
ചാരുംമൂട്: റോഡ് പണി പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ച സമയം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും കുലുക്കമില്ലാതെ കരാറുകാരനും ഉദ്യോഗസ്ഥരും. താമരക്കുളം ഗ്രാമപഞ്ചായത്തിൽ വേടരപ്ലാവ് സ്കൂൾ ജംഗ്ഷൻ – പണയിൽ മർത്തോമ്മപ്പള്ളി റോഡാണ് നിർമ്മാണ കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാകാതെ ജനങ്ങൾക്ക് ദുരിതമായി മാറിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് കിലോമീറ്ററിലധികം വരുന്ന റോഡ് നിര്‍മ്മാണം കഴിഞ്ഞ ഡിസംബർ 31 നുള്ളിൽ പൂർത്തിക്കണമെന്നായിരുന്നു കരാർ.
കലുങ്കുകൾ പണിത ശേഷം റോഡിൽ മെറ്റൽ നിരത്തി ഗ്രാവലിട്ട് ഉറപ്പിക്കുന്ന ജോലി വരെയാണ് ഇപ്പോൾ നടന്നിട്ടുള്ളത്. എന്നാൽ നിർമ്മാണത്തിലെ അപാകതയും യഥാസമയം ടാറിംഗ് നടക്കാത്തതും മൂലം മെറ്റൽ മുഴുവൻ ഇളകി കുഴികൾ രൂപപ്പെട്ട് കാൽ നടക്കാർക്ക് പോലും യാത്ര ചെയ്യാനാവാതെ അവസ്ഥയാണ് നിലവില്‍. രണ്ടു വർഷത്തോളമായി ഈ ദുരിതം പേറുകയാണെന്ന് നാട്ടുകാർ പറയുന്നു.
ചത്തിയറ പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ താമരക്കുളത്ത് നിന്നും വള്ളികുന്നം, ചൂനാട്, ഓച്ചിറ, പാവുമ്പ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ആശ്രയിക്കുന്ന റോഡ് കൂടിയാണ് തകർന്നു കിടക്കുന്നത്. പാലം വഴി പോകേണ്ടവർക്കും ദുരിതയാത്രയാണ്. റോഡ് നിർമ്മാണം മുടങ്ങിയതിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങളും നടന്നിരുന്നു.
റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യവുമായി ഗ്രാമപഞ്ചായത്ത് രണ്ട് മാസം മുമ്പ് കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് മെയ് 31 ന് മുമ്പായി റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് കരാറുകാരനായ റെജു കെ പോളിനും നടത്തിപ്പിന്റെ ചുമതലയുള്ള കേരള സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസി ഉദ്യോഗസ്ഥർക്കും ഹൈക്കോടതി നിർദ്ദേശം നൽകിയത്.
കോടതി നൽകിയ സമയപരിധി പൂർത്തിയാകാൻ അഞ്ച് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയോ സാധന സാമഗ്രികൾ എത്തിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ നാട്ടുകാർക്കുള്ള പ്രതീക്ഷ നഷ്ടപ്പെടുകയാണ്. കോടതിയുടെ ഇടപെടലിലും പ്രശ്ന പരിഹാരമാവാതെ വന്നാൽ ജനങ്ങളുടെ ദുരിതയാത്ര ഇനിയും നീണ്ടുപോകാനാണ് സാധ്യത.
Last Updated May 27, 2024, 11:39 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]