

First Published May 29, 2024, 1:02 PM IST
കടുത്തവേനലില്‍ നിന്ന് ആഴ്ചയൊന്ന് കഴിഞ്ഞപ്പോൾ, മേഘവിസ്ഫോടനത്തിന് സമാനമായ കാലാവസ്ഥയിലേക്കാണ് കേരളത്തിന്റെ പ്രകൃതി അടിമുടി മാറിയത്. കാലാവസ്ഥാ വ്യതിയാനം (Climate change), ഇടവപ്പാതിയെ പെരുമഴക്കാലമാക്കി. അതെ, കരയില്‍ മാത്രമല്ല. ആകാശത്തും പ്രശ്നങ്ങള്‍ ഏറുകയാണെന്ന് മുന്നറിയിപ്പുകള്‍. ആകാശ യാത്രകള്‍ കൂടുതല്‍ അപകടകരമാവുന്നു. മെയ് 21 ന് ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പറന്നുയർന്ന സിംഗപ്പൂർ എയർലൈൻസ് വിമാനം (Boeing 777-300ER) ആകാശച്ചുഴിയിൽ പെട്ടപ്പോൾ പൊലിഞ്ഞത് ഒരു ജീവൻ. ഗുരുതരമായ പരിക്കേറ്റത് നിരവധി പേർക്ക്. അടുത്ത കാലത്തായി ആകാശത്ത് ‘കാണാ ചുഴി’കളുടെ എണ്ണം കൂടിവരികയാണ്. ഇനിയും കൂടുമെന്നാണ് വിദഗ്ധ നിരീക്ഷണം. കാരണം കാലാവസ്ഥ വ്യതിയാനം തന്നെ. പ്രശ്നപരിഹാരവും എളുപ്പമല്ല.
എന്താണ് ആകാശച്ചുഴി
വായു പ്രക്ഷുബ്ധത (Air Turbulence), എയർ പോക്കറ്റ് (Air Pocket) അങ്ങനെ പലതാണീ പ്രതിഭാസത്തിന് പേര്. ചുറ്റുമുള്ള വായുവിൽ നിന്ന്, മുന്നറിയിപ്പുകളില്ലാതെ അസാധാരണമായി വ്യത്യസ്തമായ ദിശയിലേക്കുള്ള മറ്റൊരു വായു പ്രവാഹം. അതാണ് ‘വായു പ്രക്ഷുബ്ധത’ (Air Turbulence). കനത്ത കാറ്റ്, കൊടുങ്കാറ്റിന്റെ മേഘങ്ങളിലെ വായുപ്രവാഹം, മലനിരകളിൽ നിന്ന് പറന്നുയരുന്ന വായുപ്രവാഹം, ഭൂമിക്ക് ചുറ്റുമുള്ള ജെറ്റ് സ്ട്രീം (Jet Streams) എന്ന പ്രവാഹത്തിനെ അടിസ്ഥാനമാക്കി രൂപപ്പെടുന്നവ… ഇങ്ങനെ പല തരത്തിലാണ് വായു പ്രക്ഷുബ്ധത രൂപപ്പെടുന്നത്. ഇതില്‍ തന്നെ ഇടിമിന്നൽ മേഘങ്ങളെ ചുറ്റിയുള്ള വായുപ്രവാഹമാണ് ഏറ്റവും അപകടകരം. മേഘങ്ങളില്ലാതെ രൂപപ്പെടുന്ന വായുപ്രവാഹമാണ് ‘തെളിഞ്ഞ വായു പ്രക്ഷുബ്ധത’ (Clear Air Turbulence – CAT). ആകാശത്ത് മേഘങ്ങളില്ല. അതുകൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് കാണാനുമാവില്ല.
ഇതിലേതാണ് സിംഗപ്പൂർ വിമാനത്തെ ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. വിമാനം കടന്ന് പോകുമ്പോൾ ഒരു കൊടുങ്കാറ്റ് സമീപത്ത് ഉരുണ്ടു കൂടിയിരുന്നു. അതാകാം ചിലപ്പോൾ കാരണം. അതല്ലെങ്കിൽ തെളിഞ്ഞ വായു പ്രക്ഷുബ്ധത (CAT) ആണ് കാരണം. തെളിഞ്ഞ വായു പ്രക്ഷുബ്ധത പ്രത്യക്ഷപ്പെടുന്നത് അപ്രതീക്ഷിതമായിട്ടാണ്. പെട്ടെന്നെത്തുന്ന കടുത്ത ചുഴി. പ്രവചനാധീതം.
