
ടർബോ ജോസിനെ വിറപ്പിച്ച്, വില്ലൻ വെട്രിവേൽ ഷൺമുഖസുന്ദരം തിയേറ്ററിൽ ഇടിമുഴക്കം തീർക്കുന്നു. കറുപ്പണിഞ്ഞ്, ഹെലികോപ്റ്ററിൽ പറന്നിറങ്ങി ചുണ്ടത്ത് എരിയുന്ന ബീഡിയുമായി വന്നുകയറുന്ന ടർബോയിലെ കൊടുംകുറ്റവാളി കന്നഡയിലെ സൂപ്പർതാരമാണ്. നടനും സംവിധായകനും തിരക്കഥാകൃത്തുമായ രാജ് ബി. ഷെട്ടിയുടെ മലയാളത്തിലെ കന്നിയങ്കമാണ് മമ്മൂട്ടി ചിത്രം ടർബോ.
കന്നഡ സിനിമയെ ഇന്ന് നയിക്കുന്നത് മൂന്ന് ഷെട്ടിമാരാണ്. രക്ഷിത്, രാജ്, ഋഷഭ്… ഇവരുടെ സിനിമകൾക്ക് കേരളത്തിലും സ്വീകാര്യതയുണ്ട്. ഋഷഭ് ഷെട്ടി ഒരുക്കിയ കിറിക് പാർട്ടി, കാന്താര, രക്ഷിത് ഷെട്ടിയുടെ ഉളിധവരു കണ്ടന്തെ, 777ചാർളി, രാജ് ബി. ഷെട്ടിയുടെ ഒരു മൊട്ടേയ കഥെ, ഗരുഡ ഗമന ഋഷഭ വാഹന, ടോബി എന്നിവയെല്ലാം കൈയടികളോടെയാണ് മലയാളിപ്രേക്ഷകരും കണ്ടത്. കന്നഡസിനിമയും അവിടത്തെ താരങ്ങളും സ്വന്തംദേശത്തിന്റെ അതിരുകൾ മായ്ച്ച് കുതിക്കുകയാണ്. മിഥുൻ മാനുവലിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനംചെയ്ത ‘ടർബോ’യുടെ വിജയത്തിനുപിന്നിൽ രാജ് ബി. ഷെട്ടി അവതരിപ്പിച്ച പ്രതിനായകന്റെ കൈയൊപ്പുകൂടിയുണ്ട്. ടർബോ തിയേറ്ററുകളിൽ ആർപ്പുവിളി തീർക്കുന്ന ആഹ്ലാദം പങ്കുവെച്ചുകൊണ്ടാണ് രാജ് ബി. ഷെട്ടി സംസാരിച്ചുതുടങ്ങിയത്.
മലയാളത്തിലെ അരങ്ങേറ്റത്തെക്കുറിച്ച്…
യാദൃച്ഛികമായാണ് മമ്മൂക്ക ചിത്രത്തിന്റെ ഭാഗമാകുന്നത്. ഞാനഭിനയിച്ച കന്നഡചിത്രം ‘ടോബി’ മൊഴിമാറി മലയാളത്തിൽ പ്രദർശനത്തിനെത്തിയപ്പോൾ, സിനിമയുടെ പ്രചാരണപരിപാടികൾക്കായി കേരളത്തിൽ വന്നിരുന്നു. അന്നാണ് സംവിധായകൻ വൈശാഖ് എന്നെ സമീപിക്കുന്നത്. നായകന്റെ അടിയേറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഒരു സ്ഥിരം വില്ലനെയായിരുന്നില്ല അവർക്കാവശ്യം. ‘സ്ട്രോങ് ആൻഡ് സ്റ്റൈലിഷ്’ എന്നാണ് വില്ലൻ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. കഥയുടെ ഏകദേശരൂപവും പ്രതിനായകന്റെ കരുത്തും പ്രകടനങ്ങളും ഒന്നരമണിക്കൂറെടുത്ത് വിവരിച്ചു. കഥകേട്ടുകഴിഞ്ഞപ്പോൾ നമ്മളിത് എന്നുതുടങ്ങും എന്നാണ് ഞാൻ ചോദിച്ചത്. ചില വേഷങ്ങൾ അപ്രതീക്ഷിതമായാണ് തേടിവരുക, കൂടുതൽ ആലോചിക്കേണ്ടിവരില്ല. മമ്മൂട്ടിക്കമ്പനി ഒരുക്കുന്ന സിനിമ, അദ്ദേഹത്തിന്റെ പ്രതിനായകനായെത്താനുള്ള അവസരം മലയാളത്തിലേക്ക് ഇതിലും നല്ലൊരു കടന്നുവരവ് കിട്ടില്ലെന്ന് ഉറപ്പായിരുന്നു.
