
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാറാം സീസണിന് നാളെ തിരിതെളിയും. കാണികളില്‍ ആവേശം നിറക്കാന്‍ കഴിയുന്ന ചേരുവകള്‍ വേണ്ടുവോളമുണ്ട് ഇത്തവണത്തെ ഐപിഎല്ലില്‍. നിയമങ്ങളിലടക്കം ധാരളം മാറ്റങ്ങളുള്ള പുതിയ സീസണിലെ പുതുരീതികള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
പുത്തന്‍ മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ആരാധകര്‍ക്ക് മുന്നില്‍ എത്തുന്നത്. മറ്റ് സീസണുകളില്‍ ഇല്ലാതിരുന്ന ഇംപാക്ട് പ്ലേയര്‍ നിയമം, പുതു രീതിയിലെ പ്ലേയിംഗ് ഇലവന് പ്രഖ്യാപനം, ഡിസിഷന്‍ റിവ്യൂ സിസ്റ്റം, ഫീല്‍ഡിങ് നിബന്ധന എന്നിവ ഈ സീയോനിലെ മാറ്റങ്ങളാണ്. കൂടാതെ, ഐപിഎല്ലിലെ മത്സരങ്ങള്‍ ഹോം എവേ രീതിയിലേക്ക് തിരികെയെത്തുന്ന സീസണ് കൂടിയാണ് ഈ വര്‍ഷത്തേത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാറാം സീസണില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇംപാക്ട് പ്ലേയര്‍ നിയമം. നാല് സബ്സ്റ്റിറ്റിയൂട്ട് താരങ്ങള്‍ ഉള്‍പ്പെടെ 15 പേരടങ്ങിയ ലിസ്റ്റാണ് കളിക്ക് മുന്നോടിയായി ഒരു ടീം സമര്‍പ്പിക്കേണ്ടത്. ഇതില്‍, നാല് സബ്സ്റ്റിറ്റിയൂട്ട് താരങ്ങളിലാര്‍ക്കും ഇംപാക്ട് പ്ലേയര്‍ ആകാം. അതായത്, കളിക്കിടയില്‍ ഒരു താരത്തിന് പകരം നമുക്ക് നമ്മുടെ ഇംപാക്ട് പ്ലേയറെ ഇറക്കാം. അയാള്‍ക്ക് ബാറ്റിങ്ങും ഫുള്‍ ക്വാട്ട ഓവര്‍ ബോളിങ്ങും ചെയ്യാം. പക്ഷെ, ഇന്നിങ്സില്‍ ഇംപാക്ട് പ്ലേയറെ കളത്തിലിറക്കേണ്ടത് പതിനാലാം ഓവറിന് മുന്‍പ് ആയിരിക്കണമെന്ന് നിബന്ധന ഉണ്ട്. ടീമില്‍ നാല് വിദേശ താരങ്ങള്‍ ഉണ്ടെങ്കില്‍ ഇംപാക്ട് താരമായി ഇന്ത്യന്‍ താരം തന്നെ ഇറങ്ങണമെന്നതും മറ്റൊരു നിബന്ധനയാണ്. സബ്ബ്ഡ് ഓഫ് ആയ കളിക്കാരന് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല. ഓസ്ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ബിഗ് ബാഷില്‍ പരീക്ഷിച്ച് വിജയിച്ച ഒരു മാറ്റം കൂടിയാണ് ഇംപാക്ട് പ്ലേയര്‍.
