
ഹെലൻ ആൻ്റനൂച്ചിയെ സംബന്ധിച്ച് പ്രായം വെറുമൊരു നമ്പർ മാത്രമാണ്. മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്നുള്ള ഹെലന് 81 വയസ്സായി. എന്നാൽ, ഇപ്പോഴും ഒരു ട്രെയിൻ ഡ്രൈവറായി ജോലി ചെയ്യുകയാണ് അവർ. മസാച്യുസെറ്റ്സ് ബേ ട്രാൻസ്പോർട്ടേഷൻ അതോറിറ്റി (MBTA) യുടെ ബ്ലൂ ലൈനിലാണ് അവർ ജോലി ചെയ്യുന്നത്. അടുത്തിടെ അവരെ അതോറിറ്റി ആദരിക്കുകയും ചെയ്തു.
1995 മുതൽ 53 വയസ്സുള്ളപ്പോൾ മുതലാണ് ഹെലൻ ട്രെയിനുകൾ ഓടിക്കാൻ തുടങ്ങിയത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ട്രെയിൻ ഡ്രൈവറായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സും ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ഒരു സഹപ്രവർത്തകനാണ് ഗിന്നസ് ബുക്കിലേക്ക് അവൾക്ക് വേണ്ടി അപേക്ഷ നൽകിയത്. ഇത് ഔദ്യോഗികമായി അംഗീകരിക്കുന്നത് വരെ ഹെലൻ പോലും അറിഞ്ഞിരുന്നില്ല.
‘എനിക്ക് ഈ ഗിന്നസ്ബുക്ക് അംഗീകാരത്തെ കുറിച്ചൊന്നും അറിയില്ല. ഞാൻ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് എന്റെ ജോലിക്ക് പോകും. ഇതൊരു മനോഹരമായ യാത്രയാക്കി മാറ്റാൻ എന്നെ പിന്തുണച്ച സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി പറയുന്നു’ എന്നാണ് ഹെലൻ പറഞ്ഞത്. തനിക്ക് അഞ്ച് പെൺമക്കളാണ്. വീട്ടിലെ ബഹളത്തിൽ നിന്നും പുറത്ത് കടക്കാൻ വേണ്ടിയാണ് താനീ ജോലിക്ക് പോയിത്തുടങ്ങിയത് എന്നും ഹെലൻ പറയുന്നു.
ഈസ്റ്റ് ബോസ്റ്റണിലെ അറിയപ്പെടുന്ന ഒരു ഇറ്റാലിയൻ കുടുംബത്തിൽ നിന്നുള്ള ആളാണ് ഹെലൻ. അതിനാലും താൻ തന്റെ ജോലി നന്നായി ചെയ്യുന്നതിനാലും ആരും തന്നോട് മോശമായി പെരുമാറാറില്ല എന്നും അവർ പറയുന്നു. ഇതിനോടകം തന്നെ ട്രെയിൻ ഡ്രൈവറെന്ന നിലയിൽ യാത്രക്കാർക്കും മറ്റുള്ളവർക്കും ഏറെ പരിചിതയായി മാറിക്കഴിഞ്ഞു ഹെലൻ. തന്നോട് അതോറിറ്റി ജോലി നിർത്താൻ ആവശ്യപ്പെടുന്നത് വരെ താൻ ജോലി ചെയ്യും, വിരമിക്കാൻ ഇപ്പോഴൊന്നും പ്ലാനില്ല എന്നും ഹെലൻ പറയുന്നു.
Last Updated Jun 16, 2024, 11:19 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]