
താൻ അർബുദബാധിതയാണെന്ന ബോളിവുഡ് നടി സൊനാലി ബെന്ദ്രേയുടെ വാക്കുകൾ ഒരു ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. പിന്നീട് സോഷ്യൽ മീഡിയവഴി ചികിത്സാവിവരങ്ങളും മറ്റും അവർ കൃത്യമായി അറിയിക്കാറുണ്ടായിരുന്നു. രോഗമുക്തയായ ശേഷം ആ പഴയ നാളുകളെ ഓർത്തെടുത്തിരിക്കുകയാണവർ. ഒരു ദുസ്വപ്നം എന്നാണ് തന്നെ ബാധിച്ച കാൻസറിനെ അവർ വിശേഷിപ്പിച്ചത്.
ഹ്യൂമൻസ് ഓഫ് ബോംബെയുമായി നടന്ന സംവാദപരിപാടിയിലാണ് താൻ അർബുദത്തെ അതിജീവിച്ചതിനേക്കുറിച്ച് സൊനാലി ബെന്ദ്രേ മനസുതുറന്നത്. കാൻസറാണെന്നറിഞ്ഞ നിമിഷം എന്തുകൊണ്ട് താൻ എന്നായിരുന്നു ആദ്യം തോന്നിയതെന്ന് സൊനാലി പറഞ്ഞു. ഉറക്കമുണരുമ്പോൾ രോഗം ഒരു ദുസ്വപ്നം മാത്രമാണെന്ന് പ്രതീക്ഷപുലർത്തിയിരുന്നു. ഇങ്ങനെയൊന്ന് തനിക്കും സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്നും സൊനാലി പറഞ്ഞു.
“അപ്പോഴാണ് ഞാൻ വിചാരിച്ച രീതി മാറാൻ തുടങ്ങിയത്. ‘എന്തുകൊണ്ട് ഞാൻ?’ എന്നതിനുപകരം, ‘എന്തുകൊണ്ട് എനിക്കും ആയിക്കൂടാ?’ എന്ന് ഞാൻ ചോദിക്കാൻ തുടങ്ങി, ഇത് എൻ്റെ സഹോദരിക്കോ മകനോ സംഭവിക്കാത്തത് നല്ല ഒരു കാര്യമായി എനിക്കുതോന്നി. ഇതിനെ നേരിടാനുള്ള കരുത്ത് എനിക്കുണ്ടെന്ന് എനിക്ക് മനസിലായി. മികച്ച ആശുപത്രികളിലേക്ക് പോകാനും ചികിത്സ നടത്താനുള്ള സാഹചര്യവും എനിക്കുണ്ടായിരുന്നു. ‘എന്തുകൊണ്ട് എനിക്കും ആയിക്കൂടാ?’ എന്ന ചോദ്യം സ്വയം ചോദിച്ചപ്പോൾത്തന്നെ രോഗം ഭേദമാവാൻ തുടങ്ങിയിരുന്നു.” സൊനാലി ചൂണ്ടിക്കാട്ടി.
2018-ലാണ് താരത്തിന് അർബുദം സ്ഥിരികരിച്ചത്. തുടർന്ന് അമേരിക്കയിലാണ് അവർ ചികിത്സതേടിയത്. ന്യൂയോർക്കിൽ ചികിത്സയ്ക്കായെത്തിയപ്പോൾ കാൻസറിന്റെ നാലാം സ്റ്റേജ് ആണെന്നും രക്ഷപ്പെടാൻ 30 ശതമാനം സാധ്യത മാത്രമാണുള്ളതെന്ന് ഡോക്ടർ പറഞ്ഞുവെന്നും സൊനാലി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. സംവിധായകൻ ഗോൾഡി ഭേൽ ആണ് സൊനാലിയുടെ ഭർത്താവ്. ദ ബ്രോക്കൺ ന്യൂസ് എന്ന വെബ് സീരീസാണ് സൊനാലി ഒടുവിൽ അഭിനയിച്ചത്. ഈ വരുന്ന മെയ് മാസത്തിൽ പരമ്പര സീ ഫൈവിലൂടെ പ്രദർശനം ആരംഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]