
രക്തം ദാനം ചെയ്യുക എന്നാൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ നമ്മൾ കൂടി കാരണക്കാരാവുക എന്നാണ് അർത്ഥം. അത് നന്നായി അറിയുന്ന ആളാണ് മഹാരാഷ്ട്രയിൽ നിന്നുള്ള രവീന്ദ്ര അഷ്ടേക്കർ.
അപൂർവങ്ങളിൽ അപൂർവമായ ബോംബെ രക്തഗ്രൂപ്പിലുള്ള ഒരു 30 -കാരിയുടെ ജീവൻ രക്ഷിക്കാൻ മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ നിന്നും രവീന്ദ്ര സഞ്ചരിച്ചത് 400 കിലോമീറ്ററാണ്. മധ്യപ്രദേശിലേക്ക് കാറിലായിരുന്നു യുവാവിന്റെ യാത്ര. ഷിർദിയിൽ പൂക്കച്ചവടം നടത്തുന്ന 36 -കാരനായ രവീന്ദ്ര മെയ് 25 -ന് മധ്യപ്രദേശിലെ ഇൻഡോറിൽ എത്തി യുവതിക്ക് രക്തം നൽകുകയായിരുന്നു. രക്തം സ്വീകരിച്ച ശേഷം യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു എന്നും റിപ്പോർട്ടുകൾ പറയുന്നു.
‘രക്തദാനം നടത്തുന്നവരുടെ ഒരു വാട്ട്സാപ്പ് ഗ്രൂപ്പിലാണ് യുവതി ഗുരുതരാവസ്ഥയിലാണ് എന്ന് ഞാനറിഞ്ഞത്. ഒരു സുഹൃത്തിന്റെ കാറിൽ ഞാൻ ഇൻഡോറിലേക്ക് പുറപ്പെട്ടു. 440 കിലോമീറ്ററായിരുന്നു യാത്ര. ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നതിൽ വലിയ സന്തോഷം തോന്നി’ എന്നാണ് രവീന്ദ്ര പറയുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇതുപോലെ ആവശ്യക്കാരായ അനേകം രോഗികൾക്ക് വേണ്ടി താൻ മഹാരാഷ്ട്ര വിട്ട് പോയിട്ടുണ്ട് എന്നും ഗുജറാത്ത്, ഉത്തർ പ്രദേശ് തുടങ്ങി പലയിടങ്ങളിലും താൻ രോഗികൾക്ക് രക്തം നൽകി എന്നും യുവാവ് പറയുന്നു.
‘മറ്റൊരു ആശുപത്രിയിൽ വച്ച് യുവതിക്ക് അബദ്ധത്തിൽ ‘ഒ’ പോസിറ്റീവ് ഗ്രൂപ്പ് രക്തം നൽകി, അതോടെ യുവതിയുടെ അവസ്ഥ ഗുരുതരമായി, കിഡ്നിയേയും അത് ബാധിച്ചു’ എന്ന് മഹാരാജ യശ്വന്തറാവു ആശുപത്രിയിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോ. അശോക് യാദവ് പറയുന്നു.
‘ആരോഗ്യനില വഷളായതിനെ തുടർന്ന് ഇൻഡോറിലെ റോബർട്ട്സ് നഴ്സിംഗ് ഹോമിലേക്ക് യുവതിയെ എത്തിച്ചപ്പോൾ അവളുടെ ഹീമോഗ്ലോബിൻ്റെ അളവ് ഡെസിലിറ്ററിന് 4 ഗ്രാമായി കുറഞ്ഞിരുന്നു. നാല് യൂണിറ്റ് ബോംബെ രക്തം കയറ്റിയതോടെ യുവതിയുടെ അവസ്ഥ മെച്ചപ്പെട്ടു’ എന്നും അദ്ദേഹം പറഞ്ഞു.
അപൂർവങ്ങളിൽ അപൂർവമായ രക്തഗ്രൂപ്പാണ് ബോംബെ രക്തഗ്രൂപ്പ്. 1952 -ൽ മുംബയിൽ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്.
(ചിത്രം പ്രതീകാത്മകം)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated May 30, 2024, 2:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]