
ദില്ലി: രാജ്യം ഇതുപോലൊരു ഗുണ്ടാവിവാഹത്തിന് സാക്ഷ്യം വഹിക്കുന്നത് ആദ്യമായിട്ടായിരിക്കുമെന്നതിൽ സംശയമില്ല. അത്രയും വിപുലമായ ഒരുക്കമാണ് കാലാ ജതേഡിയുടെയും (സന്ദീപ്) മാഡം മിൻസിന്റെയും (അനുരാധ ചൗധരി) വിവാഹത്തിന് നടക്കുന്നത്. 12ന് ദ്വാരകയിലാണ് വിവാഹം. ഹൈടെക് മെഷീൻ ഗണ്ണുകളേന്തിയ സ്വാറ്റ് കമാൻഡോകളുടെയും 250 പൊലീസുകാരുടെ കാവലിലായിരിക്കും വിവാഹം. പന്തൽ പണിക്കാർക്കും വിളമ്പുകാർക്കും തിരിച്ചറിയൽ കാർഡ് നൽകും. ക്ഷണിക്കപ്പെട്ട 250 അതിഥികളുടെ പശ്ചാത്തലം പരിശോധിച്ചതിന് ശേഷമായിരിക്കും പ്രവേശനം. ദില്ലി പൊലീസിനാണ് വിവാഹത്തിന്റെ ഉത്തരവാദിത്തം. വധൂവരൻമാർ തങ്ങളെ വെട്ടിച്ചു കടന്നുകളയാതെ നോക്കുക എന്നതാണ് പൊലീസിന്റെ പ്രധാന ചുമതല. 12ന് ദ്വാരകയിലെ സന്തോഷ് ഗാർഡനിലാണ് ചടങ്ങുകൾ. വധുവും വരനും ഹരിയാന, ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ പൊലീസിന്റെ ക്രിമിനൽ ലിസ്റ്റിൽ ഇടം പിടിച്ചവരും തലയ്ക്കു വലിയ വിലയുള്ള കൊടുംകുറ്റവാളികളുമാണ്.
കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ വലംകയ്യാണു ഹരിയാന സ്വദേശി സന്ദീപ്. ദില്ലിയിലെ തിഹാർ ജയിലിൽ നിന്ന് 6 മണിക്കൂർ പരോളിലാണ് വിവാഹത്തിനെത്തുന്നത്. ജാമ്യം കിട്ടി ജയിലിൽ നിന്നിറങ്ങിയ അനുരാധ രാജസ്ഥാനിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന അനന്ത്പാൽ സിങ്ങിന്റെ സംഘത്തിലെ പ്രധാനിയാണ്. ഇംഗ്ലിഷ് സംസാരിക്കാനും എകെ 47 തോക്ക് കൈകാര്യം ചെയ്യാനുമുള്ള കഴിവാണ് അനുരാധയെ പ്രണയിക്കാൻ കാരണമെന്ന് സന്ദീപ് പറഞ്ഞു.
കൂറ്റൻ പന്തലാണ് വിവാഹത്തിനായി ഒരുങ്ങുന്നത്. സന്ദീപിന്റെ അഭിഭാഷകനാണ് മേൽനോട്ടം. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് കോടതി അനുവദിച്ച സമയം. പിറ്റേ ദിവസം ഗൃഹപ്രവേശ ചടങ്ങിനായും സന്ദീപിന് പരോളുണ്ട്. എംബിഎ ബിരുദധാരിയാണ് അനുരാധ. തട്ടിക്കൊണ്ടു പോകൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങി ഒട്ടേറെ കേസുകൾ അനുരാധക്കെതിരെയുണ്ട്. സന്ദീപും അനുരാധയും 2020ലാണു പ്രണയത്തിലായത്. ഇൻഡോറിലെ ഒരു ക്ഷേത്രത്തിൽ രഹസ്യമായി വിവാഹിതരായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. യുപിയിലെ സഹാരൻപുരിൽ നിന്ന് അറസ്റ്റിലായി. ജാമ്യത്തിലിറങ്ങിയ അനുരാധ പതിവായി സന്ദീപിനെ തിഹാർ ജയിലിൽ സന്ദർശിച്ചിരുന്നു.
Last Updated Mar 9, 2024, 7:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]