
പ്രഭാത വാർത്തകൾ
2024 | മെയ് 31 | വെള്ളി | ഇടവം 17
ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ടുനിന്ന ലോക് സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണത്തിന് ഇന്നലെ കൊടിയിറങ്ങി. നാളെ നടക്കുന്ന അവസാന ഘട്ട പോളിംഗില്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ്, യു പി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങള്‍ വിധിയെഴുതും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസസിയടക്കമുള്ള മണ്ഡലങ്ങലാണ് നാളെ വിധി കുറിക്കുക. ജൂണ്‍ നാല് ചൊവ്വാഴ്ച രാജ്യം ആര് ഭരിക്കുമെന്ന് അറിയാം.
പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനത്തില്‍. നിശ്ചയിച്ചതിനേക്കാള്‍ ഒരു മണിക്കൂര്‍ വൈകി തിരുവനന്തപുരത്ത് വിമാനമിറങ്ങിയ മോദി രണ്ട് ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാണ് കന്യാകുമാരിയില്‍ എത്തിയത്. ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിന് ശേഷം ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ അദ്ദേഹം ബോട്ട് മാര്‍ഗം വിവേകാനന്ദ പാറയിലെത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ വരവോടെ കന്യാകുമാരിയില്‍ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമുണ്ട്. പൊതു തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെ ഉച്ചകഴിഞ്ഞ് അദ്ദേഹം കന്യാകുമാരിയില്‍ നിന്ന് മടങ്ങും.
പൊതുഭാഷണത്തിന്റെ അന്തസ്സ് ഇല്ലാതാക്കിയ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ഒരു പ്രധാനമന്ത്രിയും ഇത്രയും വിദ്വേഷജനകവും പാര്‍ലമെന്ററി വിരുദ്ധവുമായ പരാര്‍മര്‍ശങ്ങള്‍ നടത്തിയിട്ടില്ല. പഞ്ചാബിലെ വോട്ടര്‍മാര്‍ക്ക് മന്മോഹന് സിങ് എഴുതിയ കത്തിലാണ് മോദിക്കെതിരയുള്ള പരാമര്‍ശങ്ങള്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഭാഗീയത നിറഞ്ഞ തീവ്ര വിദ്വേഷ പ്രസംഗമാണ് മോദി നടത്തിയതെന്നും കത്തിലുണ്ട്.
രാജ്യത്തൊട്ടാകം ഏറെ കോളിളക്കം സൃഷ്ടിച്ച ലൈംഗികാതിക്രമ കേസിലെ പ്രതിയായ പ്രജ്വല്‍ രേവണ്ണ ഇന്ത്യയില്‍ തിരികെ എത്തിയതിനു പിന്നാലെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിനും വിവാദത്തിനും പിന്നാലെ രാജ്യം വിട്ട പ്രജ്വല്‍, രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ജര്‍മനിയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. പ്രജ്വല്‍ വിമാനമിറങ്ങുന്നത് കാത്തുന്നിന്ന എസ് ഐ ടി സംഘമടക്കമുള്ള വന്‍ പൊലീസ് സംഘമാണ് ബെംഗളുരു വിമാനത്താവളത്തില്‍ വച്ചു തന്നെ കസ്റ്റഡിയിലെടുത്തത്.
കേരളത്തില്‍ കാലവര്‍ഷത്തിന് പിന്നാലെ ചക്രവാത ചുഴിയും. ഈ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അറിയിപ്പുണ്ട്.
വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ എക്സാലോജിക് സൊല്യൂഷന് കമ്പനിയുമായി ബന്ധമില്ലെന്ന് ദുബായിലെ കമ്പനി. എക്സാലോജിക് കണ്‍സള്‍ട്ടിങ് കമ്പനിയാണ് വിശദീകരണവുമായി രംഗത്ത് എത്തിയത്. എസ്.എന്‍.സി ലാവ്ലിന്, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കമ്പനിയുമായും ഇതുവരെ ബിസിനസ് ഇല്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. പേ റോളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വീണ, സുനീഷ് എന്നീ രണ്ടു പേരും ഇല്ലെന്നും ഇന്ത്യയില്‍ ബിസിനസുള്ളത് ബെംഗളൂരുവിലാണെന്നും കമ്പനി വിശദീകരിക്കുന്നു.
