
ദില്ലി:ലോക്സഭാ തെരഞ്ഞെടുപ്പിൻറെ പ്രചാരണം അവസാനിക്കാനിരിക്കെ ഹരിയാനയിലും പഞ്ചാബിലും കിട്ടുന്ന സൂചനകളുടെ ആവേശത്തിലാണ് കോൺഗ്രസ്. പാർട്ടി എൺപതിലധികം സീറ്റു നേടുമെന്ന് ഉറപ്പാണെന്ന് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നു. 2014ൽ 44. 2019ൽ 52. രണ്ടു തവണയും പ്രതിപക്ഷ നേതൃസ്ഥാനം പോലും കിട്ടാത്ത കോൺഗ്രസ് ഇത്തവണ വലിയ പ്രതീക്ഷയിലാണ്. എൺപതിനും നൂറിനും ഇടയ്ക്ക് സീറ്റ് കിട്ടും എന്നാണ് കോൺഗ്രസിൻറെ പ്രതീക്ഷ. കേരളത്തിലും കർണ്ണാടകയിലും തെലങ്കാനയിലും തമിഴ്നാട്ടിലുമായി 50 സീറ്റാണ് പാർട്ടി കണക്കുകൂട്ടുന്നത്. ഹരിയാനയിൽ നിന്ന് കിട്ടുന്ന സൂചനകൾ അനകൂലമാണെന്നും ആറോ ഏഴോ സീറ്റുകൾ പാർട്ടി നേടുമെന്നും നേതാക്കൾ അവകാശപ്പെടുന്നു.
കഴിഞ്ഞ തവണ 9 സീറ്റുകൾ നേടിയ പഞ്ചാബിലും എഎപിയെക്കാൾ കൂടുതൽ സീറ്റ് കോൺഗ്രസിനായിരിക്കും എന്നാണ് പാർട്ടി കണക്കു കൂട്ടുന്നത്. രാജസ്ഥാൻ, ബീഹാർ, ദില്ലി, യുപി, മഹാരാഷ്ട്ര എന്നിവടങ്ങളിലും കോൺഗ്രസ് നേട്ടം പ്രതീക്ഷിക്കുന്നു. പഞ്ചാബിലെ നാലു മണ്ഡലങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായെത്തി പ്രാദേശിക നേതാക്കളെ കണ്ടു. തുടക്കത്തിൽ അയോധ്യ ഉണ്ടാക്കിയ ബിജെപി അനുകൂല അന്തരീക്ഷം മറികടന്നാണ് കോൺഗ്രസ് പ്രചാരണത്തിലേക്ക് തിരിച്ചെത്തിയത്. ആദായനികുതി വകുപ്പ് അക്കൗണ്ട് മരവിപ്പിച്ചത് ഉൾപ്പടെയുള്ള വെല്ലുവിളി നേരിട്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പ്രചാരണത്തിന്റെ അജണ്ട ബിജെപിക്ക് വിട്ടു നല്കാതിരിക്കാൻ കഴിഞ്ഞു എന്ന കോൺഗ്രസ് വിലയിരുത്തൽ വിദഗ്ധരും പങ്കുവയ്ക്കുകയാണ്
ഹരിയാനയിലും രാജസ്ഥാനിലും കോൺഗ്രസ് പ്രതീക്ഷിക്കുന്ന നേട്ടമുണ്ടായാൽ കുറയുന്നത് ബിജെപിയുടെ സംഖ്യയാകും. എന്തായാലും രണ്ടു മാസം മുമ്പ് പലരും എഴുതി തള്ളിയ പാർട്ടി ഇന്ന് സാധ്യത ചർച്ചകളിലെങ്കിലും സജീവമായി നില്ക്കുന്നതിൻറെ അവേശത്തിലാണ് കോൺഗ്രസ് നേതൃത്വം.
Last Updated May 28, 2024, 1:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]