
തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമയ്ക്ക് കർശന ഉപാധികളോടെ ജാമ്യം. നെടുമങ്ങാട് അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇരയ്ക്കൊപ്പം നിൽക്കാത്ത വിധിയെന്നായിരുന്നു രാമകൃഷ്ണന്റെ അഭിഭാഷകന്റെ പ്രതികരണം.
ഹൈകോടതി നിർദേശ പ്രകാരം രാവിലെ 11 മണിയോടെയാണ് നെടുമങ്ങാട് എസ്സി എസ്ടി കോടതിയിൽ സസത്യഭാമ കീഴടങ്ങിയത്. അഡ്വക്കേറ്റ് ആളൂർ സത്യഭാമയ്ക്ക് വേണ്ടി ജാമ്യഹർജി ഫയൽ ചെയ്തു. താൻ മനഃപൂർവം അധിക്ഷേപം നടത്തിയിട്ടില്ലെഎന്നായിരുന്നു സത്യഭാമയുടെ വാദം. കറുത്ത കുട്ടിയെന്ന പരാമർശം എങ്ങനെയാണ് എസ്.സി എസ്.ടി വകുപ്പിന്റെ പരിധിയിൽ വരുന്നതെന്നും വടക്കെ ഇന്ത്യയിൽ വെളുത്ത ആളുകളും എസ്.സി,എസ്. ടി വിഭാഗത്തിൽ ഉണ്ടെന്നും അവർ പറഞ്ഞു.
യുട്യൂബ് ചാനലിലെ അധിക്ഷേപ പരാമർശം സത്യഭാമ മാധ്യമങ്ങൾക്ക് മുന്നിൽ വീണ്ടും ആവർത്തിച്ചെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണമെന്നും പ്രോസിക്യൂഷന് പറഞ്ഞു. എന്നാൽ കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപിൽ ഹാജരാകാണം. സമാനകുറ്റ കൃത്യം ആവർത്തിക്കരുത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി. പറഞ്ഞതെല്ലാം തൊഴിലിന്റെ ഭാഗമായി പറഞ്ഞതാണെന്നും ഒരിക്കൽ സത്യം തെളിയുമെന്നും വിധിക്കുശേഷം സത്യഭാമ പ്രതികരിച്ചു.
എന്നാൽ വിധി അംഗീകരിക്കാൻ കഴിയില്ലെന്നും ഇരക്കൊപ്പം നിൽക്കാത്ത കീഴ് വഴക്കം കോടതി ആവർത്തിച്ചു എന്നുമായിരുന്നു രാമകൃഷ്ണന്റെ അഭിഭാഷകൻ സി കെ രാധാകൃഷ്ണൻ പ്രതികരിച്ചത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സത്യഭാമ ആർ എൽ വി രാമകൃഷ്ണന് എതിരെ വിവാദ പരാമർശം നടത്തിയത്.
Last Updated Jun 15, 2024, 9:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]