
‘മുട്ടുവിന്‍ തുറക്കപ്പെടും; അന്വേഷിപ്പിന്‍ നിങ്ങള്‍ കണ്ടെത്തും’.. ഡാര്വിന് കുര്യാക്കോസിന്റെ സംവിധാനത്തില്‍ ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായെത്തിയ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രം പേര് പോലെ തന്നെ ഈ ബൈബിള്‍ വാക്യവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. നാടിനെ പിടിച്ചുലച്ച ഒരു കൊലപാതകവും അതിനു പിന്നിലെ രഹസ്യം തേടി ഒരു സബ് ഇന്‍സ്പെക്ടര്‍ നടത്തുന്ന ഉദ്വേഗജനകമായ യാത്രയുമാണ് ചിത്രം. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും പശ്ചാത്തലമാക്കിയ പിരീഡ് ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായ ചിത്രം നിരവധി സസ്പെന്‍സ് ഫാക്ടറുകളും ട്വിസ്റ്റുകളും പ്രേക്ഷകര്‍ക്ക് വെച്ചുനീട്ടുന്നു.
കോട്ടയം ചിങ്ങവനത്തെ പോലീസ് സ്റ്റേഷനിൽ പുതിയ എസ്.ഐ. ചാർജെടുക്കുന്നു. പോലീസുകാരനായ അച്ഛനെ പിന്തുടർന്ന് കാക്കിയണിഞ്ഞ ആനന്ദ് നാരായണൻ എന്ന ആ ചെറുപ്പക്കാരൻ യാതൊരു വിട്ടുവീഴ്ചകൾക്കും ഒരുക്കമല്ലാത്ത ചെയ്യുന്ന ജോലിയിൽ തികഞ്ഞ ആത്മാർഥതയും മിടുക്കുമുള്ള ഉദ്യോഗസ്ഥനാണ്. അങ്ങനെയിരിക്കെ ആനന്ദിൻ്റെ മുന്നിലേക്ക് ഒരു പെൺകുട്ടിയുടെ മിസിങ്ങ് കേസ് എത്തുന്നു. താമസിയാതെ ആ പെൺകുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തുകയാണ്. ആ കൊലപാതകത്തിൻ്റെ ചുരുളഴിക്കാൻ ആനന്ദ് നാരായണൻ്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിക്കുന്നു. കൊലയുടെ രഹസ്യം തേടിയുള്ള ആനന്ദ് നാരായാണൻ്റെയും സംഘത്തിൻ്റെയും യാത്ര ചെന്നവസാനിക്കുന്നത് മറ്റൊരു കൊലപാതകത്തിലാണ്.
സ്ലോ പേസിൽ ആരംഭിക്കുന്ന ചിത്രം വിചാരിക്കാത്ത സസ്പെൻസുകളും ട്വിസ്റ്റുകളും നൽകി ഉദ്വേഗഭരിതമായ മൊമൻ്റുകളിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കും. തുടക്കം മുതൽ ഒടുക്കം വരെ ഒരു നിമിഷം പോലും മടുപ്പിക്കാതെ, കണ്ണെടുക്കാൻ തോന്നാത്ത വിധം പ്രേക്ഷകരെ പിടിച്ചിരുത്തുമെന്ന കാര്യത്തിൽ സംശയമേതുമില്ല.
മേലുദ്യോഗസ്ഥരെ വരെ വരച്ചവരയിൽ നിർത്തുന്ന എല്ലാ പ്രതിബന്ധങ്ങളെയും തകർത്തെറിഞ്ഞ് നിസാരമായി കേസ് തെളിയിക്കുന്ന അമാനുഷികരായ പോലീസുകാരാണ് പൊതുവെ പോലീസ് കഥകളിലേറിയവയും. എന്നാൽ കണ്ടും കേട്ടും പഴകിയ എല്ലാം ക്ലീഷേകളെയും മാറ്റി നിര്‍ത്തുന്ന ചിത്രം അമാനുഷികതയുടെ യാതൊരു മുഖംമൂടികളുമില്ലാത്ത സാധാരണക്കാരായ സമ്മർദങ്ങളിൽ നിസ്സഹയാരായി പോകുന്ന പോലീസുകാരെ വരച്ചുകാട്ടുന്നുണ്ട്.
