
മലപ്പുറം: കൊവിഡ് വ്യാപനത്തിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യാതെ നവകേരള സദസ് തീരാൻ കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആരോപിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല.
ദേശീയ തലത്തില്‍ ആരോഗ്യ മന്ത്രാലയം പറയുന്നത് രാജ്യത്തെ 1800 ല്‍ അധികം കേസുകളില്‍ 1600-ല്‍ അധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണെന്നാണ്. നാല് മരണമുണ്ടായി. ഇന്നലെ മാത്രം 111 കേസുകള്‍ പുതുതായി ഉണ്ടായി. രാജ്യത്തെ 89 ശതമാനം കേസുകളും സംസ്ഥാനത്തായിട്ടും എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ജനങ്ങള്‍ പരിഭ്രാന്തിയിലേക്ക് പോകുന്നതിന് മുന്‍പ് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കരിങ്കൊടി കാണിക്കുമ്പോള്‍ ആരെങ്കിലും അക്രമം നടത്താന്‍ ഇറങ്ങിപ്പുറപ്പെടുമോയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നത് വലിയ തമാശയാണ്. കരിങ്കൊടി കാട്ടിയ സ്ഥലങ്ങളിലെല്ലാം പൊലീസ് ക്രിമിനലുകളെയും ഗുണ്ടകളെയും ഉപയോഗിച്ച് കുട്ടികളെ തല്ലിക്കൊല്ലാന്‍ ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ഇത് പറയുന്നത്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു വിരോധവുമില്ല. പക്ഷെ എസ്.എഫ്.ഐക്കാര്‍ കരിങ്കൊടി കാട്ടിയാല്‍ അത് സമാധാനപരവും കെ.എസ്.യു കാട്ടിയാല്‍ അത് ആത്ഹത്യാ സ്ക്വാഡുമെന്ന് വേര്‍തിരിക്കുന്നത് ശരിയല്ല.
മുഖ്യമന്ത്രിയുടെ ഗണ്‍മാനും പൊലീസ് ക്രിമിനലുകളും ഗുണ്ടകളും ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നത്. മോനെ നീ വിഷമിക്കല്ലേ, ബുദ്ധിമുട്ടല്ലേ എന്നൊക്കെ പറഞ്ഞ് ചേര്‍ത്ത് പിടിച്ചാണ് പൊലീസ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ കൊണ്ടുപോയത്. സ്വന്തം ആളുകളോടുള്ള പൊലീസിന്റെ ഈ സ്നേഹപ്രകടനവും നാട്യവുമെല്ലാം കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നത് മുഖ്യമന്ത്രി മറന്നു പോയെന്നും വി.ഡി സതീശന് പറഞ്ഞു.
രണ്ടു രീതിയാണ് കേരളത്തില്‍. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കുന്ന കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് ക്രിമിനലുകളെ ഉപയോഗിച്ച് തല്ലിച്ചത്. കല്യാശേരി മുതല്‍ പത്തനംതിട്ടവരെ അക്രമമാണ് നടന്നത്. എന്നിട്ടാണ് മുഖ്യമന്ത്രി ന്യായീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗണ്മാന് ആക്രമിക്കുന്നത് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടും കണ്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Last Updated Dec 18, 2023, 12:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]