
കൊച്ചി : കാരുണ്യ ഫാർമസിക്ക് മരുന്ന് വിതരണം ചെയ്തത്തിന്റെ പണം കിട്ടിയില്ലെന്ന് സൺ ഫാർമ്മ. ഒമ്പതര കോടി രൂപയുടെ കുടിശ്ശിക ആവശ്യപ്പെട്ട് സൺ ഫാർമ, ആരോഗ്യ വകുപ്പിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ വിശ്വാസവഞ്ചന കാണിച്ചെന്നും, പാവപ്പെട്ട രോഗികളാണ് കാരുണ്യയെ ആശ്രമിക്കുന്നതെന്നതിനാലാണ് മരുന്ന് വിതരണം നിർത്താത്തതെന്നും കമ്പനി ഹർജിയിൽ പറയുന്നു.
സംസ്ഥാനത്തെ 52 കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികൾക്കുള്ള 35% ജീവൻ രക്ഷ മരുന്നുകൾ വിതരണം ചെയ്യുന്നത് സൺ ഫാർമ എന്ന കമ്പനിയാണ്. ആരോഗ്യവകുപ്പിന് നൽകുന്ന മരുന്നുകളുടെ ബിൽ 45 ദിവസത്തിനു ശേഷമായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ആറുമാസമായി മരുന്നുകൾക്ക് പണം നൽകുന്നില്ല. ഒമ്പതരക്കോടി രൂപ ഇതുവരെ കമ്പനിക്ക് കുടിശ്ശികയുണ്ട്. പണം അനുവദിക്കാൻ നിരവധി വട്ടം ആരോഗ്യ വകുപ്പിനും മെഡിക്കൽ സർവീസസ് കോർപ്പറേഷനും കത്തയച്ചിട്ടും മറുപടി നൽകിയില്ലെന്ന് ഹർജിയിൽ പറയുന്നു.
കോടികളുടെ കുടിശിക കമ്പനിക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ സാധാരണ ജനങ്ങളെ ആലോചിച്ചാണ് മരുന്നു വിതരണം നിർത്താത്തത് എന്ന് കമ്പനി പറയുന്നു. നിലവിൽ കമ്പനി നൽകുന്ന ജീവൻ രക്ഷാ മരുന്നുകൾ പെട്ടെന്ന് നിർത്തിയാൽ രോഗികൾക്ക് അത് ബുദ്ധിമുട്ടുണ്ടാകും. സർക്കാർ നടത്തിയത് വിശ്വാസ വഞ്ചനയും ഔചിത്യം ഇല്ലാത്ത നടപടിയുമാണെന്നും കമ്പനി ഹർജിയിൽ പറയുന്നു.
മെഡിക്കൽ സർവീസ് കോർപ്പറേഷനുമായി ഉണ്ടാക്കിയ കരാർ പ്രകാരം മരുന്ന് ഓർഡർ ചെയ്താൽ ഏഴു ദിവസത്തിനുള്ളിൽ കമ്പനി എത്തിക്കുന്നുണ്ട്. ഈ മരുന്നുകളാണ് സംസ്ഥാനത്തെ കാരുണ്യ ഫാർമസികളിലൂടെ സർക്കാർ ഏഴ് ശതമാനം ലാഭം ഈടാക്കിയ വില്പന നടത്തുന്നത്. എന്നാൽ ഇങ്ങനെ വിതരണം ചെയ്ത മരുന്നുകളുടെ തുക കമ്പനിക്ക് നൽകുന്നില്ലെന്നും ഹർജിയിൽ പറയുന്നു. ഹൈക്കോടതി ഇടപെട്ട് കുടിശ്ശിക ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.സൺ ഫാർമയുടെ ഹർജിയിൽ ആരോഗ്യവകുപ്പിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.
Last Updated Jan 21, 2024, 8:47 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]