
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ കൂടി മാത്രം. ഫൈനല്‍ 5 എത്തിയവരില്‍ നിന്ന് കപ്പ് എടുക്കുന്നത് ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി കപ്പ് ആരെടുത്താലും അത്ഭുതപ്പെടാനില്ല എന്നതാണ് ഈ സീസണിന്റെ പ്രത്യേകത. ഫൈനല്‍ 5 ലെ പ്രധാന മത്സരാര്ഥികളില് ഒരാളാണ് അര്ജുന് ശ്യാം ഗോപന്. സിനിമാ സ്വപ്നവുമായി നടക്കുന്ന അര്ജുന് ബിഗ് ബോസിലെ പെര്‍ഫോമര്‍ കൂടിയായിരുന്നു. വലിയ പ്ലാനിംഗ് ഒന്നുമില്ലാതെ നേരിട്ട് ഗെയിം കളിച്ച് താനായി നിന്നാണ് അര്ജുന് അവസാന അഞ്ചിലേക്ക് എത്തിയത്. മാസ് ഹീറോ പരിവേഷമൊന്നും സൃഷ്ടിക്കാത്ത ഈ മത്സരാര്‍ഥി ടോപ്പ് 5 ലേക്ക് എത്തിയത് ഏതൊക്കെ വഴികളിലൂടെയാണ്? നോക്കാം
വൈ സോ സീരിയസ്
ഈ സീസണ് മത്സരാര്ഥികളില് അധികമാര്‍ക്കും പരിചയമില്ലാത്ത മത്സരാര്‍ഥിയായിരുന്നു അര്ജുന്. ലോഞ്ച് എപ്പിസോഡില്‍ മോഹന്‍ലാലിനൊപ്പം നില്ക്കവ്വെ ഒരു സിനിമാപ്രേമിയെയും മോഹന്‍ലാല്‍ ആരാധകനെയുമൊക്കെയാണ് പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ അവിടെയുണ്ടായ കളിചിരികള്‍ ഹൌസിലേക്ക് എത്തിയ ആദ്യ ദിനങ്ങളില്‍ ഉണ്ടായില്ല. ഗൌരവക്കാരനായ ഒരു മത്സരാര്‍ഥിയെന്ന തോന്നലാണ് ഹൌസില്‍ എത്തിയ സമയത്ത് അര്ജുന് ഉണ്ടാക്കിയത്. ആറടിയിലേറെ പൊക്കമുള്ള, ഈ മോഡല്‍ ആറാം സീസണിന്റെ മുഖങ്ങളില്‍ ഒന്നാവാന്‍ സാധ്യതയുള്ള ആളായിരുന്നു അന്നേ. എന്നാല്‍ ഗുഡ് ലുക്ക്സ് മാത്രം കൊണ്ട് ബിഗ് ബോസില്‍ കാര്യമില്ലല്ലോ. എന്നാല്‍ വെറും ലുക്കില്‍ ഒതുങ്ങാനുള്ള ആളല്ല താനെന്ന് രണ്ടാം ആഴ്ച തന്നെ അര്ജുന് സൂചന തന്നു.
ആറടി പൊക്കക്കാരനിലെ ‘കുട്ടി’
രണ്ടാം ആഴ്ചയില്‍ മോശം പ്രകടനത്തിന്റെ പേരില്‍ പവര്‍ ടീം ജയിലിലേക്ക് അയക്കാന്‍ തെരഞ്ഞെടുത്ത ആള് അര്ജുന് ആയിരുന്നു. അതുവരെ കാണാത്ത അര്‍ജുന്റെ മറ്റൊരു മുഖം പ്രേക്ഷകര്‍ ആദ്യമായി കണ്ടതും അന്നായിരുന്നു. ഫ്രിഡ്ജില്‍ എല്ലാവര്‍ക്കുമായി സൂക്ഷിച്ചിരുന്ന ചില ഭക്ഷണ സാധനങ്ങള്‍ അടിച്ചുമാറ്റി, അതും എല്ലാവരുടയും മുന്നിലൂടെ നടന്ന് കഴിക്കുന്ന അര്‍ജുനെയാണ് അന്ന് കണ്ടത്. ജയിലിലേക്ക് നോമിനേഷന് ലഭിച്ചതിനോടുള്ള അര്‍ജുന്റെ പ്രതികരണമായിരുന്നു അത്. എന്നാല്‍ തമാശ രീതിയിലാണ് അയാള്‍ അത് ചെയ്തത്. ഈ ആറടി പൊക്കക്കാരനിലെ കുട്ടി വെളിപ്പെട്ടതും അന്നാണ്. തന്റെ സ്വഭാവത്തില്‍ പ്രകടമായുള്ള ഈ കുട്ടിത്തം അര്ജുന് ജനപ്രീതി നേടിക്കൊടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ച ഘടകമാണ്. അത് ബിഗ് ബോസിനുവേണ്ടി അയാള്‍ സൃഷ്ടിച്ച ഒരു പ്രതിച്ഛായയും ആയിരുന്നില്ല, മറിച്ച് റിയല്‍ ആയിരുന്നു.
