
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രക്തദാഹിയായ പിണറായിയെ അന്ന് ഞങ്ങൾ വെറുതെ വിട്ടതാണെന്നും പിണറായിയുടെ രാഷ്ട്രീയത്തെ കണ്ണൂരിൽ കുഴിച്ചു മൂടാൻ കഴിയുമായിരുന്നു എന്നും കെ. സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. അടിച്ചാൽ തിരിച്ചടി തന്നെയാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. അവസാനത്തെ കനൽതരിയും ചാരമായി പോകുമെന്നും സുധാകരന്റെ കുറിപ്പിലുണ്ട്. പിണറായി വിജയന്റെ ജല്പനങ്ങൾക്കുള്ള മറുപടി ഡിസംബർ 23 ശനിയാഴ്ച ഡിജിപി ഓഫീസ് മാർച്ചിൽ തരാം എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ
അടിച്ചാൽ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ഇനിയങ്ങോട്ട് അത് തന്നെയാണ് ഞങ്ങളുടെ പ്രഖ്യാപിത നയവും.
പിണറായി വിജയൻ, താങ്കളുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണിൽ തന്നെ കുഴിച്ചുമൂടാൻ അന്നും ഞങ്ങൾക്ക് വലിയ പ്രയാസമില്ലായിരുന്നു.താങ്കളിലെ രക്തദാഹിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെറുതെ വിട്ടുകളഞ്ഞതാണ്.
പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സംരക്ഷിക്കാൻ ഇറങ്ങിയ പ്രതിപക്ഷ നേതാവിനെ കേസെടുത്ത് ഭയപ്പെടുത്താം എന്നത് വെറും അതിമോഹമാണ്. ഏതറ്റം വരെ പോയും അദ്ദേഹത്തെ സംരക്ഷിക്കും.
കേരളത്തിൽ മാത്രം ഉള്ളൊരു ഈർക്കിലി പാർട്ടിയുടെ തെരുവ് ഗുണ്ടകളായ നേതാക്കൾ നടത്തുന്ന ബാലിശമായ വെല്ലുവിളികളും ഞങ്ങൾ കേട്ടു. ഇന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത് കാണിക്കാൻ ഒരുപാടധികം ഞങ്ങളെ നിർബന്ധിക്കരുത്. അവസാനത്തെ കനൽ തരിയും ചാരമായിപ്പോകും.
പിണറായി വിജയന്റെ ജല്പനങ്ങൾക്കുള്ള മറുപടി ഡിസംബർ 23 ശനിയാഴ്ച ഡിജിപി ഓഫീസ് മാർച്ചിൽ തരാം.
കെ സുധാകരൻ.
Last Updated Dec 21, 2023, 11:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]