
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീറിനെ ക്ഷണിക്കാന്‍ ബിസിസിഐ. ടി20 ലോകകപ്പിനുശേഷം സ്ഥാനമൊഴിയുന്ന രാഹുല്‍ ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീറിനെ ബിസിസിഐ ഗൗരവപൂര്‍വം പരിഗണിക്കുന്നതെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററായ ഗംഭീറിനെ കോച്ചാവാന്‍ താല്പര്യമുണ്ടോ എന്നറിയാന്‍ ബന്ധപ്പെട്ടുവെന്നും ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ കഴിഞ്ഞാല്‍ തുടര്‍ചര്‍ച്ചകളുണ്ടാകുമെന്നും ക്രിക് ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 26നാണ് ഐപിഎല്‍ ഫൈനല്‍ നടക്കുന്നത്. പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി കൊല്‍ക്കത്ത പ്ലേ ഓഫിന് യോഗ്യത നേടിയിട്ടുണ്ട്. 27വരെയാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ഇന്ത്യ ടി20 ലോകകപ്പില്‍ കിരീടം നേടിയാലും പരിശീലക സ്ഥാനത്ത് തുടരാൻ ആഗ്രഹമില്ലെന്ന് രാഹുല്‍ ദ്രാവിഡ് ബിസിസിഐയെ അറിയിച്ചിരുന്നു. മുന്‍ ഓസ്ട്രേലിയിന്‍ നായകന് റിക്കി പോണ്ടിംഗ്, ന്യൂസിലന്‍ഡ് നായകനും ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകനുമായ സ്റ്റീഫന്‍ ഫ്ലെമിംഗ് എന്നിവരെയും ബിസിസിഐ കോച്ചാവാന്‍ സമീപിച്ചിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ തുടര്‍ച്ചയായി പരമ്പരകള്‍ കളിക്കുന്ന ടീമിനൊപ്പം വര്‍ഷത്തില്‍ 10 മാസമെങ്കിലും ഉണ്ടാവേണ്ടതിനാല്‍ ഇരുവരും വിസമ്മതിച്ചുവെന്നാണഅ സൂചന. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനാണ് പോണ്ടിംഗ് ഇപ്പോള്‍. 42കാരനായ ഗംഭീറിന് പരിശീലകനായി പരിചയസമ്പത്തില്ലെങ്കിലും നായകനെന്ന നിലയില്‍ കൊല്‍ക്കത്തയെ രണ്ട് തവണ ചാമ്പ്യന്മാരാക്കിയതിന്റെ മികവുണ്ട്. 2022, 2023 സീസണുകളില്‍ ഗംഭീര്‍ മെന്ററായിരുന്നു ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പ്ലേ ഓഫിലെത്തിയിരുന്നു. ഈ സീസണില്‍ കൊല്‍ക്കത്തയുടെ മെന്ററായി എത്തിയപ്പോഴും അവരെ പ്ലേ ഓഫിലെത്തിച്ചു.
ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരമായ വിരാട് കോലിയുമായുള്ള മോശം ബന്ധവും ഇത്തവണ ഐപിഎല്ലിനിടെ ഗംഭീര്‍ പരിഹരിച്ചിരുന്നു. ബിജെപി എംപി കൂടിയായിരുന്ന ഗംഭീര്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ധോണിക്ക് കീഴില്‍ 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയി ഇന്ത്യന്‍ ടീമിലും അംഗമായിരുന്ന ഗംഭീര്‍ ഫൈനലിലെ ടോപ് സ്കോററുമായിരുന്നു. 2011 മുതല്‍ 2017വരെ ഐപിഎല്ലില്‍ കൊല്‍ക്കത്തയെ നയിച്ച ഗംഭീര്‍ അഞ്ച് തവണ അവരെ പ്ലേ ഓഫിലെത്തിക്കുകയും രണ്ട് കിരീടങ്ങള്‍ നേടക്കൊടുക്കുകയും ചെയ്തിരുന്നു.
Last Updated May 17, 2024, 8:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]