ആകാശച്ചുഴി അഥവാ വായു പ്രക്ഷുബ്ധത സാധാരണമാണ്. 2009 മുതൽ 2018 വരെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. യാത്രക്കാര്‍ക്ക് പരിക്കുകൾ പറ്റാറുമുണ്ട്. പക്ഷേ, ജീവനെടുക്കുന്നത് അപൂർവം. സാധാരണ വിമാനങ്ങൾ ഇത്തരം മേഘച്ചുഴികളെ പ്രതിരോധിച്ച് നിൽക്കാൻ തക്കവണ്ണമാണ് നിർമ്മിച്ചിരിക്കുന്നത്. വിമാനങ്ങള്‍ പറന്നുയരും മുമ്പ് കിട്ടുന്ന വിവരങ്ങളിൽ നിന്ന് സാധാരണ ആകാശച്ചുഴികളെ കുറിച്ച് പൈലറ്റുമാർക്ക് അറിയാൻ കഴിയും. കാലാവസ്ഥാ ഡാറ്റ (Meteorological Data) അടക്കം ലഭിക്കും. പിന്നെ തുടർച്ചയായ നിരീക്ഷണം വഴി – അനുഭവ പരിചയം, മറ്റ് വിമാനങ്ങളുണ്ടെങ്കിൽ അതിലെ പൈലറ്റുമാരുമായുള്ള ആശയ വിനിമയം വഴി. പക്ഷേ, തെളിഞ്ഞ വായു പ്രക്ഷുബ്ധതയെ ഇതുപോലെ തിരിച്ചറിയാൻ മാർഗമില്ല. അതേസമയം ആകാശച്ചുഴിയുടെ ആഘാതം ഓരോ സീറ്റിലും ഓരോ യാത്രക്കാരനിലും വ്യത്യസ്തമായിരിക്കും. വിമാനങ്ങളുടെ ചിറകിന് മുന്നിലെ സീറ്റിലായിരിക്കും ആഘാതം ഏറ്റവും കുറവ്.
അപകടമേഖല
ചില പ്രദേശങ്ങള്‍ ആകാശച്ചുഴികൾ കൂടുതലുള്ള സ്ഥലങ്ങളാണ്. ഉദാഹരണത്തിന് തെക്കൻ അറ്റ്ലാന്റിക്, ബേ ഓഫ് ബംഗാൾ, ഏറ്റവും ഒടുവിലായി നോർത്ത് അറ്റ്ലാന്റിക്. കാലാവസ്ഥാ വ്യതിയാനം (Climate change), ആകാശ ചുഴികളുടെ എണ്ണം കൂടാൻ കാരണമാകുന്നു എന്ന് നേരത്തെ തന്നെ മുന്നറിയിപ്പുകളുണ്ട്. വടക്കൻ അറ്റ്ലാന്റിക്കിൽ 1979 -നും 2020 -നും ഇടയിൽ 55 ശതമാനം ആകാശചുഴികള് കൂടിയെന്ന് പഠനങ്ങൾ പറയുന്നു. വിഷവാതകങ്ങളുടെ പുറന്തള്ളലിൽ നിന്നുണ്ടാകുന്ന ചൂട് വായു, ആകാശത്തിലെ വായുപ്രവാഹങ്ങളുടെ വേഗം കൂട്ടുന്നു. ചൂട് വായുവിൽ കൂടുതൽ ജലാംശം ഉണ്ടാവും, ഇത് കാറ്റ് കനക്കാൻ കാരണമാകും. പിന്നാലെ മഴയ്ക്കും. ഇതോടെ വായു പ്രക്ഷുബ്ധത കൂടുതൽ ശക്തമാകും. ഇടിമിന്നൽ മേഘങ്ങളിലും കാറ്റ് ശക്തമായിരിക്കും. ഹിരോഷിമയുടെ മുകളില്‍ പതിച്ച ആറ്റംബോംബിന്റെ 10 മടങ്ങ് ഊർജ്ജമുണ്ടാകും ഇവയുടെ ഉള്ളിൽ. ഇത്തരം ശക്തമായ ഊർജ്ജപ്രവാഹങ്ങളുടെ മുന്നയിപ്പുകള്‍ നേരത്തെ തന്നെ ലഭിക്കും.