പ്രകടനംകൊണ്ടും പെരുമാറ്റംകൊണ്ടും വെട്രിവേൽ ഷൺമുഖസുന്ദരം പ്രേക്ഷകരെ ഞെട്ടിക്കുകയാണല്ലോ…
വെട്രിവേൽ ഷൺമുഖസുന്ദരം ആരാണെന്നും എങ്ങനെ നടക്കണം, ഇരിക്കണം, പെരുമാറണം എന്നെല്ലാം മിഥുൻ മാനുവലും വൈശാഖും ചേർന്ന് പറഞ്ഞുതന്നു. അയാളുടെ വസ്ത്രധാരണവും ഓരോ രംഗങ്ങളിലെ പ്രകടനവുമെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. വെട്രിവേലിന് അയാളുടേതായൊരു സ്റ്റൈലുണ്ടെന്ന് ആദ്യരണ്ടുദിവസം കഴിഞ്ഞപ്പോൾ മനസ്സിലായി. ഹെലികോപ്റ്ററിൽനിന്നിറങ്ങി ബീഡിവലിച്ച് നടക്കും. നിയമത്തെയും സമൂഹത്തെയും ഭയമില്ല. താനാരാണെന്ന ബോധ്യം അയാളിൽ ശക്തമാണ്. നല്ലൊരു ടീമിനൊപ്പം പ്രവർത്തിക്കാൻ പറ്റിയത് കഥാപാത്രത്തിന് ഏറെ ഗുണംചെയ്തിട്ടുണ്ട്. എല്ലാ സംശയങ്ങൾക്കും കൃത്യമായ മറുപടി ലഭിച്ചു. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയാണ് ഓരോ തവണയും ക്യാമറയ്ക്കുമുന്നിൽ നിന്നത്. സിനിമ സ്വീകരിക്കപ്പെട്ടെന്നും വില്ലന്റെ പ്രകടനം പ്രേക്ഷകർ ചർച്ചചെയ്യുന്നെന്നും അറിയുമ്പോൾ വലിയ സന്തോഷം.
സംഘട്ടനമാണ് ടർബോയുടെ ഹൈലൈറ്റ്. ക്ലൈമാക്സിൽ മമ്മൂട്ടിക്കൊപ്പം തകർത്താടി. ചിത്രീകരണവിശേഷങ്ങൾ…
മമ്മൂക്കയുടെ എതിരാളി എന്നതുതന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ക്ലൈമാക്സിലെ സംഘട്ടനമെല്ലാം ഏറെ ആവേശത്തോടെയാണ് അഭിനയിച്ചത്. പതിനഞ്ചുദിവസത്തോളമുണ്ടായിരുന്നു ചിത്രീകരണം. മലയാളസിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫി അതിശയിപ്പിക്കുന്നതാണ്. സംഘട്ടനരംഗങ്ങളിലെല്ലാം മമ്മൂക്കയെ കൂടുതൽ ആവേശത്തോടെയാണ് കണ്ടത്. ഒപ്പമഭിനയിക്കുന്നവരുടെ ചെറിയ കാര്യങ്ങൾപോലും അദ്ദേഹം ശ്രദ്ധിച്ചു. ക്ലൈമാക്സിലെ ഒരു രംഗത്തിൽ ഞാൻ വീഴുന്നുണ്ട്. അപകടസാധ്യതയുള്ള രംഗമാണെന്നു മനസ്സിലാക്കിയാകണം അങ്ങനെ അഭിനയിക്കുന്നതിൽ ഏതെങ്കിലും തരത്തിൽ പ്രയാസമുണ്ടോയെന്ന് മമ്മൂക്ക പലതവണ ചോദിച്ചു. ചിത്രീകരണത്തിന്റെ തൊട്ടുമുമ്പ് എന്നെ അടുത്തേക്കു വിളിച്ച് ആരെങ്കിലും നിർബന്ധിച്ചതുകൊണ്ടാണോ ഈ രംഗം ചെയ്യാമെന്നേറ്റത് എന്ന് വീണ്ടും അന്വേഷിച്ചു.
വെട്രിവേൽ ഷൺമുഖസുന്ദരം മലയാളവും തമിഴും ഇടകലർത്തിയാണ് സംസാരിക്കുന്നത്. അത് എന്നെ സംബന്ധിച്ചിടത്തോളം പ്രയാസമായ കാര്യമായിരുന്നു. തമിഴ് എനിക്ക് തീരെ അറിയില്ല. മലയാളം കുറച്ചറിയാമെങ്കിലും മമ്മൂക്കയ്ക്കു മുന്നിൽ എന്റെ മലയാളം പുറത്തെടുക്കാൻ മടിയായിരുന്നു. കാരണം തിരുവനന്തപുരം, കൊച്ചി, കാസർകോട് തുടങ്ങി പല മലയാളം അദ്ദേഹം സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെ ഒരാൾക്കുമുന്നിൽ തപ്പിത്തടഞ്ഞ് മലയാളം പറയുന്ന കാര്യം ആലോചിക്കാനേ പറ്റിയില്ല.
പക്ഷേ, ആദ്യ സീൻ തുടങ്ങുന്നതിനുമുമ്പുതന്നെ ഭാഷ എനിക്ക് പ്രയാസമാണെന്ന് അറിയാമെന്നും എന്തു സംശയമുണ്ടെങ്കിലും ചോദിച്ചുമനസ്സിലാക്കി സമയമെടുത്ത് ചെയ്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു. അതെല്ലാം എനിക്ക് നൽകിയ ഊർജം വളരെ വലുതാണ്. 25 ദിവസം ഞാൻ ടർബോ സിനിമയുടെ ഭാഗമായി. കൊച്ചിയിലും ചെന്നൈയിലും കോയമ്പത്തൂരുമെല്ലാമായിരുന്നു ചിത്രീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]