ഒരു നവാഗത സംവിധായകൻ്റെ അങ്കലാപ്പുകളേതുമില്ലാതെ ഡാർവിൻ ലൂക്കോസ് തൻ്റെ റോൾ ഭംഗിയായി നിർവഹിച്ചു എന്ന് നിസംശയം പറയാം. അതിഗംഭീരമായ മേക്കിങ്ങ് കാഴ്ചവെച്ച് മലയാള സിനിമയിൽ ഇളക്കം തട്ടാത്ത ഒരിടത്തു തന്നെ ഡാർവിൻ തൻ്റെ കസേര വലിച്ചിട്ടു കഴിഞ്ഞു. ഓരോനിമിഷവും ഉദ്വേഗത്തിൻ്റെ താളുകളിലേക്ക് പ്രേക്ഷകരുടെ കണ്ണെത്തിക്കുന്നതിൽ ജിനു എബ്രഹാമിൻ്റെ തിരക്കഥ പൂർണവിജയം കണ്ടു. തിരക്കഥയിൽ ജിനു നടത്തിയ പുതിയ പരീക്ഷണം പ്രത്യേക കൈയടി അർഹിക്കുന്നുണ്ട്.
ആനന്ദ് നാരായണനെന്ന സബ്ഇൻസ്പെക്ടറുടെ ഭാവപ്രകടനങ്ങളെല്ലാം ടോവിനോ തോമസിൻ്റെ പക്കൽ ഭദ്രമായിരുന്നു. ചിലനേരങ്ങളിൽ നിസ്സഹായനാകുന്ന ചിലനേരങ്ങളിൽ കർക്കശക്കാരാനാകുന്ന ആ പോലീസുകാരൻ്റെ വികാരതീവ്രത അതിമനോഹരമായി ടൊവിനോ സ്ക്രീനിലെത്തിച്ചു. ചിത്രത്തിലെ അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അന്വേഷണ സംഘത്തിലെ മറ്റു പോലീസുകാരായെത്തിയ വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ എന്നിവരുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. പതിവു പോലെ തങ്ങൾക്കു ലഭിച്ച വേഷങ്ങൾ മികവോടെ പൂർത്തീകരിക്കുന്നതിൽ ഇന്ദ്രൻസും സിദിഖും ബാബുരാജും ഷമ്മി തിലകനുമൊക്കെ നൂറിൽ നൂറു മാർക്കും നേടി. ചെറിയ കഥാപാത്രങ്ങൾ ചെയ്തവരുൾപ്പടെ മുഴുവൻ അഭിനേതാക്കളും ചിത്രത്തിൽ കൈയടി അർഹിക്കുന്നുണ്ട്.
ചിത്രത്തിൻ്റെ ദൃശ്യഭംഗി കൂട്ടുന്നതിൽ ഗിരീഷ് ഗംഗാധരൻ്റെ ക്യാമറക്ക് വലിയ പങ്കുണ്ട്. ഉദ്വേഗകതയുടെ മുള്ളിൻ തുമ്പിലേക്ക് പ്രേക്ഷകനെ എടുത്തെറിയുന്നതിൽ സന്തോഷ് നാരായണൻ്റെ സംഗീതവും പ്രധാനമാണ്. കാലം തെളിയിക്കാത്ത സത്യങ്ങളില്ലെന്നും എന്നാല്‍ സത്യങ്ങളിലേക്കടുക്കുക നിസാരമല്ലെന്നും പറയുന്ന ചിത്രം ഒരു മിനിറ്റു പോലും പ്രേക്ഷകരെ ബോറടിപ്പിക്കില്ലെന്ന് തീർച്ചയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]