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയുടെ പേര് എക്സാലോജിക് സൊല്യൂഷന്‍സ് എന്നും ദുബായ് കമ്പനിയുടെ പേര് എക്സാലോജിക് കണ്‍സള്‍ട്ടിംഗ് എന്നുമാണെന്ന് തോമസ് ഐസക്. രണ്ടു കമ്പനിയും വ്യത്യസ്തമാണെന്നും മലയാളികളുടെ ഉടമസ്ഥതയിലുള്ള ആ കമ്പനിക്ക് രാഷ്ട്രീയബന്ധമില്ലെന്നും ഷോണ്‍ ജോര്‍ജ് മെനഞ്ഞത് കള്ളക്കഥയാണെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.
തോമസ് ഐസക് പറഞ്ഞ കമ്പനിയപ്പറ്റിയല്ല തന്റെ ആരോപണമെന്ന് ഷോണ്‍ ജോര്‍ജ്. ആരോപണമുന്നയിച്ചത് വീണ വിജയന്റെ കമ്പനിയുടെ അബുദാബിയിലെ അക്കൗണ്ടിനെക്കുറിച്ചു തന്നെയാണ്. മാനനഷ്ടക്കേസ് നല്കാന് എന്തുകൊണ്ടാണ് വീണ തയാറാകാത്തത്. തന്റെ പേരില്‍ അക്കൗണ്ടില്ലെന്ന് വീണ പറയാത്തത് എന്താണെന്നും ഷോണ്‍ ചോദിച്ചു.
വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്കിയ ഹര്‍ജികളിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഉപഹര്‍ജിയില്‍ കോടതി ഇടപെട്ടില്ല. അന്വേഷണം അവസാനിച്ച ശേഷം പരാതിയുണ്ടെങ്കില്‍ വീണ്ടും ഹര്‍ജിയുമായി കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എക്സാലോജിക് കമ്പനിയുടെ പേരില്‍ അബുദാബി കമേഷ്യല്‍ ബാങ്കിലുള്ള അക്കൗണ്ട് സംബന്ധിച്ച് അന്വേഷണം വേണമെന്ന ഉപഹര്‍ജിയിലെ നടപടി അടക്കമാണ് കോടതി അവസാനിപ്പിച്ചത്.
ബാങ്കോക്കില്‍ നിന്ന് എത്തിയ ഇന്ത്യന്‍ പൗരനെ സ്വീകരിക്കാനാണ് തരൂരിന്റെ പിഎ ശിവപ്രസാദ് എത്തിയതെന്ന് കസ്റ്റംസ്. ഇയാളില്‍ നിന്ന് സ്വര്‍ണ്ണ ചെയിനാണ് കണ്ടെടുത്തതെന്നും 35.22 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണ്ണമാണെന്നും കസ്റ്റംസ് പറഞ്ഞു. എംപിക്കുള്ള പ്രത്യേക പാസ് ഉപയോഗിച്ച് കള്ളക്കടത്തില്‍ സഹായിക്കാനാണ് പിഎ എത്തിയതെന്നും കസ്റ്റംസ് പറയുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പിഎ ശിവകുമാര്‍ പ്രസാദും കൂട്ടാളിയെയുമാണ് ദില്ലി വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ശശി തരൂരിന്റെ പിഎയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ആവശ്യമെങ്കില്‍ ശിവകുമാറിനെ വീണ്ടും വിളിപ്പിക്കും. യുപി സ്വദേശിയാണ് സ്വര്‍ണ്ണം കൊണ്ടുവന്നത് അതിനാല്‍ ഇയാളെ മാത്രം പ്രതിയാക്കിയാണ് നിലവില്‍ കേസെടുത്തത്.
ശശി തരൂരിന്റെ പിഎ സ്വര്‍ണ്ണക്കടത്തിന് അറസ്റ്റിലായ സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സംഭവത്തില്‍ തരൂരിന്റെ വിശദീകരണം തൃപ്തികരമല്ല. വിമാനത്താവളത്തില്‍ തന്നെ സഹായിക്കാന്‍ വേണ്ടി നിയോഗിച്ചിരുന്നയാളാണ് അറസ്റ്റിലായ ശിവകുമാര്‍ പ്രസാദ് എന്നാണ് എംപി പറയുന്നത്. വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തുന്ന ഇയാള്‍ ശശി തരൂരിനെ എങ്ങനെയാണ് സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം എന്ന് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു .
