
കൊച്ചി പശ്ചാത്തലമായ ആക്ഷൻ കോമഡി കഥകൾ മലയാളസിനിമയിൽ പലവുരു വന്നുപോയിരിക്കുന്നു. അക്കൂട്ടത്തിലേക്കുള്ള പുതിയ എൻട്രിയാണ് നാദിർഷ സംവിധാനംചെയ്ത വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി. റാഫിയുടേതാണ് തിരക്കഥ. കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയും അതിനുപിന്നാലെയുള്ള ഒരു പോലീസ് ഓഫീസറുടെ അന്വേഷണവുമാണ് ചിത്രം ആകെത്തുകയിൽ. എങ്കിലും പുതിയ കാലത്തിനനുയോജ്യമായ കഥാസന്ദർഭങ്ങളും ചിത്രത്തിൽ ഇഴചേർത്തിരിക്കുന്നു.
നല്ല വിദ്യാഭ്യാസമുണ്ടെങ്കിലും അതിനനുസരിച്ചുള്ള ജോലിയൊന്നുമില്ലാത്ത, അത്യാവശ്യം തരികിട പരിപാടികൾ കയ്യിലുള്ള ഹൈബി, ഇയാളുടെ കാമുകി ജാനകി, എസ്.ഐ ആനന്ദ് ദാസ് എന്നിവരെ കേന്ദ്രീകരിച്ചാണ് കഥയുടെ പോക്ക്. ഈ കഥാപാത്രങ്ങൾ എങ്ങനെ പരസ്പരം ബന്ധിക്കപ്പെടുന്നുവെന്നും അത് അവരുടെ ജീവിതത്തെ എങ്ങനെ മാറ്റി മറിക്കുന്നു എന്നതുമാണ് സിനിമയെ സജീവമാക്കുന്നത്. ഇതിനിടയിൽ അപ്രതീക്ഷിതമായ ചില കഥാപാത്രങ്ങൾകൂടി വന്നുചേരുന്നതോടെ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി ഒരു ഫൺ റൈഡായി മാറുന്നു.
അടിസ്ഥാന കഥ കേട്ടുപരിചയമുള്ളതാണെങ്കിലും സമകാലീനമായ വിഷയങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. കേരളത്തിലെ തൊഴിലില്ലായ്മ, ഉയർന്ന തുക കൊടുത്താണെങ്കിലും വിദേശത്തേക്ക് ചേക്കേറുന്നതും വിദേശത്തെ ഉന്നത ജീവിത നിലവാരം സ്വപ്നം കാണുന്നതുമായ യുവതീയുവാക്കൾ, ഇതിനെല്ലാമപ്പുറം സമൂഹത്തെ കീഴടക്കുന്ന മയക്കുമരുന്നെന്ന ഭീകര വിപത്തും ഈ ചിത്രത്തിന്റെ പല സന്ദർഭങ്ങളിലായി വന്നുപോകുന്നു. ഒരു തവണ അകപ്പെട്ടാൽ പിന്നീടൊരിക്കലും പുറത്തുവരാനാകാത്ത ചക്രവ്യൂഹമായി മയക്കുമരുന്ന് മാറുന്നതെങ്ങനെയെന്ന് ചിത്രം കാട്ടിത്തരുന്നു.
തിരക്കഥാകൃത്ത് റാഫിയുടെ മകൻ മുബിൻ റാഫിയാണ് ഹൈബിയായെത്തുന്നത്. ആദ്യചിത്രമെന്ന നിലയിൽ നോക്കുകയാണെങ്കിൽ മുബിൻ തന്റെ തുടക്കം മോശമാക്കിയിട്ടില്ല. നായികയായി ദേവിക സഞ്ജയ് ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്നുണ്ട്. ക്രൈം ഡ്രാമ എന്ന രീതിയിൽ മുന്നോട്ടുപോകുമ്പോഴും മറുഭാഗത്തുകൂടി ഇവരുടെ സൗഹൃദവും പ്രണയവും വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി പ്രേക്ഷകർക്കുമുന്നിലെത്തിക്കുന്നുണ്ട്. കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷംതന്നെയാണ് അർജുൻ അശോകന്റെ എസ്.ഐ. ആനന്ദ് ദാസ്. ജൂണിലെ പോലീസ് വേഷത്തിൽ നിന്ന് വ്യത്യസ്തമായി അല്പം സൈക്കോ ലെവലിലാണ് ഈ കഥാപാത്രം. എന്തുകൊണ്ട് ഇയാൾ മയക്കുമരുന്നിനെതിരെ പോരാടുന്നു എന്നതിന് വ്യക്തമായ കാരണം ചിത്രത്തിലുണ്ട്. ഷൈൻ ടോം ചാക്കോ, അശ്വത് ലാൽ, ജോണി ആന്റണി, ബൈജു, ശിവജിത്ത്, റാഫി, സാജു നവോദയ, മാളവിക, സമദ് എന്നിവരും അവരവരുടെ വേഷങ്ങളോട് നീതി പുലർത്തി.
പല കാരണങ്ങൾകൊണ്ടും പലതവണ റിലീസ് മാറ്റിവെച്ച ശേഷമാണ് വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി തിയേറ്ററുകളിലെത്തിയത്. പക്ഷേ ഉർവശീ ശാപം ഉപകാരമായതുപോലെ ഈ റിലീസ് മാറ്റം കൊണ്ട് ലോട്ടറിയടിച്ചത് ഈ ചിത്രത്തിൽ സുപ്രധാനമായൊരു വേഷത്തിലെത്തിയ റിയാസ് ഖാനാണ്. ജലോത്സവം എന്ന ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച ദുബായ് ജോസും, ഈ കഥാപാത്രത്തിന്റെ അടിച്ച് കേറി വാ എന്ന സംഭാഷണവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി നിൽക്കുന്ന കൃത്യസമയത്താണ് താരത്തിന്റെ അതീവ രസകരമായ പുതിയ വേഷം. എന്താണ് വേഷമെന്ന് സ്പോയിലറാകുമെന്നതിനാൽ ഇവിടെ സൂചിപ്പിക്കുന്നില്ല. ദുബായ് ജോസിന്റെ വാക്കുകൾ കടമെടുത്താൽ ശരിക്കും അടിച്ചുകയറിയിട്ടുണ്ട് റിയാസ് ഖാൻ.
അമർ അക്ബർ അന്തോണിയിൽ നിന്ന് വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചിയിലെത്തിനിൽക്കുമ്പോൾ വൈവിധ്യംനിറഞ്ഞ പ്രമേയമുള്ള ചിത്രങ്ങളൊരുക്കുന്നതിന് നാദിർഷ പ്രത്യേകം ശ്രദ്ധചെലുത്തുന്നതായി കാണാം. റിയാസ് ഖാന്റേതുപോലെ അങ്ങിങ്ങ് സർപ്രൈസുകൾ നിറഞ്ഞതാണ് റാഫിയുടെ തിരക്കഥ. ഹെഷാമിന്റെ സംഗീതവിഭാഗവും മികച്ചതായിരുന്നു. അവസാനിക്കുമ്പോൾ ചുണ്ടിൽ ഒരു ചിരി നിറയ്ക്കുന്ന ചിത്രം കാണാൻ താത്പര്യമുണ്ടെങ്കിൽ ഈ കൊച്ചിക്കഥ കാണാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]