

ബറൂച്ച് : ലൗ ജിഹാദ് കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി . ബറൂച്ച് ലൗ ജിഹാദ് കേസിൽ പിടിയിലായ ആദിൽ അബ്ദുൾ പട്ടേലിന്റെ ജാമ്യാപേക്ഷയാണ് സെഷൻസ് കോടതി തള്ളിയത് . ‘ഇന്നത്തെ തലമുറയുടെ കണ്ണുതുറപ്പിക്കുന്ന കേസ്’ എന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. ആദിൽ അബ്ദുൾ പട്ടേൽ വ്യാജ ഐഡി ഉണ്ടാക്കി ഹിന്ദു പെൺകുട്ടിയെ കുടുക്കിയതായി കോടതിയിൽ സമ്മതിച്ചു. ഏകദേശം നാല് വർഷത്തോളം ആദിൽ ഇത്തരത്തിൽ പെൺകുട്ടിയെ കബളിപ്പിച്ചു . ആദിലിനെ ജാമ്യത്തിൽ വിട്ടാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കി.
മുസ്ലീമായിട്ടും ‘ആര്യ പട്ടേൽ’ എന്ന ഹിന്ദുവാണ് താനെന്ന് പറഞ്ഞാണ് ആദിൽ പെൺകുട്ടിയുമായി അടുത്തത് . മാത്രമല്ല, സഹതാപം കിട്ടാൻ വർഷങ്ങൾക്ക് മുമ്പ് തന്റെ മാതാപിതാക്കൾ അപകടത്തിൽ മരിച്ചുവെന്നും ആദിൽ പറഞ്ഞു .എന്നാൽ പിന്നീട് സത്യം മനസ്സിലാക്കിയ പെൺകുട്ടി ആദിലിന്റെ ഗ്രാമത്തിലെത്തി ആദിലിനെ ക്രൂരമായി മർദിച്ച ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ബറൂച്ച് റൂറൽ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ആദിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
2024 മാർച്ചിലാണ് ആദിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. തന്നെ പ്രതിയാക്കാൻ വ്യാജ പരാതി നൽകിയെന്നാണ് ആദിൽ പറയുന്നത്. എന്നാൽ സർക്കാർ അഭിഭാഷകൻ ജാമ്യാപേക്ഷയെ എതിർത്തു. ജാമ്യത്തിൽ പുറത്തിറങ്ങിയാൽ ആദിൽ ഈ പ്രവൃത്തി വീണ്ടും ആവർത്തിക്കുകയും മറ്റ് നിരപരാധികളായ പെൺകുട്ടികളെ ഇരകളാക്കുകയും ചെയ്യും . പ്രതി ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ സന്ദേശം സമൂഹത്തിന് നൽകണമെന്നുമായിരുന്നു സർക്കാർ വാദം.
ഇത്തരം പ്രവൃത്തികൾ അപലപിക്കപ്പെടേണ്ടതാണെന്ന് കോടതിയും വ്യക്തമാക്കി . വിട്ടയച്ചാൽ ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടും . മറ്റുള്ളവരെ കുറിച്ച് ഒന്നും ചിന്തിക്കാതെ സോഷ്യൽ മീഡിയയിലെ ഇത്തരം പ്രണയങ്ങൾ സ്വീകരിക്കുന്ന ഇന്നത്തെ തലമുറയുടെ കണ്ണ് തുറപ്പിക്കാൻ ഈ കേസിന് കഴിയുമെന്നും കോടതി പറഞ്ഞു.