
കോഴിക്കോട്: ഉപയോഗിച്ച് വലിച്ചെറിയുന്ന ശീലമുള്ള ജനങ്ങളെ ആപ്പിലാക്കാന്‍ ഒളവണ്ണ പഞ്ചായത്തിന്റെ പുതിയ പദ്ധതി. ഡയപര്‍, സാനിറ്ററി നാപ്കിന് തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ തെരുവില്‍ വലിച്ചെറിയുന്നത് ഒഴിവാക്കാനായി ആക്രി ആപ് എന്ന പേരില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപം നല്‍കിയിരിക്കുകയാണ് അധികൃതര്‍. ഈ ആപ്ലിക്കേഷനിലൂടെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ആഴ്ചയില്‍ രണ്ട് ദിവസം ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ ശേഖരിക്കാനായി പഞ്ചായത്തിലെ നിയോഗിക്കപ്പെട്ട ജീവനക്കാര്‍ വീടുകളിലെത്തും.
ചൊവ്വ, ശനി ദിവസങ്ങളിലാണ് മാലിന്യ ശേഖരണത്തിനായി പ്രത്യേകം സജ്ജീകരിച്ച വാഹനം വീടുകളിലും ഫ്ളാറ്റുകളിലും എത്തുക. നിലവില്‍ ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും ഉപയോഗിച്ച ഡയപറുകളും സാനിറ്ററി നാപ്കിനുകളും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ആക്രി ആപ് പ്രാവര്‍ത്തികമായതോടെ ഇതിനൊരു പരിഹാരമാകുമെന്ന വിശ്വാസത്തിലാണ് ഒളവണ്ണ പഞ്ചായത്ത് അധികൃതര്‍.
ഇത്തരത്തില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ കരാര്‍ എടുത്ത കമ്പനി തന്നെ സംസ്കരിക്കും. പദ്ധതിയുടെ ഭാഗമായി സംശയ നിവാരണത്തിന് ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കിലോഗ്രാമിന് 45 നിരക്കില്‍ യൂസേഴ്സ് ഫീ ഈടാക്കും. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ മാലിശ്യ ശേഖരണ വാഹനം ഫ്ളാഗ്ഓഫ് ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. ശാരുതി പദ്ധതി ഉദ്ഘാടനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]