
സെന്റ് ജോര്‍ജ്സ് പാര്‍ക്ക്: ടി20 ക്രിക്കറ്റില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടി20യില്‍ ഫിഫിറ്റി നേടിയതോടെയാണ് താരം നാഴികക്കല്ല് പിന്നിട്ടത്. 56 ഇന്നിംഗ്സില്‍ നിന്ന് 2041 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. ഇതില്‍ മൂന്ന് സെഞ്ചുറികളും 17 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 44.37 ശരാശരിയിലും 171.22 സ്ട്രൈക്ക് റേറ്റിലുമാണ് സൂര്യ ഇത്രയും റണ്‍സ് അടിച്ചെടുത്തത്.
ഇന്ത്യക്ക് വേണ്ടി ടി20യില്‍ ഏറ്റവും കൂടുതതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ നാലാമതെത്താനും സൂര്യക്ക് സാധിച്ചു. ഇക്കാര്യത്തില്‍ വിരാട് കോലിയാണ് ഒന്നാമന്. 107 ഇന്നിംഗ്സില്‍ നിന്ന് 4008 റണ്‍സാണ് കോലി നേടിയത്. രോഹിത് ശര്‍മ രണ്ടാം സ്ഥാനത്ത്. 140 ഇന്നിംഗ്സുകളില്‍ ബാറ്റ് ചെയ്തിട്ടുള്ള രോഹിത് ഇതുവരെ 3853 റണ്‍സ് നേടി. 68 ഇന്നിംഗ്സില്‍ 2256 റണ്‍സ് നേടിയ കെ എല്‍ രാഹുല്‍ മൂന്നാമതുണ്ട്.
ഏറ്റവും കുറഞ്ഞ ടി20 ഇന്നിംഗ്സുകളില്‍ 2000 മറിടക്കുന്ന താരങ്ങളുടെ പട്ടികയില്‍ വിരാട് കോലിക്കൊപ്പമെത്താനും സൂര്യക്ക് സാധിച്ചു. ഇരുവരും 56-ാം ഇന്നിംഗ്സിലാണ് 2000 പിന്നിട്ടത്. ഇക്കാര്യത്തില്‍ മുന്‍ പാകിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസം, അവരുടെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് എന്നിവരാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്. 52 ഇന്നിംഗ്സിലാണ് ഇരുവരുടേയും നേട്ടം. 58 ഇന്നിംഗ്സുകളില്‍ 2000 പിന്നിട്ട കെ എല്‍ രാഹുല്‍ മൂന്നാമത്.
ടി20യില്‍ ദക്ഷിണാഫ്രിക്കയില്‍ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് സൂര്യ. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെയാണ് സൂര്യ മറികടന്നത്. 2007ല്‍ ധോണി നേടിയ 45 റണ്‍സാണ് പഴങ്കഥയായത്. അതേവര്‍ഷം, ധോണി നേടിയ 36 റണ്‍സ് മൂന്നാം സ്ഥാനത്തായി. ദീര്‍ഘകാലം ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊന്നും ഇടം നേടാനായില്ലെന്നുള്ളത് സൂര്യയുടെ ഇന്നിംഗ്സിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]