ഒരു പെര്‍ഫോമര്‍ ജനിക്കുന്നു
ഉള്ളില്‍ ഒരു അഭിനേതാവാകണമെന്നും സിനിമയില്‍ ശോഭിക്കണമെന്നുമൊക്കെ കാര്യമായി ആഗ്രഹമുള്ള ആളാണ് അര്ജുന്. അതിന് അയാള്‍ക്ക് ലഭിച്ച ഒന്നാന്തരം അവസരവുമായിരുന്നു ബിഗ് ബോസ്. എന്നാല്‍ ഒരു പൊതുവേദിയില്‍ നില്ക്കുമ്പോള് ലജ്ജയും ഇന്ഹിബിഷനുമൊക്കെ ഉള്ള ആളുമായിരുന്നു അര്ജുന്. ആദ്യമാദ്യം വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ പൊടുന്നനെ ഓരോ പ്രകടനങ്ങള്‍ക്ക് ആവശ്യപ്പെടുമ്പോള്‍ നാണം കുണുങ്ങുന്ന അര്‍ജുനെ പ്രേക്ഷകര്‍ കണ്ടു. എന്നാല്‍ ഒരു ക്ഷണവും അയാള്‍ നിരസിച്ചിരുന്നില്ല. പോകെപ്പോകെ ഇന്ഹിബിഷന്റെ ആ കുപ്പായം അയാള്‍ ഊരിവച്ചു. പിന്നീട് ഉദയം ചെയ്തത് ഈ സീസണിലെ ഏറ്റവും മികച്ച ഒരു പെര്‍ഫോമറും എന്റര്ടെയ്നറും ആയിരുന്നു. ഏറ്റവുമൊടുവില്‍ മറ്റൊരാളായി മാറാനുള്ള ടാസ്കില് മോഹന്‍ലാലിന്റെയും ബിഗ് ബോസിന്റെയുമൊക്കെ കൈയടി നേടിയത് നോറയെ അവതരിപ്പിച്ച അര്ജുന് ആയിരുന്നു. ഇതുള്‍പ്പെടെ പ്രേക്ഷകരെ രസിപ്പിക്കുന്ന പല പെര്‍ഫോമന്‍സുകളും അര്‍ജുന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അതില്‍ നൃത്തവും അഭിനയവും തമാശകളും കൌണ്ടറുകളുമൊക്കെ പെടും.
‘ശ്രീജുന്‍’
ഈ സീസണിലെ ജോഡികളെക്കുറിച്ച് ആലോചിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് എത്തുന്ന രണ്ട് കോംബോ ജബ്രിയും (ജാസ്മിന്- ഗബ്രി) ശ്രീജുനുമാണ് (ശ്രീതു- അര്ജുന്). ബിഗ് ബോസിലെ സ്ത്രീപുരുഷ സൌഹൃദങ്ങള്‍ പലപ്പോഴും പ്രണയമായും സ്ട്രാറ്റജിയായുമൊക്കെ വ്യാഖ്യാനിക്കപ്പെടാറുണ്ട്. ചിലപ്പോള്‍ തങ്ങളുടെ ബന്ധത്തെക്കുറിച്ച് ആ വ്യക്തികള്‍ തന്നെ ആശയക്കുഴപ്പത്തില്‍ ആയിപ്പോവാറുണ്ട്. അത് അവരുടെ പ്രേക്ഷകപ്രീതിയെയും സാരമായി ബാധിക്കാറുണ്ട്. ജബ്രി തന്നെ ഉദാഹരണം. വലിയ സാധ്യതയുള്ള മത്സരാര്‍ഥിയായ ഗബ്രിയുടെ പ്രേക്ഷകപ്രീതിയെ സാരമായി ബാധിച്ചത് ഈ കോമ്പോ ആയിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തരായിരുന്നു ശ്രീജുന്‍. തങ്ങളുടെ ബന്ധത്തെ ആദ്യം തന്നെ കൃത്യമായി ഡിഫൈന്‍ സാധിച്ചതിനാല്‍ ഇവര്‍ പ്രേക്ഷകരില്‍ വലിയ ആശയക്കുഴപ്പമൊന്നും സൃഷ്ടിച്ചില്ല. അവരുടെ ഇന്‍ഡിവിജ്വല്‍ ഗെയിമുകളെയും അത് ബാധിച്ചില്ല. പ്രണയത്തിലാണെന്ന് പ്രേക്ഷകര്‍ കരുതുമെന്ന് ആശങ്കപ്പെട്ടത് ഹൌസിലെ ചില സഹമത്സരാര്‍ഥികള്‍ ആയിരുന്നു.
