
ദില്ലി: പാർലമെന്റ് അതിക്രമ കേസിൽ പുതിയ വെളിപ്പെടുത്തലുമായി മുഖ്യസൂത്രധാരൻ ലളിത് ഝാ. മൊബൈൽ ഫോൺ കത്തിച്ചു കളഞ്ഞെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സാങ്കേതിക തെളിവ് ശേഖരണത്തിൽ ഇത് പൊലീസിന് വെല്ലുവിളിയാകും. രാജസ്ഥാനിൽവച്ച് മൊബൈൽ ഫോണുകൾ നശിപ്പിച്ചുവെന്നാണ് ഇയാളുടെ മൊഴി. അതേ സമയം മൊബൈൽ ഫോൺ കത്തിച്ചുകളഞ്ഞുവെന്ന മൊഴി പൂർണമായി വിശ്വാസത്തിലെടുക്കത്ത നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളായ മഹേഷിനെയും കൈലാഷിനെയും തെളിവ് നശിപ്പിക്കാൻ സഹായിച്ചതിന് പ്രതിചേർക്കാൻ സാധ്യതയുണ്ട്.
പാർലമെൻ്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരൻ ലളിത് ഝാ ഇന്നലെയാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കർഥ്യവ് പഥ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. മഹേഷ് എന്ന വ്യക്തിയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി മാറ്റി. കേസിൽ ആറു പേരാണ് ഉള്ളതെന്നാണ് ദില്ലി പൊലീസ് പറഞ്ഞിരുന്നത്. ഇയാൾ കീഴടങ്ങിയതോടെ കേസിലെ ആറുപേരും പിടിയിലായതായി പൊലീസ് വ്യക്തമാക്കുന്നു.
അതേസമയം, പാർലമെൻറിലെ സുരക്ഷ വീഴ്ചയിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച അതീവ ഗുരുതരമെന്ന് അമിത് ഷാ പറഞ്ഞു. സ്പീക്കറുടെ നിർദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ പറഞ്ഞു. സംഭവത്തില്‍ അമിത്ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ വിമർശനം ശക്തിപ്പെടുന്നതിനിടയിലാണ് അമിത്ഷായുടെ പ്രതികരണം വന്നത്. എന്നാൽ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്നാണ് സ്പീക്കര്‍ അറിയിച്ചത്.
Last Updated Dec 15, 2023, 11:31 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]