
ചെന്നൈ: ഐപിഎല്‍ 2024 സീസണില്‍ രാജസ്ഥാന് റോയല്‍സിന് എതിരായ മത്സരത്തിന് മുമ്പ് നിഗൂഢ അറിയിപ്പുമായി ചെന്നൈ സൂപ്പർ കിംഗ്സ്. മത്സരം കഴിഞ്ഞയുടനെ എല്ലാ ആരാധകരും സ്റ്റേഡിയം വിട്ട് പോകരുത് എന്നാണ് സിഎസ്കെ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇതോടെ എം എസ് ധോണിയെ സംബന്ധിച്ച എന്തോ അറിയിപ്പാണ് വരാനിരിക്കുന്നത് എന്ന് സംശയം പ്രകടിപ്പിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ.
സിഎസ്കെ ഐപിഎല്‍ 2024 സീസണിലെ പ്ലേ ഓഫിന് യോഗ്യത നേടിയില്ലെങ്കില്‍ ഒരുപക്ഷേ ‘തല’ എം എസ് ധോണിയുടെ ചെപ്പോക്കിലെ അവസാന ഹോം മത്സരമാകും ഇന്നത്തേത് എന്ന് അനുമാനങ്ങളുണ്ട്. ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇതെന്ന് പലരും കരുതുന്നതിനാലാണിത്. ഇന്നത്തെ മത്സരത്തിന് ശേഷം ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടാകും എന്ന് ചിലർ സിഎസ്കെയുടെ ട്വീറ്റിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തി. അതേസമയം ധോണി വരും സീസണിലും കളിക്കും എന്ന അറിയിപ്പാകും രാജസ്ഥാന് റോയല്‍സിന് എതിരായ മത്സരത്തിന് ശേഷം വരിക എന്ന് കണക്കുകൂട്ടുന്ന ആരാധകരെയും കാണാം. എന്തായാലും ചെന്നൈ-രാജസ്ഥാന് മത്സരം നിമിഷങ്ങളെണ്ണി തള്ളിനീക്കുകയാണ് സിഎസ്കെ ആരാധകർ. ധോണിയുമായി ബന്ധപ്പെട്ടല്ലാതെ, മറ്റെന്തിലും പരിപാടിക്കായാണോ ആരാധകരോട് സ്റ്റേഡിയത്തില്‍ തുടരാന്‍ ചെന്നൈ ടീം ആവശ്യപ്പെട്ടത് എന്ന് വ്യക്തമല്ല.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ കൂട്ടത്തില്‍പ്പെടുന്ന എം എസ് ധോണിക്ക് നായകനെന്ന നിലയില്‍ സിഎസ്കെയ്ക്കൊപ്പം അഞ്ച് കിരീടങ്ങളുണ്ട്. 2008ലെ ആദ്യ ഐപിഎല്‍ സീസണ് മുതല്‍ സിഎസ്കെയ്ക്കായി 262 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണിക്ക് 5218 റണ്‍സ് സമ്പാദ്യമായുണ്ട്. 24 അർധസെഞ്ചുറികളോടെ 39 ബാറ്റിംഗ് ശരാശരിയിലാണ് തല ഇത്രയും റണ്‍സടിച്ചത്. 42 വയസുകാരനായ ധോണി വരുന്ന ഐപിഎല്‍ സീസണില്‍ കളിക്കുമോ എന്ന് വ്യക്തമല്ല. ധോണി ഇനിയും ടീമില്‍ തുടരണം എന്നാണ് ഭൂരിഭാഗം ആരാധരുടെയും ആഗ്രഹം.
Last Updated May 12, 2024, 5:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]