
കൊച്ചി: ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിന് നഗരസഭ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കി. പത്തനംതിട്ട നഗരസഭ സെക്രട്ടറി ഷേര്ള ബീഗത്തെയാണ് അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കിയത്. കോടതിയലക്ഷ്യ ഹര്‍ജിയില്‍ മാര്‍ച്ച് 14ന് സെക്രട്ടറിയോട് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.
ഉത്തരവ് നടപ്പാക്കിയാല്‍ ഇതിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പാക്കുകയോ കോടതിയില്‍ ഹാജരാകുകയോ ചെയ്യാത്തതിനാല്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടു. പത്തനംതിട്ട ജില്ല പോലീസ് മേധാവിക്കായിരുന്നു ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. എട്ട് മാസം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് ഇന്ന് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചില്‍ ഹാജരാക്കിയത്.
മുന്‍ ഉത്തരവ് നടപ്പാക്കാമെന്ന് സെക്രട്ടറി കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കി. കോടതിയില്‍ നിന്നും ഉത്തരവുണ്ടായാല്‍ അതിന് നിയമപരമായ മാര്‍ഗം തേടണം. അല്ലാതെ ഉത്തരവ് നടപ്പാക്കാതിരുന്നാല്‍ ബന്ധപ്പെട്ടവരെ ജയിലിലേക്കയക്കുകയാണ് അടുത്ത നടപടിയെന്നും കോടതി ഓര്‍മിപ്പിച്ചു. ഇനി ഇത്തരത്തിലുള്ള വീഴ്ച സംഭവിക്കില്ലെന്ന് സെക്രട്ടറി കോടതിയെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]