
എ കെ ജി നഗർ (കണ്ണൂർ ജവഹർ സ്റ്റേഡിയം)> നാടിന്റെ നല്ല നാളേക്കായി വികസന–-ക്ഷേമ പ്രവർത്തനങ്ങളുമായി ഒന്നിച്ചുമുന്നേറാമെന്നും അതിനുള്ള പൂർണപിന്തുണയാണ് പാർടി കോൺഗ്രസ് നൽകിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർടി കോൺഗ്രസിന്റെ സമാപനറാലിയിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പ്രകടനപത്രികയിലെ കാര്യങ്ങൾ നടപ്പാക്കാനുള്ളതാണ്. ജനങ്ങളെ പറ്റിക്കാനുള്ളതല്ല. 2016ലെ പ്രകടനപത്രികയിലെ 600 കാര്യങ്ങളിൽ 580ഉം നടപ്പാക്കിയ സർക്കാരാണിത്. അപ്പോഴാണ് ഒരുഭാഗത്ത് കേന്ദ്ര ഏജൻസികളും മറുഭാഗത്ത് എല്ലാം തങ്ങളുടെ കൈയിലാണെന്ന് അഹങ്കരിക്കുന്ന അന്തിച്ചർച്ചക്കാരും പത്രക്കാരും വളഞ്ഞിട്ട് ആക്രമിച്ചത്. എന്നിട്ടും എൽഡിഎഫ് അധികാരത്തിലെത്തിയത് നാടിന്റെ വികസനത്തിന് ജനങ്ങൾ നൽകിയ പിന്തുണയാണ്. അതനുസരിച്ച് പ്രവർത്തിക്കാൻ ഈ സർക്കാർ ബാധ്യസ്ഥമാണ്. അത്തരം പ്രവർത്തനങ്ങളെ ഏതെങ്കിലും തരത്തിലുള്ള പിപ്പിടി കാട്ടി തടയാൻ നോക്കിയാൽ ഭയക്കുന്നവരല്ല ഞങ്ങൾ.
കെ–-റെയിൽ പദ്ധതി പരിസ്ഥിതിപ്രശ്നമുണ്ടാക്കുമെന്നാണ് വിമർശം. എന്നാൽ, ഈ പദ്ധതി പരിസ്ഥിതിക്കുണ്ടാക്കുന്ന ഗുണം കാർബൺ ബഹിർഗമനം കുറയ്ക്കുമെന്നതാണ്. വിശദ പരിസ്ഥിതിപഠനം നടക്കുന്നുമുണ്ട്. പരിസ്ഥിതി എന്തോ ആയിക്കോട്ടെ വികസനം മതിയെന്ന് ചിന്തിക്കുന്നവരല്ല ഞങ്ങൾ. ദേശീയപാത വികസനം, ഗ്യാസ് പൈപ്പുലൈൻ എന്നിവ പൂർത്തിയാകുന്നു. കൂടംകുളത്തുനിന്ന് വൈദ്യുതി എറണാകുളത്തെത്തുന്നു. റോഡുകൾ, പാലങ്ങൾ, പശ്ചാത്തലസൗകര്യ വികസനം എന്നിവയിൽ വൻ മുന്നേറ്റമുണ്ടാകുന്നു– പിണറായി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]