
ഈ വർഷം മലയാളത്തിലിറങ്ങുന്നവയിൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി നായകനാവുന്ന ടർബോ. മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി വൈശാഖ് സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ട്രെയിലറിനൊപ്പമുള്ള ഗാനത്തേക്കുറിച്ചുള്ള ഒരു രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് സംഗീത സംവിധായകനായ ക്രിസ്റ്റോ സേവ്യർ.
വമ്പൻ ആക്ഷൻ രംഗങ്ങളും മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കുംകൊണ്ട് സമ്പന്നമായിരുന്നു ടർബോയുടെ ട്രെയിലർ. ഭ്രമയുഗത്തിന് ശേഷം ക്രിസ്റ്റോ സേവ്യർ സംഗീതവും പശ്ചാത്തലസംഗീതവുമൊരുക്കിയ ചിത്രമാണ് ടർബോ. മാസ് രംഗങ്ങൾക്കൊപ്പം ട്രെയിലർ കൂടുതൽ പ്രേക്ഷകശ്രദ്ധയാകർഷിക്കാൻ കാരണമായ മറ്റൊരു ഘടകമാണ് ഇതിന്റെ അവസാനഭാഗത്തെ രംഗത്തിൽ വരുന്ന ഒരു ഗാനം. ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട യുവതാരം അർജുൻ അശോകനാണ്.
ക്രിസ്റ്റോ സേവ്യർ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ വിവരം പുറത്തുവിട്ടത്. ട്രെയിലറിൽ കേൾക്കുന്ന അതേ ഭാഗം അർജുൻ അശോകൻ സ്റ്റുഡിയോയിൽ പാടുന്ന വീഡിയോയും ക്രിസ്റ്റോ പങ്കുവെച്ചിട്ടുണ്ട്. സംഗീതസംവിധായകനേയും വീഡിയോയിൽ കാണാം. സിംഗർ അർജുൻ അശോകൻ എന്ന തലവാചകത്തോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോക്ക് നന്ദിയറിയിച്ച് അർജുൻ കമന്റ് ചെയ്തിട്ടുമുണ്ട്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടർബോ’. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]