
ഇസ്താംബുൾ
റഷ്യൻ–- ഉക്രയ്ൻ പ്രശ്നപരിഹാരത്തിനായി ഇരു രാഷ്ട്രത്തലവന്മാരുടെയും നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങി. തുർക്കിയിലെ ഇസ്താംബുളിൽ ചൊവ്വാഴ്ച ചർച്ചചെയ്ത സമാധാനക്കരാറിൽ ഒപ്പിട്ടാൽ പുടിൻ–- സെലൻസ്കി കൂടിക്കാഴ്ചയ്ക്ക് സാധ്യതയെന്ന് റഷ്യൻ സംഘത്തിലെ പ്രധാനി വ്ലാദിമിർ മെഡിൻസ്കി വ്യക്തമാക്കി. വിദേശമന്ത്രിമാർ തമ്മിലുള്ള ധാരണയിൽ ഒപ്പിടുന്ന ഘട്ടമെത്തിയാൽ സമാന്തരമായി പുടിൻ–- സെലൻസ്കി കൂടിക്കാഴ്ചയാകാമെന്നാണ് നിർദേശം. കൂടുതൽ വിശദാംശങ്ങളും ധാരണയുടെ രാഷ്ട്രീയവശങ്ങളും ചർച്ച ചെയ്യാനാകും കൂടിക്കാഴ്ച.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള അഞ്ചാം ഘട്ട ചർച്ചയാണ് ഇസ്താംബുളിൽ നടന്നത്. നാറ്റോ അംഗത്വമെന്ന ആവശ്യം പിൻവലിച്ച ഉക്രയ്ന് നിഷ്പക്ഷ നിലപാട് സ്വീകരിക്കാമെന്ന ഉറപ്പ് നല്കി. റഷ്യ സുരക്ഷാ ഉറപ്പുകൾ നൽകിയാൽ ആണവനിർവ്യാപനത്തിന് തയ്യാറെന്നും അറിയിച്ചു. സുരക്ഷാ ആവശ്യങ്ങൾ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, തുർക്കി, ചൈന, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ ഇടപെട്ട് ഉറപ്പാക്കണം. ഇരു രാജ്യങ്ങൾക്കുമിടയിൽ വിശ്വാസം ഉറപ്പിക്കാൻ കീവ്, ചെർണിഹിവ് നഗരങ്ങളിലെ സൈനിക നടപടികളിൽ ഗണ്യമായ കുറവ് വരുത്താമെന്ന് റഷ്യയും സമ്മതിച്ചു. റഷ്യയുടെ ഭാഗമായി മാറിയ ക്രിമിയ ദ്വീപ് വിഷയത്തിലും ചർച്ചയാകാമെന്ന് ഉക്രയ്ൻ പറഞ്ഞു.
ഇതുവരെ നടന്നതിൽ ഏറ്റവും ഫലപ്രദമായ ചർച്ചയാണ് ഇസ്താംബുളിൽ നടന്നതെന്ന് തുർക്കി വിദേശമന്ത്രി മെവ്ലട്ട് കാവുസോഗ്ലു പറഞ്ഞു. ഈ മാസം മൂന്നിലെ സമാധാന ചർച്ചയ്ക്കിടെ വിഷബാധയേറ്റതായി അഭ്യൂഹമുണ്ടായിരുന്ന ചെൽസി ഫുട്ബോൾ ക്ലബ് ഉടമ റൊമാൻ അബ്രമോവിച്ചും ചർച്ചയ്ക്ക് എത്തി. അബ്രമോവിച്ചിന് തങ്ങള് വിഷം നൽകിയതായി അമേരിക്കൻ മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുകയാണെന്ന് ക്രെംലിൻ പ്രതികരിച്ചു.
ചർച്ച പുരോഗമിക്കുമ്പോഴും ഉക്രയ്നിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടർന്നു. പടിഞ്ഞാറൻ ഉക്രയ്നിലെ എണ്ണ സംഭരണകേന്ദ്രം റഷ്യ തകർത്തു. മികൊലെയ്വിലെ ഒമ്പതുനില സർക്കാർ കെട്ടിടവും മിസൈൽ ആക്രമണത്തിൽ തകർന്നു. ഏഴുപേർ മരിച്ചു. 22 പേർക്കു പരിക്കേറ്റു. ഉക്രയ്ൻ സൈന്യം സുമിക്കു സമീപം ട്രോസ്റ്റിയനെറ്റ്സ് നഗരം തിരിച്ചുപിടിച്ചതായി അവകാശപ്പെട്ടു. മരിയൂപോൾ, എനർഹദോർ, മെലിറ്റോപ്പോൾ നഗരങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാൻ ശ്രമം തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]