തെളിഞ്ഞ വായു പ്രക്ഷുബ്ധതയുടെ (CAT) അപകടം റഡാറുകളിൽ കിട്ടില്ല എന്നതാണ്. മുന്നറിയിപ്പ് ഇല്ലാത്തത് കൊണ്ട് എളുപ്പമല്ല ഇവയെ കടന്നുപോകാൻ. എന്നാൽ, ലിഡാർ ലൈറ്റ് ഡിറ്റക്ടിംഗ് ആന്റ് റേഞ്ചിംഗ് (lidar Light Detection and Ranging) എന്ന സാങ്കേതിക വിദ്യ തെളിഞ്ഞ വായു പ്രക്ഷുബ്ധതയെ കണ്ടെത്താൻ സഹായിക്കുമെന്നാണ് വിദഗ്ധ പക്ഷം.
മെയ് 21 ന് സിംഗപ്പൂർ എയർലൈൻസിന്റെ അപകടത്തിൽപ്പെട്ട ബോയിംഗ് 777-300ഇആർ വിമാനം ഏതാണ്ട് 10 മണിക്കൂര്‍ പറന്ന് മ്യാൻമറിലെ ഐരാവഡി തടത്തിന് മുകളിലൂടെ 37,000 അടി ഉയരത്തില്‍ പറക്കുകയായിരുന്നു. സിംഗപ്പൂര്‍ സമയം ഉച്ചകഴിഞ്ഞ് 3.49. യാത്രക്കാര്‍ ഉച്ചഭക്ഷണത്തിനായി തയ്യാറെടുക്കുന്ന സമയം. പെട്ടന്നാണ് പൈലറ്റ്, മെഡിക്കല്‍ എമർജന്‍സി പ്രഖ്യാപിച്ചത്. പിന്നാലെ 62 സെക്കന്റ് നീണ്ട് നിന്ന ശക്തമായ ആകാശച്ചുഴിയിലേക്ക് വിമാനം വീണു. പിന്നാലെ അതിവേഗത്തില്‍ താഴേക്ക്, 31,000 അടിയിലേക്ക് . മിനിറ്റുകള്‍ക്കുള്ളില്‍ നിയന്ത്രണം ഏറ്റെടുത്ത് അടിയന്തര ലാന്റിംഗ് നടത്തിയപ്പോഴേക്കും ഒരു യാത്രക്കാരന്റെ ജീവന് നഷ്ടമായി. പരിക്കേറ്റ് ആശുപത്രിയിലായ 43 പേരിൽ 22 പേർക്ക് നട്ടെല്ലിനാണ് പരിക്ക്. ആറുപേർക്ക് തലയോട്ടിക്കും തലച്ചോറിനും പരിക്കേറ്റു. കൂട്ടത്തിലൊരു രണ്ട് വയസുകാരിയുമുണ്ട്. 211 യാത്രക്കാരും 18 ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. പറന്നുകൊണ്ടിരിക്കെ പെട്ടെന്നാണ് വിമാനം താഴേക്ക് പോയത്. സീറ്റ് ബെൽറ്റ് ഇടാതെ ഇരുന്നവർ ഉയർന്ന് പൊങ്ങിയെന്ന് റിപ്പോർട്ട്. മുകളിൽ തലയിടിച്ചാണ് ചിലര്‍ക്ക് പരിക്ക്. വിമാനം ബാങ്കോക്കിൽ സുരക്ഷിതമായി ഇറക്കാൻ കഴിഞ്ഞത് കൊണ്ട് വലിയ ദുരന്തം ഒഴിവായി.
പക്ഷേ, കഴിഞ്ഞില്ല. കാലാവസ്ഥാ വ്യതിയാനം മൂലം വിമാനങ്ങൾ ആകാശചുഴിയില്‍ വീണുള്ള ഇത്തരം അപകടങ്ങള്‍ കൂടുകയേയുള്ളൂ എന്ന മുന്നറിയിപ്പ് നിലനില്ക്കുന്നു. യാത്രക്കാർക്ക് ചെയ്യാനുള്ളത് ഫ്ലൈറ്റ് ജീവനക്കാർ പറയുന്നത് അനുസരിക്കുക എന്നത് മാത്രമാണ്. യാത്രയിലായിരിക്കുമ്പോള്‍ എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കുക. ഭാരമുള്ള വസ്തുക്കൾ യാത്രാവേളയില്‍ കൈയിൽ വയ്ക്കാതിരിക്കുക.
Last Updated May 29, 2024, 7:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]