
അബുദാബി : ഒഴിഞ്ഞ വെള്ളക്കുപ്പി നൽകിയാൽ അബുദാബിയിൽ സൗജന്യ ബസ് യാത്രയ്ക്ക് അവസരം. ആവശ്യം കഴിഞ്ഞ് കളയുന്ന വെള്ളക്കുപ്പികൾ ബസ് സ്റ്റേഷനിലെ വെൻഡിങ് മെഷീനിൽ നിക്ഷേപിച്ചാൽ കിട്ടുന്ന പോയിന്റ് പണമാക്കി മാറ്റിയാണ് യാത്ര സാധ്യമാകുക.
എമിറേറ്റിനെ പരിസ്ഥിതിസൗഹൃദമാക്കാൻ വേറിട്ട വഴികൾ സ്വീകരിക്കുന്നതിൽ മുൻപന്തിയിലാണ് അബുദാബി അധികൃതർ. ഇപ്പോൾ, കാലിക്കുപ്പി നൽകിയാൽ സൗജന്യ യാത്രസൗകര്യമാണ് ഓഫർ ചെയ്തിരിക്കുന്നത്. കാലി പ്ലാസ്റ്റിക് കുപ്പികൾ കൈമാറുന്നവർക്കാണ് സർക്കാർ ബസുകളിൽ സംയോജിത ഗതാഗത കേന്ദ്രം സൗജന്യ യാത്രയൊരുക്കുന്നത്. ഇങ്ങനെ കൈമാറുന്ന പ്ലാസ്റ്റിക് കുപ്പികൾക്ക് ഓരോതവണയും നിശ്ചിത പോയിന്റ് നൽകുകയും ഇത് പിന്നീട് ടിക്കറ്റ് നിരക്കായി പരിഗണിക്കുകയുമാണ് ചെയ്യുക.
പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായാണ് സയോജിത ഗതാഗതകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. അബുദാബി പ്രധാന ബസ് സ്റ്റേഷനിൽ കാലിക്കുപ്പികൾ നിക്ഷേപിക്കുന്നതിന് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. 600 മില്ലിയോ അതിൽ കുറവോ അളവുള്ള ഓരോ കുപ്പിക്കും 1 പോയന്റാണ് നൽകുക. 600 മില്ലിക്കു മുകളിൽ അളവുള്ള കുപ്പികൾക്ക് രണ്ട് പോയിന്റ് വീതം ലഭിക്കും. ഓരോ പോയന്റിനും 10 ഫിൽസ് ആണ് ലഭിക്കുക. 10 പോയന്റ് ലഭിച്ചാൽ 1 ദിർഹമാണ് കിട്ടുക.
അബുദാബി പരിസ്ഥിതി ഏജൻസി, അബുദാബി മാലിന്യ നിർമാർജന കേന്ദ്രം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുപ്പികൾക്ക് നൽകുന്ന പോയിന്റുകൾ പിന്നീട് സംയോജിത ഗതാഗതകേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് പേമെന്റ് സംവിധാനമായ ഹാഫിലത് ബസ് കാർഡിലേക്ക് പണമായി മാറ്റിനൽകും. ഓരോ യാത്രക്കുശേഷവും ടിക്കറ്റിനായി ഈടാക്കുന്ന പണം കാർഡിൽ നിന്ന് കുറവു ചെയ്യുകയും ചെയ്യും.
The post കാലിക്കുപ്പി നൽകിയാൽ ഫ്രീയായി ബസിൽ യാത്ര ചെയ്യാം appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]