
നോക്കിയ ഫോൺ ഓർമ്മയില്ലേ…. ഇന്നും ആ ഫോൺ കാണുമ്പോൾ നൊസ്റ്റാൾജിയ അടിക്കുന്നവരാണ് ഏറെയും. അത്തരത്തിൽ നൊസ്റ്റു അടിപ്പിക്കുന്ന ഒന്നാണ് നോക്കിയ 3210. ഇപ്പോഴിതാ നോക്കിയ മൊബൈൽ ഫോൺ ബ്രാൻഡിന്റെ ഉടമകളായ എച്ച് എംഡി ഗ്ലോബൽ നോക്കിയ 3210 യുടെ പുതിയ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുറച്ചുദിവസങ്ങൾക്ക് മുൻപാണ് നോക്കിയയുടെ വെബ്സൈറ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ വന്നത്. 3210 മോഡൽ പുറത്തിറങ്ങി 25 വർഷം തികയുന്ന സമയത്താണ് പുതിയ നോക്കിയ 3210 അവതരിപ്പിക്കാനൊരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്.
നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ജനപ്രീതി നേടിയ പഴയ 3210മായി പറയത്തക്ക സാദ്യശ്യമൊന്നും പുതിയ പതിപ്പിനില്ല. അടുത്തിടെ അവതരിപ്പിച്ച നോക്കിയ 6310 സ്മാർട്ഫോണിനോട് സാമ്യമുള്ളതാണ് പുതിയ നോക്കിയ 3210 യുടെ രൂപം. എച്ച്എംഡി ഗ്ലോബലിന്റെ എക്സ് അക്കൗണ്ടിൽ മേയ് മാസത്തിൽ പുതിയ ഫോൺ പുറത്തിറങ്ങുന്നതായി അറിയിച്ചിട്ടുണ്ട്. എന്നാൽ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ ഗിഗാൻടി എന്ന ഫിനിഷ് വിതരണക്കാരുടെ പക്കൽ നിന്ന് ചോർന്ന നോക്കിയ 3210 യുടെ ചില ചിത്രങ്ങളാണ് ചർച്ചയായത്.
1999ലാണ് ഈ മൊബൈൽ ഫോൺ അവതരിപ്പിച്ചത്. ഇന്റേണൽ ക്യാമറ, ടി9 പ്രെഡിക്ടീക് ടെക്സ്റ്റ് സാങ്കേതിക വിദ്യകൊണ്ടും ഏറെ ജനപ്രീതി നേടാൻ ഇതിനായിരുന്നു. 40 ഓളം മോണോ ഫോണിക് റിങ്ടോണുകളും ഫോണിലുണ്ടായിരുന്നു. 1.5 ഇഞ്ച് ബാക്ക്ലിറ്റ് മോണോക്രോമാറ്റിക് എൽസിഡി സ്ക്രീൻ ആയിരുന്നു ഇതിനുള്ളത്. 150 ഗ്രാം മാത്രമായിരുന്നു ഫോണിന്റെ ഭാരം. എസ്എംഎസ് വഴി പിക്ചർ മെസേജുകൾ അയക്കാനുള്ള സൗകര്യവും വൈബ്രേറ്റ് അലേർട്ട് ഫീച്ചറും ഈ ഫോണിലാണ് അവതരിപ്പിച്ചത്.
പുതിയതായി എത്തുന്ന നോക്കിയ 3210യ്ക്ക് 4ജി കണക്ടിവിറ്റിയുണ്ടാകും. കറുപ്പ്, നീല, മഞ്ഞ നിറങ്ങളിലാകും ഫോൺ പുറത്തിറങ്ങുന്നതെന്നാണ് സൂചന. നോക്കിയ 3210 യ്ക്ക് പുറമെ നോക്കിയ 215, നോക്കിയ 225, നോക്കിയ 235 എന്നീ ഫോണുകളുടെ പുതിയ പതിപ്പും അവതരിപ്പിക്കുമെന്നാണ് നോട്ട്ബുക്ക്ചെക്ക്.നെറ്റിന്റെ റിപ്പോർട്ടിലുള്ളത്.
Last Updated May 6, 2024, 3:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]