മറ്റൊരു ആകര്‍ഷകമായ മാറ്റം പ്ലേയിംഗ് ഇലവനെ പറ്റിയുള്ളതാണ്. പുതിയ നിയമ പ്രകാരം, ടോസ് കഴിഞ്ഞതിന് ശേഷം മാത്രമേ ടീമുകള്‍ക്ക് തങ്ങളുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിക്കാന്‍ സാധിക്കു. അതായത്, ടോസിനായി മൈതാനത്തേക്ക് വരുന്ന ക്യാപ്റ്റന്റെ കയ്യില്‍ രണ്ട് ടീം ഷീറ്റുകള്‍ ഉണ്ടാകും. ടോസ് ലഭിക്കുന്നതിന് അനുസരിച്ച് ഈ ലിസ്റ്റ് ഉപയോഗിക്കാം. ചുരുക്കത്തില്‍, ടോസിന്റെ ആനുകൂല്യം എന്ന ഘടകം ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് അപ്രത്യക്ഷമാകും. ദക്ഷിണാഫ്രിക്കന്‍ ടി-20 ലീഗില്‍ ഈ നിയമം പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.
ഡിസിഷന്‍ റിവ്യൂ സിസ്റ്റം അഥവാ ഡിആര്‍എസുമായി ബന്ധപ്പെട്ടതാണ് ഇനിയുള്ള മാറ്റം. മുന്‍പ് വിക്കറ്റുകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മാത്രമാണ് ഡിആര്‍എസിനെ ആശ്രയിച്ചിരുന്നത്. എന്നാല്‍, പുതിയ സീസണ് മുതല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ വിധിക്കുന്ന വൈഡും നോബോളും ഇനി ഡിആര്‍എസിന്റെ പരിധിയില്‍ വരും. ലീഗിലെ വൈഡ് നോബോള്‍ വിവാദങ്ങള്‍ കുറയ്ക്കുക എന്നതാണ് ഈ മാറ്റത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇത്തവണയും ഒരു ടീമിന് രണ്ട് തവണ ഡിആര്‍എസിനെ ആശ്രയിക്കാമെന്നതും മറ്റൊരു പ്രത്യേകതയാണ്.
കൃത്യസമയത്ത് ഓവറുകള്‍ പൂര്‍ത്തിയാക്കില്ലെങ്കില്‍ ഇത്തവണ ബോളിംഗ് ടീമിന് പണികിട്ടും. കൃത്യസമയത്ത് പൂര്‍ത്തിയാകാത്ത ഓവറില്‍ നാല് ഫീല്‍ഡര്‍മാര്‍ക്ക് മാത്രമാണ് 30 വാര സര്‍ക്കിളിന് പുറത്ത് നില്ക്കാന് അനുമതി. അനാവശ്യ ചലനങ്ങള്‍ക്ക് വിക്കറ്റ് കീപ്പറോ ഫീല്‍ഡറോ ശ്രമിക്കുന്നതും പ്രശ്നമാണ്. എറിഞ്ഞ പന്ത് ഡെഡ് ബോളായി പരിഗണിക്കുമെന്ന് മാത്രമല്ല, ബാറ്റിംഗ് ടീമിന്റെ അക്കൌണ്ടില്‍ അഞ്ച് റണ്‍സും കൂട്ടിച്ചേര്‍ക്കപ്പെടും.
ഹോം എവേ ഫോര്‍മാറ്റിലേക്ക് മത്സരങ്ങള്‍ തിരിച്ചെത്തുന്ന സീസണ് കൂടിയാണ് ഇത്തവണത്തേത്ത്. ഓരോ ടീമും ഏഴ് വീതം ഹോം എവേ മത്സരങ്ങള്‍ കളിക്കും. അങ്ങനെ 70 മത്സരങ്ങള്‍ക്ക് ശേഷം, എലിമിനേറ്ററും ക്വാളിഫയറും കടന്നാണ് ഫൈനല്‍ നടക്കുക. ഇത്തരത്തില്‍ പുത്തന്‍ മാറ്റങ്ങളുമായി ക്രിക്കറ്റ് മാമാങ്കത്തിന് നാളെ തിരി തെളിയുമ്പോള്‍ ആവേശത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.
The post ഐപിഎല്ലിന്റെ 16-ാം സീസണിന് നാളെ തുടക്കം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]