ഇമോഷണല്‍ മാന്‍
മറ്റുള്ളവര്‍ക്ക് മുന്നില്‍ തങ്ങളുടെ വൈകാരിക തലം പ്രകടിപ്പിക്കുന്നതിന് മടിയില്ലാത്ത മത്സരാര്‍ഥികളായിരുന്നു ഈ സീസണില്‍ പൊതുവെ. അക്കൂട്ടത്തിലാണ് അര്‍ജുനും. അവസാനഘട്ടത്തിലേക്ക് എത്തിയപ്പോള്‍ സഹമത്സരാര്‍ഥികളുടെ എവിക്ഷനില്‍ ഏറ്റവുമധികം കണ്ണീര് പൊഴിച്ച ഒരാള്‍ അര്ജുന് ആയിരുന്നു. സിജോയുടെ എവിക്ഷന് സമയത്ത് അര്ജുന് കരഞ്ഞത് വോട്ട് ലക്ഷ്യമാക്കിയാണെന്ന് ആരോപിച്ചത് എതിരാളികള്‍ മാത്രമായിരുന്നു. അപ്പോഴും ഭൂരിഭാഗം പ്രേക്ഷകരും സഹമത്സരാര്‍ഥികളും അയാളുടെ വൈകാരിക സത്യസന്ധതയെ സംശയിച്ചില്ല. അത് കഴിഞ്ഞ 13 ആഴ്ചകളിലൂടെ അര്ജുന് ഉണ്ടാക്കിയെടുത്ത വിശ്വാസമായിരുന്നു. അടുത്ത സുഹൃത്തായ ശ്രീതുവിനോട് അര്ജുന് പലപ്പോഴും പറഞ്ഞത് നീയായിത്തന്നെ നില്ക്കാന് നിനക്ക് സാധിച്ചു എന്നായിരുന്നു. തന്റെ എല്ലാവിധ സവിശേഷതകളോടെയും താനായിത്തന്നെ നില്ക്കാന് സാധിച്ചു എന്നതായിരുന്നു അര്‍ജുന്റെയും വിജയം.
ഗെയിമര്‍
ഒരു സഹമത്സരാര്‍ഥിയുടെ തീരുമാനത്താല്‍ സീസണ് 6 ലെ ആദ്യ ക്യാപ്റ്റന്‍ ആയിക്കൊണ്ടാണ് അര്‍ജുന്റെ തുടക്കം. ഗെയിമുകളും ടാസ്കുകളുമൊക്കെ മനസിലാക്കിത്തുടങ്ങുന്നതിന് മുന്‍പായിരുന്നു ഇത്. അതിനാല്‍ത്തന്നെ ക്യാപ്റ്റന്‍ സ്ഥാനം വേണ്ടവിധം കൈകാര്യം ചെയ്യാന്‍ അര്ജുന് സാധിച്ചില്ല. എന്നാല്‍ ഗെയിമുകളും ടാസ്കുകളുമൊക്കെ ഏറ്റവും നന്നായി ചെയ്യാന്‍ സാധിച്ച മത്സരാര്‍ഥിയായി അര്ജുന് പിന്നീട് മാറി. ശാരീരികമായി തനിക്കുള്ള പ്രശ്നത്തെക്കുറിച്ച് അര്ജുന് തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ കടുത്ത ഫിസിക്കല്‍ ടാസ്കുകള് വരുമ്പോള്‍പ്പോലും ആ ചിന്ത അയാളെ പിന്തിരിപ്പിച്ചില്ല. സഹമത്സരാര്‍ഥികള്‍ക്ക് മുന്നില്‍ എപ്പോഴും കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് അയാള്‍ നിന്നു. ബിഗ് ബോസ് ഹൌസില്‍ കൃത്യമായി മാറിയ ഗ്രാഫ് ആണ് അര്ജുന്റത്. അവിടെ നിന്ന് ആര്‍ജിക്കാന്‍ സാധിക്കുന്നതൊക്കെ ആര്‍ജിച്ചാണ് ടോപ്പ് 5 ല്‍ അയാള്‍ എത്തിനില്‍ക്കുന്നത്.
ബിഗ് ബോസ് സീസണ് 6 റിവ്യൂസ് വായിക്കാം
Last Updated Jun 16, 2024, 1:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]