

വയനാട്: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ 14കാരനെ അറസ്റ്റ് ചെയ്ത് വയനാട് സൈബർ പോലീസ്. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14കാരനായി വിദ്യാർത്ഥിയെ സൈബർ പോലീസ് കണ്ടെത്തിയത്.
വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുകയും വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. 14കാരനെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. നിരവധി വിദ്യാർത്ഥിനികൾ ഇയാളുടെ ഭീഷണിക്ക് ഇരയായതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം വരികയാണെങ്കിൽ പിടിക്കപ്പെടാതിരിക്കാൻ വിപിഎൻ സാങ്കേതിക വിദ്യയും, ചാറ്റ്ബോട്ടുകളും ദുരുപയോഗം ചെയ്താണ് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.