
വനംവകുപ്പിന്റെ വ്യാജ പരാതിയില്‍ ട്വന്റിഫോര്‍ അതിരപ്പിള്ളി റിപ്പോർട്ടർക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല. വനംമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ട ശേഷം പൊലീസ് കേസെടുത്തതിൽ ദുരൂഹതയുണ്ടെന്നെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണം. സംസ്ഥാനത്ത് സമാനമായ കേസുകൾ വർധിക്കുന്നു. വനം വകുപ്പിന്റെ വീഴ്ച ചിത്രീകരിക്കാൻ ശ്രമിച്ചതിനാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചിരുന്നു. പൊലീസിന്റെ നികൃഷ്ടമായ നടപടിയാണെന്നും മാധ്യമപ്രവർത്തകരോട് ഭീകരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രചാരണം നടത്തുന്നവരാണ് അധികാരത്തിലുള്ളത്. എന്നാൽ ഇവർ മാധ്യമപ്രവർത്തകർക്ക് നേരെ സ്വീകരിക്കുന്നത് കാടൻ സമീപനമാണ്. റൂബിനെതിരായ നടപടി തെറ്റായിപ്പോയെന്നും യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തനം ഭരണഘടന അധിഷ്ഠിതമാണ്. മാധ്യമപ്രവർത്തകർക്കെതിരായ നടപടി ജനാധിപത്യത്തിന് ചേർന്നതല്ല. മാധ്യമപ്രവർത്തകരെ വേട്ടയാടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇതുപോലെയുള്ള സംഭവങ്ങൾ കേരളത്തിൽ അടുത്തകാലത്താണ് സംഭവിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
അതിനിടെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദനത്തിനിരയായെന്ന് അതിരപ്പിള്ളി ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ റൂബിന് ലാല്‍ വെളിപ്പെടുത്തി. ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെയാണ് രാത്രിയോടെ തന്നെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. രാത്രി മുതല്‍ നേരം വെളുക്കും വരെ അടിവസ്ത്രത്തില്‍ നിര്‍ത്തി. അതിരപ്പിള്ളി സിഐ വച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യവാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തു. കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലുമെന്നാണ് സിഐ ഭീഷണിപ്പെടുത്തിയതയെന്നും റൂബിന് പറഞ്ഞു. റൂബിന് ലാലിനെ കോടതിയില്‍ ഹാജരാക്കി.
ഇന്നലെ രാവിലെയാണ് അതിരപ്പള്ളിയില്‍ വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാന്‍ റൂബിന് ലാല്‍ എത്തിയത്. എന്നാല്‍ ഇതിനിടെ റൂബിനോടുള്ള മുന്‍വൈരാഗ്യമൂലം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. അതിരപ്പള്ളി ട്വന്റിഫോര്‍ ഒബിടി അംഗമാണ് റൂബിന് ലാല്‍. ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന വനംമന്ത്രി എകെ ശശീന്ദ്രന്റെ ഉത്തരവിനെ മറികടക്കാന്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയുമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിനെ സമീപിച്ചത്. പിന്നാലെ ഇന്നലെ അര്‍ധരാത്രിയോടെ റൂബിനെതിരെ നടപടിയെടുക്കുകയായിരുന്നു.
സിസിഎഫിന്റെ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ റൂബിനെ അറസ്റ്റ് ചെയ്തതെന്തിനാണെന്ന് വനംമന്ത്രി എകെ ശശീന്ദ്രന് പ്രതികരിച്ചു. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും വനംമന്ത്രി വ്യക്തമാക്കി.
Story Highlights : Ramesh Chennithala reacts Twentyfour Athirapilly reporter arrest
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]