്ടാകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2003 മാർച്ച് 19, പൂർത്തിയാക്കിയ ഗവേഷണപ്രബന്ധം സമർപ്പിക്കാനായി തിരുവനന്തപുരത്തേയ്ക്കുള്ള ട്രെയിൻ യാത്രയാണ് സി.എം.സി. നിർമല പ്രോവിൻസിലെ സിസ്റ്റർ സെറിന്റെ ജീവിതതാളം തെറ്റിച്ചത്. ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് രാത്രി 9.50-ന് തൃശ്ശൂരില്‍നിന്ന് പുറപ്പെട്ട ഉടൻ രണ്ട് യുവാക്കള്‍ ലേഡീസ് കമ്ബാർട്ട്മെന്റില്‍ ചാടിക്കയറി.
യാത്രക്കാരികള്‍ ഇവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. അസഭ്യം പറയുകയും ആക്രമിക്കുകയും ഒരു സ്ത്രീയുടെ മാല പൊട്ടിക്കുകയും ചെയ്തു. പുറത്തിറങ്ങാനാവശ്യപ്പെട്ട് വാതിലിനരികിലേയ്ക്ക് ചെന്ന സിസ്റ്റർ സെറിനെയും മറ്റൊരു യാത്രക്കാരിയെയും യുവാക്കള്‍ ഓടുന്ന വണ്ടിയില്‍നിന്ന് തള്ളിയിട്ടു. പുതുക്കാട് തറയിലക്കാട് റെയില്‍വേ ഗേറ്റിനടത്തുവെച്ചായിരുന്നു സംഭവം.
സിസ്റ്റർ സെറിന്റെ ഇടതുകൈ കൈമുട്ടിനു മുകളില്‍ വെച്ച് മുറിച്ചുമാറ്റി. പിന്നീട് കാലും മുറിച്ചുമാറ്റി. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവില്‍ അവർ വൈവയ്ക്ക് ഹാജരായി ഡോക്ടറേറ്റ് നേടി. 2015 വരെ അധ്യാപനജോലിയില്‍ തുടർന്നു. കൃത്രിമക്കാല്‍ ഘടിപ്പിച്ച് മൂന്നാംനിലയിലുള്ള ഡിപ്പാർട്ട്മെന്റിലേയ്ക്ക് നടന്നുകയറി. രാവിലെ എട്ടേകാലിന് ക്ലാസിലെത്തിയാല്‍ വൈകീട്ട് മൂന്നരയ്ക്കേ താഴെയിറങ്ങൂ.
അപകടത്തില്‍ റെയില്‍വേ നല്കിയ ചെറിയ നഷ്ടപരിഹാരം മാത്രമാണവർക്ക് ലഭിച്ചത്. കേസുമായി മുന്നോട്ടുപോകുന്നില്ലെന്ന് എഴുതിനല്‍കി സിസ്റ്റർ സ്വയം പിൻവാങ്ങുകയായിരുന്നു. ഒരാഴ്ച മുൻപും ബോട്ടണിവകുപ്പിന്റെ ഉദ്യാനം പരിപാലിക്കുന്നവരോട് താൻ നട്ടുവളർത്തിയ ചെടികളുടെ ഫോട്ടോ എടുത്തയക്കാൻ സിസ്റ്റർ ആവശ്യപ്പെട്ടിരുന്നു. അതുകണ്ട് ഏറെ സന്തോഷിക്കുകയും ചെയ്തു.
ചേറൂർ സെയ്ന്റ് സേവിയേഴ്സ് മഠാംഗമായ സിസ്റ്ററിനെ മൂന്നു ദിവസം മുൻപാണ് സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹോദരങ്ങള്‍: സൈമണ്‍, സിസ്റ്റർ മെറി, ജോർജ്, ഫാ. ഡേവിസ് മേയ്ക്കാട്ടുകുളം(സാഗർ പ്രോവിൻസ്. ഭോപ്പാല്‍), തോമസ്, പരേതരായ ഫ്രാൻസിസ്, ആന്റണി, വിൻസെന്റ്. സംസ്കാരം വെള്ളിയാഴ്ച കോലഴി സി.എം.സി. ഹോളിട്രിനിറ്റി പ്രൊവിൻഷ്യല്‍ ഹൗസിലെ കല്ലറയില്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]