
സ്വന്തം ലേഖകൻ
കോട്ടയം: സഹോദരന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് കണ്ടെത്തി തിരികെ നൽകി കോട്ടയം സൈബർ പോലീസ്.
കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയായ യുവതിയുടെ കൈയിൽ നിന്നും 27,000 രൂപ വില വരുന്ന മൊബൈൽ ഫോൺ 19- തീയതി ഉച്ചയോടുകൂടി നഷ്ടപ്പെടുകയായിരുന്നു. യുവതിയും പിതാവും ചേര്‍ന്ന് മുട്ടമ്പലം ഭാഗത്ത് മിൽമ ബൂത്തും,സ്റ്റേഷനറി കടയും നടത്തുകയായിരുന്നു. ഇവിടെ നിന്നുമാണ് മൊബൈൽ ഫോൺ നഷ്ടപ്പെട്ടത്.
തുടർന്ന് യുവതി കോട്ടയം സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോൺ തന്റെ സഹോദരന്റെതാണെന്നും താനാണ് അത് ഉപയോഗിക്കുന്നത് എന്നും കറുകച്ചാലിൽ വച്ചുണ്ടായ വാഹനാപകടത്തിൽ സഹോദരന്റെ വിയോഗശേഷം ഓര്‍മ്മയ്ക്കായി സൂക്ഷിച്ചു വച്ചിരുന്ന ഫോൺ ആണെന്നും യുവതി പറഞ്ഞു.
പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സൈബർ സംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ ഹെൽമെറ്റ് ധരിച്ചെത്തിയ ആളാണ് കടയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാണാതായ ഫോണ്‍ അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് ഉപയോഗിക്കുന്നതായി കണ്ടെത്തുകയും, തുടർന്ന് ഇയാളുടെ താമസസ്ഥലമായ കോട്ടയം സ്റ്റാർ ജംഗ്ഷന് സമീപത്തുള്ള കെട്ടിടത്തിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുക്കുകയുമായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും കോട്ടയം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപമുള്ള മൊബൈൽ കടയിൽ നിന്നാണ് ഇയാൾ ഈ മൊബൈൽ വാങ്ങിയതെന്ന് പോലീസിനോട് പറയുകയും, തുടർന്ന് പോലീസ് ഈ കടയിൽ എത്തി നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിൽ നിന്നും കടയുടമ തുച്ഛമായ വിലയ്ക്ക് വാങ്ങി വിൽപ്പന നടത്തിയതാണെന്ന് കണ്ടെത്തുകയും ചെയ്തു.
ഇവിടെ നിന്നും കണ്ടെടുത്ത മൊബൈൽ ഫോൺ യുവതിക്ക് സൈബർ പോലീസ് തിരികെ ഏൽപ്പിക്കുകയുമായിരുന്നു. തന്റെ സഹോദരന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്തി തിരികെ നൽകിയ പോലീസ് ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ച് യുവതി മടങ്ങുകയും ചെയ്തു.
ജില്ലാ സൈബർ പോലീസ് സ്റ്റേഷനിലെ എസ്.ഐ ജയചന്ദ്രൻ പി.എൻ, സി.പി.ഓ മാരായ ജോർജ് ജേക്കബ്, ജോബിൻസ് ജെയിംസ്, അനൂപ് കെ.എൻ, സതീഷ് കുമാർ പി.ആർ എന്നിവരാണ് സൈബർ സംഘത്തിൽ ഉണ്ടായിരുന്നത്. കടയിൽനിന്നും മൊബൈൽ മോഷ്ടിച്ചയാൾക്കുവേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായും പോലീസ് പറഞ്ഞു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]