
കൊച്ചി- നടുവേദനയ്ക്കുള്ള ഒറ്റമൂലിയെന്ന വ്യാജേന ബുക്ക് ചെയ്താല്‍ വീട്ടുപടിക്കലെത്തിക്കുന്ന ചാരായ വില്‍പ്പനക്കാരനെ എക്സൈസ് പിടികൂടി. ഇയാളില്‍ നിന്നും ചാരായം നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങളും എട്ടു ലിറ്റര്‍ ചാരായവും പത്തു ലിറ്റര്‍ ചാരായം നിര്‍മിക്കുന്നതിനുള്ള വാഷും പിടിച്ചെടുത്തു.
കൊച്ചി മുനമ്പം പള്ളിപ്പുറം മാണി ബസാര്‍ സ്വദേശി പള്ളി പറമ്പില്‍ വീട്ടില്‍ റോക്കി ജിതിന് (റോക്കി- 35) ആണ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്പെഷ്യല്‍ ആക്ഷന്‍ ടീം, എറണാകുളം ഐ. ബി, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.
ക്രിസ്തുമസ് പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി വന്‍ ലാഭം പ്രതീക്ഷിച്ച് അതീവരഹസ്യമായി നടത്തിയിരുന്ന കച്ചവടം വൈറലായതോടെയാണ് എക്സൈസിന്റെ ശ്രദ്ധയിലെത്തിയത്. ക്രിസ്തുമസ്- പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി അധികൃത മദ്യ- മയക്കുമരുന്ന് വിപണനത്തിനും വ്യാപനത്തിനുമെതിരെ എക്സൈസ് നടത്തുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നീരീക്ഷണം ശക്തമാക്കുന്നതിനിടയിലാണ് മുനമ്പം പള്ളിപ്പുറം ഭാഗത്ത് നടുവേദനയ്ക്കുള്ള ഒറ്റമൂലി 100 മില്ലിലിറ്ററിന് 150 രൂപ എന്ന നിരക്കില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ടെന്നുള്ള വിവരം എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒറ്റമൂലി ചാരായമാണെന്ന് മനസ്സിലായത്. സ്ഥിരമായി വാങ്ങുന്ന ഏതാനും ചില പരിചയക്കാര്‍ക്ക് മാത്രമാണ് ഇത് നല്‍കുന്നതെന്നും കണ്ടെത്തി.
റോക്കി ജിതിനെ ചോദ്യം ചെയ്തതില്‍ യൂട്യുബ് നോക്കിയാണ് ചാരായ വാറ്റുപഠിച്ചതെന്നും പിടിക്കപ്പെടാതിരിക്കാനാണ് ഒറ്റമൂലി എന്ന രീതിയില്‍ പരിചയക്കാര്‍ക്ക് മാത്രം ചാരായം നല്‍കിയിരുന്നതെന്നും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനനുസരിച്ച് ആവശ്യക്കാര്‍ക്ക് താമസസ്ഥലത്ത് എത്തിച്ച് കൊടുക്കുകയായിരുന്നു ചെയ്തിരുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തി.
നേരത്തെ അയല്പക്കക്കാര്ക്കും മറ്റും ചാരായം വാറ്റുന്നതിന്റെ ഗന്ധം ലഭിക്കാതിരിക്കാനും ഒറ്റമൂലി ഉണ്ടാക്കുന്നതിന്റെ പ്രതീതി സൃഷിക്കുവാനും വേണ്ടി ആയുര്‍വേദ ഉത്പന്നങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നതായും ഇയാള്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്പെഷ്യല്‍ സ്ക്വാഡ് സി. ഐ. ടി. പി. സജീവ് കുമാര്‍, ഐ. ബി. ഇന്‍സ്പെക്ടര്‍ എസ്. മനോജ് കുമാര്‍, ഐ. ബി പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി. അജിത്ത്കുമാര്‍, സിറ്റി മെട്രോ ഷാഡോ സി. ഇ. ഒ. എന്‍. ഡി. ടോമി, സ്പെഷ്യല്‍ സ്ക്വാഡ് സി. ഇ. ഒ. ടി. പി. ജെയിംസ്, കെ. എ. മനോജ്, വനിത സി. ഇ. ഒ. അഞ്ജു ആനന്ദന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ പിന്നീട് റിമാന്റ് ചെയ്തു.