
ഷെയ്ൻ നിഗം, ബാബുരാജ്, മഹിമാ നമ്പ്യാർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം ലിറ്റിൽ ഹാർട്ട്സിന് ജിസിസിയിൽ വിലക്ക്. നിർമാതാവ് സാന്ദ്രാ തോമസാണ് ഇക്കാര്യം അറിയിച്ചത്. വളരെ ഖേദത്തോടെയാണ് താനീ വിവരം പങ്കുവെയ്ക്കുന്നതെന്ന് അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ആത്മാവും ഹൃദയവും നൽകി ചെയ്ത സിനിമയാണ് ലിറ്റിൽ ഹാർട്ട്സ് എന്ന് സാന്ദ്രാ തോമസ് ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ പങ്കുവെച്ച വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ചിത്രത്തിന് ജിസിസി രാജ്യങ്ങളിൽ പ്രദർശനമുണ്ടാകില്ലെന്ന് വളരെ ഖേദത്തോടെ അറിയിക്കുന്നു. ഗവൺമെന്റ് ഈ സിനിമയുടെ പ്രദർശനം വിലക്കിയിരിക്കുന്നു എന്ന് സാന്ദ്രാ തോമസ് അറിയിച്ചു.
ഈ സിനിമ ലോകമൊട്ടുക്കും പ്രദർശനത്തിനെത്തിക്കണമെന്ന എന്റെ മോഹത്തിനേറ്റ ഏറ്റവും വലിയ മുറിവാണിത്. പ്രവാസി സുഹൃത്തുക്കളോട് ഞാൻ ക്ഷമ ചോദിക്കുന്നു. നിലവിലെ വിലക്കിനിടയായ കാരണത്തെ തുറന്നുപറയാനാവില്ല. ഒന്നുറപ്പിച്ചോളൂ, ഒരു നിഗൂഢത പുറത്തുവരാനുണ്ട്, കാത്തിരിക്കൂ, ക്ഷമിക്കൂ. ഏഴാം തീയതി തിയേറ്ററിൽ വരിക, ചിത്രം കാണുക, മറ്റുള്ളവരോട് കാണാൻ പറയുക. എല്ലായ്പ്പോഴും കൂടെയുണ്ടായപോലെ ഇനിയും എന്നോടൊപ്പമുണ്ടാവണം. സാന്ദ്രാ തോമസ് കൂട്ടിച്ചേർക്കുന്നു.
മെമ്പർ അശോകൻ എന്ന ചിത്രത്തിനുശേഷം എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ലിറ്റിൽ ഹാർട്ട്സ് സംവിധാനം ചെയ്യുന്നത്. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ സിബിയായി ഷെയ്നും ശോശയായി മഹിമയും എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു.
ഷമ്മി തിലകൻ,ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, ജോൺ കൈപ്പള്ളി , എയ്മ റോസ്മി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. രാജേഷ് പിന്നാടനാണ് തിരക്കഥ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]