
ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യയുടെ എട്ട് മുൻനാവികർ ശിക്ഷയിൽനിന്ന് ഇളവുലഭിച്ച് മോചിതരായത് കഴിഞ്ഞദിവസമായിരുന്നു. ഇവരുടെ മോചനത്തിനായി നടൻ ഷാരൂഖ് ഖാൻ ഇടപെട്ടിരുന്നെന്ന് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരുന്നു. എന്നാൽ, ഈ വാദം അടിസ്ഥാനരഹിതമാണെന്നറിയിച്ച് ഷാരൂഖ് ഖാന്റെ ടീം രംഗത്തെത്തിയിരിക്കുകയാണ്.
ഷാരൂഖ് ഖാനുവേണ്ടി അദ്ദേഹത്തിന്റെ മാനേജർ പൂജ ദദ്ലാനി പുറത്തിറക്കിയ കുറിപ്പിലാണ് നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് നടൻ ഇടപെട്ടിരുന്നെന്ന വാദം നിഷേധിച്ചിരിക്കുന്നത്. ഇത്തരം വാദങ്ങൾ അടിസ്ഥാനരഹിതമാണ്. ഈ നീക്കം വിജയിക്കാൻ കാരണമായത് ഇന്ത്യാ ഗവൺമെന്റ് ഉദ്യോഗസ്ഥരാണെന്ന് ഊന്നിപ്പറയുകയാണ്. ഈ വിഷയത്തിൽ ഷാരൂഖ് ഖാൻ്റെ പങ്കാളിത്തം നിഷേധിക്കുകയും ചെയ്യുന്നുവെന്ന് കുറിപ്പിൽ പറയുന്നു.
നയതന്ത്രവും സ്റ്റേറ്റ് ക്രാഫ്റ്റും ഉൾപ്പെടുന്ന എല്ലാ കാര്യങ്ങളും നമ്മുടെ വളരെ കഴിവുള്ള നേതാക്കൾ ഏറ്റവും നന്നായി നിർവഹിക്കുന്നു. നാവികസേനാ ഉദ്യോഗസ്ഥർ സുരക്ഷിതരായി തിരിച്ചെത്തിയതിൽ മറ്റ് പല ഇന്ത്യക്കാരെയും പോലെ മിസ്റ്റർ ഖാനും സന്തോഷിക്കുന്നു, അവർക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും കുറിപ്പിലുണ്ട്.
നാവികരെ ഖത്തർ ജയിലിൽനിന്ന് മോചിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സഹായം തേടിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്സ് കുറിപ്പിനുതാഴെ സ്വാമി പരാമർശിച്ചത്. ഖത്തർ ശൈഖുമാരെ സ്വാധീനിക്കുന്നതിൽ വിദേശകാര്യമന്ത്രാലയം പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ഖത്തറും യു.എ.ഇ.യും സന്ദർശിക്കുന്നത് അറിയിച്ചുള്ള പോസ്റ്റിനുതാഴെയായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ കമന്റ്.
ജയിലിൽ തുടർന്ന നാവികരെ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനിയാണ് വിട്ടയക്കാൻ തീരുമാനിച്ചത്. ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, കമാൻഡർ അമിത് നാഗ്പാൽ, തിരുവനന്തപുരം സ്വദേശി നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് തിരിച്ചെത്തിയത്. ദോഹയിൽ തുടരുന്ന കമാൻഡർ പൂർണേന്ദു തിവാരിയും വൈകാതെ ഇന്ത്യയിലെത്തും.
ഇന്ത്യൻ നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അൽ ദഹ്റയിൽ ജോലിചെയ്യവേയാണ് ഇവർ അറസ്റ്റിലായത്. ഇന്ത്യയോ ഖത്തറോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചാരവൃത്തിയാരോപിച്ചാണ് ഇവരെ അറസ്റ്റുചെയ്തതെന്നാണ് റിപ്പോർട്ടുകൾ. കമ്പനി മേയിൽ അടച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]