
ജയ്പൂർ: രാജസ്ഥാനിൽ അശോക് ഗലോട്ടിനെ നേതൃസ്ഥാനത്തു നിന്ന് നീക്കുമെന്ന് എഐസിസി. പുതിയ നിയമസഭ കക്ഷി നേതാവിനെ നിയമിക്കുമെന്നും എഐസിസി നേതൃത്വം അറിയിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇന്നലെ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജസ്ഥാനിലും കോൺഗ്രസ് മാറ്റത്തിനുള്ള തീരുമാനമെടുത്തിരിക്കുന്നത്. രാജസ്ഥാനിൽ കോൺഗ്രസിനേറ്റത് അപ്രതീക്ഷിത തോൽവിയായിരുന്നു. അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ നിരന്തരമുള്ള വാഗ്ദ്വാദങ്ങളാണ് രാജസ്ഥാനിലെ തോൽവിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന രാജസ്ഥാനിൽ ഭജൻലാൽ ശര്‍മ്മയാണ് ബിജെപിയുടെ മുഖ്യമന്ത്രി. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ അവകാശ വാദം ഉന്നയിച്ചിരുന്നെങ്കിലും ബിജെപി നേതൃത്വം ഇത് ചെവിക്കൊണ്ടില്ല. വസുന്ധരയെ ദില്ലിക്ക് വിളിപ്പിച്ച് അനുനയ നീക്കത്തിലൂടെ സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുകയായിരുന്നു. വസുന്ധര തന്നെയാണ് മുഖ്യമന്ത്രിയായി ഭജൻലാലിന്റെ പേര് പ്രഖ്യാപിച്ചത്.
സംഗനേർ മണ്ഡലത്തിലെ എംഎൽഎയായ ഭജൻലാൽ ശർമ്മ ബ്രാഹ്മണ സമുദായാംഗമാണ്. ആർഎസ്എസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയതായിരുന്നു ഇദ്ദേഹം. ദീർഘകാലം ബിജെപി ജനറൽ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന രാജകുടുംബാംഗം ദിയാകുമാരി ഉപമുഖ്യമന്ത്രിയാണ്. തെരഞ്ഞെടുപ്പിൽ ജയിച്ച മൂന്ന് സംസ്ഥാനത്തും ബിജെപി പുതുമുഖങ്ങളെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. വിഷ്ണു ദേവ് സായ് ആണ് ഛത്തീസ്ഗഡിൽ മുഖ്യമന്ത്രിയായത്. മധ്യപ്രദേശിൽ മുൻ മന്ത്രിയും ഉജ്ജെയിൻ എംഎൽഎയുമായ മോഹൻ യാദവിനെയാണ് മുഖ്യമന്ത്രിയാക്കിയത്. മധ്യപ്രദേശിൽ 18 വര്‍ഷത്തിലേറെ മുഖ്യമന്ത്രിയായിരുന്ന, വലിയ ജനപിന്തുണയുണ്ടായിരുന്ന ശിവരാജ് സിംഗ് ചൗഹാൻ അവസാന നിമിഷം വരെ കരുക്കൾ നീക്കിയിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ഇവിടെയും നിർണായകമായി. രോഷം മറികടക്കാനാണ് ഒബിസി വിഭാഗത്തിൽ നിന്ന് പുതുമുഖത്തെ കൊണ്ടുവന്നത്.
Last Updated Dec 17, 2023, 7:57 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]