
ആളുകളിൽ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി 104 കിലോമീറ്റർ നഗ്നപാദനായി ഓടി മാരത്തൺ താരം. ഇന്ത്യൻ അൾട്രാ മാരത്തൺ താരം ആകാശ് നമ്പ്യാർ ആണ് ദുബായിലെ എല്ലാ പ്രധാന സ്ഥലങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ബോധവൽക്കരണ മാരത്തൺ നടത്തിയത്.
34 -കാരനായ ഇദ്ദേഹം 17 മണിക്കൂറും 20 മിനിറ്റും കൊണ്ട് 104 കിലോമീറ്റർ ഓടി. ഡിസംബർ ആദ്യം ദുബായിൽ നടന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനമായ COP28 കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആളുകൾ കൂടുതൽ ബോധവാന്മാരാകണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഈ ആഹ്വാനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ആകാശ് നമ്പ്യാർ ഇത്തരത്തിൽ ഒരു ഉദ്യമം നടത്തിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്നും എങ്ങനെ മാറ്റങ്ങൾ കൊണ്ടുവരാമെന്ന് കൂട്ടായി ചർച്ച ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ ഓട്ടമാണ് തൻറെ മാധ്യമം എന്നും അതിലൂടെ തന്നെ ആളുകളോട് സംവദിക്കണം എന്ന് തോന്നിയതിനാലാണ് ഇത്തരത്തിലൊരു ശ്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാം ജുമൈറ, ബുർജ് അൽ അറബ്, കൈറ്റ് ബീച്ച്, ജുമൈറ ബീച്ച്, ലാ മെർ ബീച്ച്, ഇത്തിഹാദ് മ്യൂസിയം, മ്യൂസിയം ഓഫ് ഫ്യൂച്ചർ എന്നീ സ്ഥലങ്ങളെല്ലാം കവർ ചെയ്തു കൊണ്ടായിരുന്നു അദ്ദേഹം തന്റെ 104 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കിയത്. ആഗോളതാപനം 1.5°C ആയി പരിമിതപ്പെടുത്താൻ നമുക്ക് 5 വർഷം ബാക്കിയുണ്ടന്നും എന്നാൽ അതിനെക്കുറിച്ച് പലർക്കും അറിയില്ലെന്നും സോഷ്യൽ മീഡിയാ പോസ്റ്റിൽ അദ്ദേഹം സൂചിപ്പിച്ചു. അവശേഷിക്കുന്ന അഞ്ചുവർഷം പാഴാക്കിക്കളയാതെ കൂട്ടായി പരിശ്രമിക്കാനുള്ള തന്റെ എളിയ അഭ്യർത്ഥനയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
നഗ്നപാദനായയുള്ള ഓട്ടത്തിൽ ഏറെ പ്രശസ്തനായ ആകാശ് നമ്പ്യാർ ‘ബെയർഫൂട്ട് മല്ലു’ എന്നാണ് അറിയപ്പെടുന്നത്. ബംഗളൂരുവില് നിന്നുള്ള മലയാളിയാണ് അദ്ദേഹം. അൽ ഖുദ്രയിലെ മനോഹരമായ ലവ് തടാകത്തിന് സമീപത്തു നിന്നുമാണ് അദ്ദേഹം ഓട്ടം ആരംഭിച്ചത്. 104 കിലോമീറ്റർ പിന്നിട്ട് അർദ്ധരാത്രിയോടെ അദ്ദേഹം ബുർജ് ഖലീഫയിൽ ഓട്ടം അവസാനിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]