
മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിനെതിരെ ഉയർന്ന കോപ്പിയടി ആരോപണങ്ങളോട് പ്രതികരിച്ച് സംവിധായകൻ ഡിജോ ജോസ് ആന്റണി. മോഷ്ടിച്ച് സിനിമ ചെയ്യുന്നയാളല്ല താനെന്ന് അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നല്ല സിനിമകൾ ചെയ്യണമെന്നാഗ്രഹിച്ച് ഇൻഡസ്ട്രിയിലേക്ക് വന്നയാളാണ്. ഇപ്പോളുയർന്നുകേൾക്കുന്ന ആരോപണങ്ങളിൽ വിഷമമുണ്ടെന്നും ഡിജോ പറഞ്ഞു.
ഈ പ്രശ്നം നടക്കുമ്പോൾ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ബഹ്റൈനിലായിരുന്നുവെന്ന് ഡിജോ ജോസ് വ്യക്തമാക്കി. എന്തുകൊണ്ട് ഇത്രയും കാലതാമസമെടുത്തു എന്നതിനു മറുപടിയാണിത്. പിന്നീട് ബി. ഉണ്ണിക്കൃഷ്ണൻ ഉൾപ്പെടെ ഫെഫ്കയിലെ ഓരോരുത്തരെയും വിളിച്ച് ചോദിച്ചിട്ടാണ് വാർത്താസമ്മേളനം നടത്താമെന്ന് തീരുമാനിച്ചതെന്ന്. ഒരുപാട് വിഷമമുണ്ട്. ഫെഫ്ക എന്ന സംഘടനയോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും ഡിജോ പറഞ്ഞു.
സിനിമ റിലീസ് ചെയ്ത ആദ്യദിനംമുതലേ സിനിമയെ താഴ്ത്തിക്കെട്ടാൻ ശ്രമം നടക്കുന്നതായി ഡിജോ പറഞ്ഞു. ‘‘എന്റെ കയ്യിൽ എല്ലാ വിവരങ്ങളുമുണ്ട്. ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് പോലും ഇടാൻ സാധിക്കുന്നില്ല. റിലീസ് ചെയ്ത ആദ്യദിനം മുതൽ ഡീഗ്രേഡിങ് നേരിടുകയാണ്. നല്ല സിനിമകൾ ചെയ്യണമെന്ന ആഗ്രഹത്തോടെ ഇൻഡസ്ട്രിയിൽ വന്നവരാണ്. ഇപ്പോൾ ആറു കൊല്ലമായി. കട്ടിട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്. സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച് വന്നയാളാണ്. ആദ്യ സിനിമ കോപ്പി, ജനഗണമന കോപ്പിയടിച്ചു ഇപ്പോൾ മലയാളി ഫ്രം ഇന്ത്യ കോപ്പിയടിച്ചു എന്നൊക്കെയാണ് എന്നെക്കുറിച്ചുള്ള ആരോപണങ്ങൾ. ആദ്യം മനസ്സിലാക്കേണ്ടത് ഞാനൊരു സംവിധായകനാണ്. അല്ലാതെ എഴുത്തുകാരനായി സംവിധാനം ചെയ്യുന്ന ആളല്ല. ഒരാളെക്കുറിച്ച് ആരോപണം ഉന്നയിക്കുമ്പോൾ അതിനൊരു കൃത്യത വേണ്ടേ.‘‘ ഡിജോ ചോദിച്ചു.
സിനിമകളുടെ പ്രമോഷന് തന്റേതായ രീതിയുണ്ടെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടി. ’’ജനഗണമന റിലീസിന്റെ തലേദിവസം മുന്നെ ലിസ്റ്റിൻ വിളിച്ചു ചോദിച്ചു, ‘കോടതി രംഗങ്ങളിലെ സീനുകൾ ഏതെങ്കിലും പുറത്തുവിടേണ്ടെ’’ എന്ന്. ഞാനാണ് പറഞ്ഞത് വേണ്ടെന്ന്. ഞാൻ പറഞ്ഞിട്ടാണ് അത് ഇറക്കാതിരുന്നത്. അതേപോലെ ഈ സിനിമയിലെയും പ്രധാന ഭാഗങ്ങൾ പുറത്തുവിടാൻ കഴിയില്ല. പടത്തിന്റെ പല കാര്യങ്ങളും ഒളിപ്പിച്ചു വച്ചുവെന്നു പറയുന്നു. ഇതിന്റെ പൂജ, ലൊക്കേഷൻ വിഡിയോ ഒക്കെ എന്റെ സോഷ്യൽ മീഡിയ പേജുകൾ നോക്കിയാൽ കാണാം.’’
ഈ സിനിമയുടെ പ്രമോഷനിൽ പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നു പറയും. സെക്കൻഡ് ഫാഫിൽ ഈ സിനിമയുടെ സ്വഭാവം മാറി സീരിയസ് ആകുന്നുണ്ട്. പ്രേക്ഷകർ പ്രതീക്ഷിച്ച ഹ്യൂമർ ആണ് അവർക്ക് കിട്ടുന്നത്. സിനിമയുടെ റിലീസിന് രണ്ട് ദിവസം മുൻപേ പുറത്തുവിട്ട ടീസറിലും സിനിമയുടെ സ്വഭാവമുണ്ടായിരുന്നതായും ഡിജോ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]