
വയനാട് എംപിയായാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പരാമർശത്തിനെതിരെ സുൽത്താൻ ബത്തേരി മുൻസിപാലിറ്റി ചെയർമാൻ ടികെ രമേശ്. പറയാൻ വികസനങ്ങളോ, നല്ല കാര്യങ്ങളോ, ജീവൽപ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളോ ഇല്ലാത്തവർ ഈ നാടിന്റെ സാമ്പത്തികമായ വളർച്ചയെക്കൂടി തകർക്കാനാണ് ശ്രമിക്കുന്നതെന്ന് ടികെ രമേശ് ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
സങ്കുചിതമായ വർഗീയവിഭജന തന്ത്രവുമായി വന്ന് ഈ നാടിനെ മുറിവേൽപ്പിച്ചു പോകാമെന്ന് വിരുന്നുകാരായ പലരും കരുതരുത്. കാടിനോടും വിഷജന്തുക്കളോടും പൊരുതി അതിജീവിച്ച ജനതയാണ്. ചുരം കയറിവരുന്ന ഇത്തരം വിഷജന്തുക്കളെയും ഈ നാട് ഒറ്റക്കെട്ടായി അതിജീവിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തകർക്കാനാവില്ല ബത്തേരി ബ്രാൻഡ് എന്ന ഹാഷ്ടാഗോടുകൂടിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.(Sulthan Bathery Municipality Chairman TK Ramesh against K Surendran)
Read Also:
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എല്ലാ വൈജാത്യങ്ങൾക്കിടയിലും പണ്ടുമുതലേ മനുഷ്യരെ സ്നേഹത്തിന്റെ ബന്ധനംകൊണ്ട് ചേർത്തു നിർത്തിയ നാട്.
ഈ നാടിന്റെ പേരിന്റെ പ്രൗഢിക്കും പ്രതാപത്തിനും ചരിത്രത്തിൽ വേരാഴ്ന്ന കഥകളുണ്ട്. ജൈനസംസ്കാരത്തിന്റെയും കുറുമ്പ്രനാട് രാജഭരണത്തിന്റെയും ടിപ്പുവിന്റെയും ബ്രിട്ടീഷ് ഭരണത്തിന്റെയുമൊക്കെ കഥകൾ പറയാനുള്ള നാടാണിത്. പന്ത്രണ്ട് ജൈനത്തെരുവുകൾ എന്നർത്ഥമുള്ള ‘ഹെന്നരഡുബീദി’ എന്ന പേരും കുറുമ്പ്രനാട് രാജഭരണത്തിന്റെ നിയന്ത്രണ പ്രദേശങ്ങൾ എന്ന നിലയിൽ ‘പാറയ്ക്ക്മീതൽ’ എന്ന പേരും പ്രസ്തുത രാജവംശകാലത്ത് നിർമിച്ച ഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്ന ‘ഗണപതിവട്ടം’ എന്ന പേരും ടിപ്പു സുൽത്താന്റെ ആയുധപ്പുര സ്ഥിതി ചെയ്ത പ്രദേശം എന്ന അർത്ഥത്തിൽ ‘സുൽത്താൻ’സ് ബാറ്ററി’ എന്ന പേരും യഥാക്രമം ഈ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.
പിൽക്കാലത്ത് ‘സുൽത്താൻ ബത്തേരി’ എന്ന ഇപ്പോഴത്തെ പേര് വായ്മൊഴിയിലൂടെ മലയാളീകരിച്ച് നമ്മളിന്നും ഉപയോഗിച്ചു പോരുന്നു. നമ്മുടെ എല്ലാ ഔദ്യോഗിക രേഖകളിലും സാമ്പത്തിക ക്രയവിക്രയങ്ങളിലും ഈ വാക്ക് പൂർണമായും ഇടംകണ്ടെത്തി. സർവോപരി ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണക്റ്റിങ് ഹബ് ആയതിനാൽ വിനോദസഞ്ചാരമടക്കമുള്ള സകല മേഖലയിലും ഒരു ബ്രാൻഡ് ആയിത്തന്നെ വളർന്നിട്ടുണ്ട് നമ്മുടെ ‘സുൽത്താൻ ബത്തേരി’. നഗരസഭയുടെ ശ്രമഫലമായി മാതൃകാപരമായ ശുചിത്വവും സൗന്ദര്യ വത്കരണവും നടത്തി സംസ്ഥാനത്തെ മികച്ച മുൻസിപ്പാലിറ്റിക്കുള്ള പ്രഥമ സ്വരാജ് ട്രോഫി അവാർഡും കൈപ്പറ്റി അഭിമാനം പുരസ്സരം തലയുയർത്തി നിൽക്കുകയാണ് ഇന്ന് ‘ബത്തേരി ബ്രാൻഡ്’.
രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്നതുപോലെ താൻ എം.പിയായിക്കഴിഞ്ഞാൽ ബത്തേരിയുടെ പേര് ഗണപതിവട്ടമെന്നാക്കുമെന്ന് പറഞ്ഞിരുക്കുകയാണ് വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ. പറയാൻ വികസനങ്ങളോ, നല്ല കാര്യങ്ങളോ, ജീവൽപ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളോ ഇല്ലാത്തവർ ഈ നാടിന്റെ സാമ്പത്തികമായ വളർച്ചയെക്കൂടി തകർക്കാനാണ് ശ്രമിക്കുന്നത്.
വയനാടിന്റെ ജീവൽപ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്ന പ്രതിനിധിയാണ് നമുക്ക് വേണ്ടത്. ബത്തേരി ബ്രാൻഡിനെ ആഗോളതലത്തിലേക്ക് മാർക്കറ്റ് ചെയ്യാൻ കഴിയുന്ന ഒരാൾ. കേവലം ഈ നാടിന്റെ പേര് മാറ്റലല്ല ഈ നാടിന്റെയോ, നാട്ടുകാരുടെയോ ജീവൽപ്രശ്നമെന്ന് തിരിച്ചറിയുന്ന ഒരാൾ. സങ്കുചിതമായ വർഗീയവിഭജന തന്ത്രവുമായി വന്ന് ഈ നാടിനെ മുറിവേൽപ്പിച്ചു പോകാമെന്ന് വിരുന്നുകാരായ പലരും കരുതരുത്. കാടിനോടും വിഷജന്തുക്കളോടും പൊരുതി അതിജീവിച്ച ജനതയാണ്. ചുരം കയറിവരുന്ന ഇത്തരം വിഷജന്തുക്കളെയും ഈ നാട് ഒറ്റക്കെട്ടായി അതിജീവിക്കും. തീർച്ച.
പ്രസ്തുത വിഷയത്തിൽ നാട്ടിലെ എല്ലാ സാമൂഹ്യസാംസ്കാരികപ്രവർത്തകരുടെയും അഭ്യുദയകാക്ഷികളുടെയും ബഹുമാനപ്പെട്ട വയനാട് എം. പിയുടെയും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. #തകർക്കാനാവില്ല_ബത്തേരിബ്രാൻഡ്
Story Highlights : Sulthan Bathery Municipality Chairman TK Ramesh against K Surendran
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]