
ന്യൂഡൽഹി> സിപിഐഎം രാജ്യസഭകക്ഷി നേതാവ് എളമരം കരീമിനെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോൺ ആക്ഷേപിച്ചതിൽ ഇടതുപക്ഷ എംപിമാർ പ്രതിഷേധിച്ചു. പ്രതിഷേധിക്കാനും പണിമുടക്കാനുമുള്ള ഭരണഘടനാപരമായ അവകാശം ഉയർത്തിപ്പിടിച്ചതിന്റെ പേരിലാണ് എളമരം കരീമിനുനേരെയുള്ള അധിക്ഷേപം.മുതിർന്ന ട്രേഡ് യൂണിയൻ നേതാവും സമാദരണീയനായ പാർലമെന്റേറിയനുമായ അദ്ദേഹത്തെ ഇത്തരത്തിൽ ആക്ഷേപിച്ചത് അംഗീകരിക്കാൻ കഴിയുന്നതല്ല.
ആക്രമണത്തിനുള്ള ആഹ്വാനംപോലെയാണ് അവതാരകൻ സംസാരിച്ചത്. ജനാധിപത്യസംവിധാനത്തിനു നിരക്കുന്നതല്ല ഈ പെരുമാറ്റം. മാധ്യമസ്വാതന്ത്ര്യത്തിനു അടിസ്ഥാനമായ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്റെ പരിധിയിൽവരുന്നതുമല്ല അവതാരകന്റെ പരാമർശങ്ങൾ.
അങ്ങേയറ്റം അപലപനീയമായ പരാമർശങ്ങൾ പിൻവലിച്ച് സമൂഹത്തോടും എളമരം കരീമിനോടും മാപ്പ് പറയാൻ വിനു വി ജോൺ തയ്യാറാകണം.
അതിനുള്ള മാന്യത അദ്ദേഹം കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു–ഡോ. വി. ശിവദാസൻ, ബിനോയ് വിശ്വം, ജോസ് കെ മാണി, എം. വി. ശ്രേയാംസ്കുമാർ, കെ. സോമപ്രസാദ്, ജോൺ ബ്രിട്ടാസ്, എ. എം. ആരിഫ്, തോമസ് ചാഴിക്കാടൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]