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. വളരെ ഗൗരവമുള്ള വിഷയമാണിതെന്നും വിഷയത്തില്‍ വിശദമായി ചര്‍ച്ച നടത്തിയെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ പറഞ്ഞ കണക്കുകള്‍ ശരിയല്ലെന്ന് ബോധ്യപ്പെടുത്തി. പൊളിടെക്നിക്ക് ഐടിഐ സീറ്റുകള്‍ ഉണ്ടെന്ന് പറയുന്നത് ശരിയല്ല. കുട്ടികള്‍ കഷ്ടപ്പാടിലാണ്. കുറവുള്ള സീറ്റുകളുടെ വിവരം വിശദമായി തയ്യാറാക്കി കണക്ക് സഹിതം സര്‍ക്കാരിന് നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കടലില്‍ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെ കോഴിക്കോട് സൗത്ത് ബീച്ചില്‍ എട്ട് പേര്‍ക്ക് ഇടിമിന്നലേറ്റു. എല്ലാവരെയും ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിന്നലേറ്റവരില്‍ ഒരാള്‍ മത്സ്യം വാങ്ങാനെത്തിയ ആളും ബാക്കിയുള്ളവര്‍ മത്സ്യത്തൊഴിലാളികളുമാണ്.
ലണ്ടനില്‍ മലയാളി പെണ്‍കുട്ടി ലിസ മരിയക്കും മറ്റു നാല് പേര്‍ക്കും നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടില്‍ വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ മരിയ. ഇന്നലെ രാത്രി അച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടന്‍ ഹക്നിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കവെയാണ് വെടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണ്. ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. വെടിയേറ്റ മറ്റ് നാല് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.
വടകരയിലെ കാഫിര്‍ പ്രയോഗത്തില്‍ മുന്‍ എംഎല്‍എ കെ കെ ലതികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വടകര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് ലതികയുടെ മൊഴി രേഖപ്പെടുത്തിയത്. കാഫിര്‍ പ്രയോഗമുള്ള വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് ലതിക ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കെ കെ ലതികയുടെ വീട്ടിലെത്തിയത്.
വടകരയില്‍ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച കാഫിര്‍ പ്രയോഗത്തില്‍ യുഡിഎഫ് കോടതിയെ സമീപിക്കുമെന്ന് കെ മുരളീധരന്. കുറ്റക്കാരെ കണ്ടെത്താന്‍ കോടതി ഇടപെടണം. വോട്ടെണ്ണലിന് ശേഷം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും മുരളീധരന് പറഞ്ഞു.
എകെജി സെന്റര്‍ ആക്രമണക്കേസില്‍ കുറ്റപത്രം അംഗീകരിച്ച് കോടതി. പ്രതികള്‍ ജൂണ്‍ 13 ന് ഹാജരാകാന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷന്‍ മജിസ്ട്രറ്റ് കോടതി ഉത്തരവിട്ടു . ആക്രമണത്തിന് കാരണം കോണ്‍ഗ്രസ് ഓഫീസ് അക്രമിച്ചതിന്റെ പ്രതികാരമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2022 ജൂണ്‍ 30 ന് അര്‍ദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ പടക്കമേറുണ്ടായത്.
സംസ്ഥാനത്ത് ഈ മാസം ഒന്നാം തിയതിയും നാലാം തിയതിയും സമ്പൂര്‍ണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതര്‍. ഒന്നാം തിയതി സ്ഥിരം ഡ്രൈ ഡേ ആയതിനാലും നാലാം തിയതി ലോക് സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആയതിനാലുമാണ് സമ്പൂര്‍ണ മദ്യ നിരോധനമുള്ളത്.
സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ശക്തമായി നടപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങളിലെ കലണ്ടര്‍ പ്രകാരമുള്ള എല്ലാ പരിപാടികളും സമയബന്ധിതമായി നടപ്പാക്കും.ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം എക്സൈസ് വകുപ്പ് ആണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ തയ്യാറാക്കിയത്.
കേരള ഹൈക്കോടതി ജഡ്ജി മേരി ജോസഫിന്റെ ഇന്നത്തെ യാത്രയയപ്പ് ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന് ചീഫ് ജസ്റ്റിസീന് കത്ത് നല്കി. പരമ്പരാഗത യാത്രയയപ്പ് ഒഴിവാക്കി ചടങ്ങ് നടത്താനുളള തീരുമാനത്തില്‍ പ്രതിഷേധിച്ചാണിത്. ജസ്റ്റിസ് മേരി ജോസഫിന്റെ ആവശ്യ പ്രകാരമാണ് തീരുമാനമെന്ന് ഹൈക്കോടതിയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. വിരമിക്കുന്ന ജഡ്ജിക്ക് ബാറിലെ അഭിഭാഷകരെ വിശ്വാസമില്ലാത്തത് കൊണ്ടാണ് സ്വകാര്യ ചടങ്ങാക്കിയതെന്നും അഭിഭാഷക സംഘടന കുറ്റപ്പെടുത്തുന്നു.
