
തിരുവനന്തപുരം: തലസ്ഥാനത്തെ യുദ്ധക്കളമാക്കിയ യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയേറ്റ് മാർച്ചിന് പിന്നാലെ ഇന്ന് കെ എസ് യുവും പ്രതിഷേധവുമായി എത്തുന്നു. നവ കേരള സദസ്സിനെയുള്ള കരിങ്കൊടി പ്രതിഷേധത്തിനിടെ പൊലീസും സി പി എം പ്രവർത്തകരും നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചാണ് തലസ്ഥാനത്ത് കെ എസ് യു ഇന്ന് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. പൊലീസ് പിണറായിയുടെ അടമക്കൂട്ടം എന്നാരോപിപ്പ് ഡി ജി പി ഓഫീസിലേക്കാണ് കെ എസ് യു പ്രതിഷേധം നടത്തുക.
കേരളത്തിലെ പൊലീസ് പിണറായിയുടെ അടിമക്കൂട്ടമാവുമ്പോൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് കടമയാണെന്നും എല്ലാ പ്രവർത്തകരും ഡി ജി പി ഓഫിസിലേക്കുള്ള പ്രതിഷേധ മാർച്ചിൽ പങ്കെടുക്കണമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഫേസ്ബുക്കിലൂടെ അഭ്യർഥിച്ചിട്ടുണ്ട്. ഇന്നലെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് അക്രമാസക്തമായ സാഹചര്യത്തിൽ തലസ്ഥാനം ഇന്നും യുദ്ധക്കളമാകുമോ എന്നതാണ് കണ്ടറിയേണ്ടത്. ഇന്നലത്തെ പൊലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസും പ്രതിഷേധ മാർച്ച് നടത്താൻ സാധ്യതയുള്ളതിനാൽ ശക്തമായ സുരക്ഷയാകും തലസ്ഥാനത്ത് ഒരുക്കുക.
അലോഷ്യസ് സേവ്യറുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
പ്രിയരേ ,
കേരളത്തിലെ പൊലീസ് പിണറായിയുടെ
അടിമക്കൂട്ടമാവുമ്പോൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്.
നവകേരള സദസ്സിലേക്ക് ജനാധിപത്യപരമായി സമരം ചെയ്യുന്നവർക്ക് നേരെ കാക്കിയണിഞ്ഞ പിണറായി ഭക്തർ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ കെ എസ് യു ജില്ല പ്രസിഡന്റുമാരായ എ ഡി തോമസിനും, ഗോപു നെയ്യാറിനും വലിയ പരിക്കുകളാണ് ഉണ്ടായത്. സംസ്ഥാന വ്യാപകമായി നിരവധി കെ എസ് യു – യൂത്ത് കോൺഗ്രസ് നേതാക്കന്മാർക്കാണ് പരുക്കേറ്റത്. മന്ത്രി ബിന്ദുവിനെതിരെ സമരം ചെയ്ത സംസ്ഥാന കമ്മിറ്റി അംഗം നെസിയ മുണ്ടപ്പിള്ളിയുടെ തല അടിച്ചു പൊട്ടിച്ച പൊലീസിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തെരുവുകളിൽ ചോര തളം കെട്ടി കിടക്കുകയാണ്. ഈ സാഹചര്യത്തിൽ കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 2023 ഡിസംബർ 21 ന് ഡി ജി പി ഓഫീസ് മാർച്ച് നടത്തുകയാണ്. എല്ലാ സഹപ്രവർത്തകരും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]