
ഗിന്നസ് വേൾഡ് റെക്കോർഡ് നേടുക എന്നത് പലരുടേയും ആഗ്രഹമാണ്. അതിനായി പല കാര്യങ്ങളും ചെയ്യുകയും തങ്ങളുടെ കഴിവ് തെളിയിക്കുകയും ചെയ്യുന്നവരുണ്ട്. ആന്ദ്രെ ഒർട്ടോൾഫ് എന്ന യുവാവ് ലോക നേട്ടം സ്വന്തമാക്കിയത് എങ്ങനെയാണെന്നോ? 55.21 സെക്കൻഡിൽ ഒരു ലിറ്റർ തക്കാളി സോസ് കുടിച്ചു തീർത്ത്.
2023 ഓഗസ്റ്റ് 13 -ന് ജർമ്മനിയിലെ ബവേറിയയിലെ ഓഗ്സ്ബർഗിൽ വച്ചായിരുന്നു യുവാവ് ലോക നേട്ടം സ്വന്തമാക്കുന്നതിന് വേണ്ടി തക്കാളി സോസ് കുടിച്ചു തീർത്തത്. ഡിസംബർ 25 -ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ആന്ദ്രെ ഒർട്ടോൾഫ് 55.21 സെക്കൻഡിൽ തക്കാളി സോസ് കുടിച്ചു തീർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. വീഡിയോയിൽ ഒരു ടേബിളിൽ ഒരു പാത്രത്തിൽ തക്കാളി സോസുമായി ഇരിക്കുന്ന യുവാവിനെ കാണാം. യുവാവ് അതിവേഗത്തിൽ ഈ സോസ് കുടിച്ചു തീർക്കുകയാണ്.
സോസ് കുടിച്ചു തീർത്തയുടനെ തന്നെ യുവാവ് തന്റെ രണ്ട് കരങ്ങളും ഉയർത്തി സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ, ഭക്ഷണവുമായി ബന്ധപ്പെട്ട് ഇത് ആന്ദ്രെയുടെ ആദ്യത്തെ ലോക റെക്കോർഡല്ല. ഇതിന് മുമ്പും യുവാവ് റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ മാർമൈറ്റ് കഴിച്ച് തീർത്തതിന്, ഒരു മിനിറ്റിനുള്ളിൽ ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ഏറ്റവും കൂടുതൽ ജെല്ലി കഴിച്ചതിന്, ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ തൈര് കഴിച്ചതിന്, 30 സെക്കൻഡിനുള്ളിൽ ഏറ്റവുമധികം സൂപ്പ് കഴിച്ചതിന് തുടങ്ങി അനേകം അനേകം റെക്കോർഡുകൾ നിലവിൽ ആന്ദ്രെയ്ക്ക് സ്വന്തമാണ്.
എന്നാൽ, ആന്ദ്രെയെ തക്കാളി സോസ് കുടിച്ചതിൽ തോൽപ്പിക്കാൻ തങ്ങൾക്കാവും എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ഷെയർ ചെയ്ത പോസ്റ്റിന്റെ കീഴിൽ വന്ന പല കമന്റുകളും പറയുന്നത്. ആ റെക്കോർഡ് തകർക്കപ്പെടുമോ എന്ന് കാത്തിരുന്നു കാണണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Dec 29, 2023, 4:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]