മലദ്വാരത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് ക്യാബിന് ക്രൂ പിടിയില്‍. കൊല്‍ക്കത്ത സ്വദേശി സുരഭി കാത്തൂണാണ് 960 ഗ്രാം സ്വര്‍ണവുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടിയിലായത്. മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതില്‍ ക്യാബിന് ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണ് ഇതെന്ന് ഡിആര്‍ഐ പ്രതികരിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ ഇനി മുതല്‍ മരുന്നും സൗന്ദര്യ വര്‍ധക വസ്തുക്കളും ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനമിറക്കി. 1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രത്തിന്റെ ഉത്തരവ്. ഇതോടെ മരുന്നും സൗന്ദര്യ വര്‍ധക വസ്തുക്കളും ഇറക്കുമതി ചെയ്യാന്‍ അനുതി ലഭിക്കുന്ന രാജ്യത്തെ 11 വിമാനത്താവളങ്ങളിലൊന്നായി സിയാല്‍ മാറി.
ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ വളാഞ്ചേരി എസ് ഐ ബിന്ദുലാലിനെ അറസ്റ്റ് ചെയ്തു. ഇടനിലക്കാരനായ വളാഞ്ചേരി സ്വദേശി അസൈനാരെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി വളാഞ്ചേരി എസ് എച്ച് ഒ സുനില്‍ ദാസ് ഒളിവിലാണ്.ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥര്‍ പണം തട്ടിയെന്നാണ് ക്വാറി ഉടമയുടെ പരാതി.
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ യുവതി പ്രസവിച്ച സാഹചര്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്ത ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇന്നലെ തൃശൂരില്‍ നിന്ന് തൊട്ടില്‍പ്പാലത്തേക്ക് പോയ ടേക്ക് ഓവര്‍ സര്‍വ്വീസില്‍ തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. അടിയന്തരമായി യുവതിയെ അടുത്തുള്ള അമല ആശുപത്രിയില്‍ എത്തിച്ച് ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുകയായിരുന്നു.
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ പ്രസവിച്ച യുവതിയുടെയും കുഞ്ഞിന്റെയും തുടര്‍ ചികിത്സ സൗജന്യമാക്കി അമല ആശുപത്രി . അങ്കമാലിയില്‍ നിന്നും തൊട്ടില് പാലത്തിന് പോവുകയായിരുന്ന കെഎസ്ആര്‍ടി ബസില്‍ തിരുനാവായ സ്വദേശിനിയായ 36കാരിയാണ് ഇന്നലെ പ്രസവിച്ചത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ സമ്മാനം യുവതിയ്ക്ക് കൈമാറി.
ലോക്സഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന് എം മുകേഷ് എംഎല്‍എ. തെരഞ്ഞെടുപ്പ് ഫലം എതിരായാല്‍ എംഎല്‍എ സ്ഥാനത്ത് തുടരും. സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുമെന്ന പ്രചാരണം ചിന്തയില്‍ പോലുമില്ലെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും മുകേഷ് പറഞ്ഞു.
മാലിന്യം നിറച്ച ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിട്ട് ഉത്തര കൊറിയ. 260 ഓളം മാലിന്യം നിറച്ച ബലൂണുകളാണ് ഉത്തര കൊറിയ പറത്തി വിട്ടത്. കാറ്റിന്റെ ഗതിയില്‍ ഈ ബലൂണുകളെല്ലാം ദക്ഷിണ കൊറിയയില്‍ വീണെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ജനങ്ങളോട് വീടിന് പുറത്ത് ഇറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍. നിലത്ത് വീണുകിടക്കുന്ന വെള്ള ബലൂണുകളും അവയില്‍ ഘടിപ്പിച്ച പ്ലാസ്റ്റിക് മാലിന്യ ബാഗുകളിലും യാതൊരു കാരണവശാലും തൊടരുതെന്നും സൈന്യവും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. മാലിന്യത്തില്‍ ഹാനികരമായതോ ലഘുലേഖകളോ എന്തെങ്കിലും അടങ്ങിയിട്ടുണ്ടോയെന്ന സൂക്ഷ്മ പരിശോധന നടത്തുകയാണ് ദക്ഷിണ കൊറിയ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]