
തിരുവനന്തപുരം
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ തൊഴിലാളി രോഷമാണ് കഴിഞ്ഞ 48 മണിക്കൂറിൽ രാജ്യത്തുയർന്നത്. നാടിനെയും ജനങ്ങളെയും രക്ഷിക്കണമെന്ന മുദ്രാവാക്യവുമായി തെരുവിലേക്കിറങ്ങിയ തൊഴിലാളികളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അധികാര കേന്ദ്രങ്ങൾ ഞെട്ടിവിറച്ചു. സമരത്തിന്റെ ഐതിഹാസിക വിജയത്തെക്കുറിച്ച് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം സംസാരിക്കുന്നു.
പണിമുടക്ക് നാടേറ്റെടുത്തു. സമരവിജയത്തെ എങ്ങനെ വിലയിരുത്തുന്നു
പണിമുടക്ക് രാജ്യത്താകമാനം ചലനമുണ്ടാക്കി. വിവിധ സംസ്ഥാനങ്ങളിൽ ട്രെയിൻ തടയലടക്കം നടന്നു. കൽക്കരി മേഖല പൂർണമായും സ്തംഭിച്ചു. ബാങ്കിങ് ഇൻഷുറൻസ് സെക്ടറിലെ ജീവനക്കാരും സ്കീം വർക്കേഴ്സും പണിമുടക്കി. കേരളത്തിൽ അസാധാരണമായ വിജയമാണ് പണിമുടക്കിനുണ്ടായത്. പൊതുപണിമുടക്കിൽ ഇന്നേവരെയില്ലാത്ത പ്രതികരണമാണുണ്ടായത്. ആയിരം കേന്ദ്രത്തിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു. വലിയ ആവേശപൂർവമാണ് തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുത്തത്.
വലിയ ജനക്കൂട്ടമാണ്
സമരകേന്ദ്രങ്ങളിൽ
ആവേശകരമായ പങ്കാളിത്തമാണ് പണിമുടക്കിലുണ്ടായത്. സമരത്തിന് വന്ന് കുറച്ച് സമയം പങ്കെടുത്ത് പോകുന്നവർപോലും രാത്രിയും സമരപ്പന്തലിലുണ്ടായി. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു. സർക്കാർ നയങ്ങൾക്കെതിരായ രേഷം തന്നെയാണ് പങ്കാളിത്തത്തിന് കാരണം. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉയർന്നുവരുന്ന പുതിയ പ്രവണതയായി കണക്കാക്കാം. വർഗീയ, ഭിന്നിപ്പിക്കൽ നിലപാട് അതിജീവിച്ചുള്ള കൂട്ടായ്മ രാഷ്ട്രീയ രംഗത്തും ചലനം സൃഷ്ടിക്കും.
കോടതികളുടെ ഇടപെടലിനെപ്പറ്റി
ആഗോളവൽക്കരണ കാലഘട്ടത്തിൽ ഇന്ത്യൻ ജുഡീഷ്യറി ഭരണകൂടത്തെ സഹായിക്കുന്ന നിലപാടിലേക്ക് മാറുന്ന പ്രവണതയുണ്ട്. ഹൈക്കോടതിയിൽ നിന്നുണ്ടായ വിധി തികച്ചും അസാധാരണമാണ്. മുമ്പെല്ലാം തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിച്ച പാരമ്പര്യം ഹൈക്കോടതിക്കുണ്ട്. തൊഴിലാളികളുടെ വാദംപോലും കേൾക്കാതെ ഏകപക്ഷീയമായി വിധി നൽകിയത് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണ്. സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന വിധിയും അസാധാരണമാണ്. പണിമുടക്ക് നിരോധിച്ച നടപടി ഒട്ടും ന്യായീകരിക്കാനാകില്ല. നിയമവ്യവസ്ഥകൾ കാറ്റിൽപ്പറത്തിയുള്ള വിധിന്യായങ്ങൾക്കെതിരെ ഏപ്രിൽ 13ന് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ഹൈക്കോടതിക്ക് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും. പ്രതിഷേധം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ലക്ഷ്യം. കേസെടുത്താൽ ജയിൽവാസം വരിക്കും. അതിന് സന്നദ്ധതയുള്ള ട്രേഡ് യൂണിയൻ വളന്റിയർമാരെ സംഘടിപ്പിച്ചാണ് സമരം.
മാധ്യമ നിലപാട്
എങ്ങനെ വിലയിരുത്തുന്നു
മീഡിയ വൺ സംപ്രേഷണം തടഞ്ഞത് ഭരണഘടനാവിരുദ്ധ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചത് കേരളത്തിലെ മതനിരപേക്ഷ ശക്തികളാണ്. രാഷ്ട്രീയ പാർടികൾ ഇക്കാര്യത്തിൽ ഒരേ നിലപാടെടുത്തു. ധാർമികമായ ഈ പിന്തുണ അവർക്കും ആത്മവിശ്വാസമുണ്ടാക്കിയിരുന്നു. ഇത് മാധ്യമങ്ങൾ നേരിട്ട പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്. അത് തിരിച്ചറിയുന്നവർതന്നെ പണിമുടക്കിനെതിരായ ഹൈക്കോടതി വിധിയിൽ ആഹ്ലാദിച്ചത് ദൗർഭാഗ്യകരമാണ്. അവർ അമിതാധികാര പ്രയോഗത്തിന് കൂട്ടുനിന്നത് അപമാനകരവും.
മാധ്യമപ്രവർത്തകരുടെ അവകാശം നിഷേധിക്കുന്നതാണ് ലേബർകോഡ്. ആ സാഹചര്യത്തിലും മാധ്യമപ്രവർത്തകർ മുമ്പില്ലാത്തവിധം തൊഴിലാളി വർഗത്തിന്റെ പ്രശ്നങ്ങളോട് മുഖംതിരിച്ചുനിൽക്കുന്നു. പണിമുടക്ക് പ്രചാരണം ആരംഭിച്ചശേഷം അക്കാര്യങ്ങൾ വാർത്ത കൊടുക്കാനും ചർച്ച നടത്താനും ദേശാഭിമാനിയും കൈരളിയും ജനയുഗവുമൊഴികെയുള്ള ചാനലുകളും പത്രങ്ങളും ഒരുദിവസംപോലും തയ്യാറായില്ല. പണിമുടക്കുമൂലം എന്തെങ്കിലും പ്രയാസമുണ്ടായവരെ തെരഞ്ഞുപിടിച്ച് അവരുടെ പ്രശ്നം അവരിപ്പിക്കാനാണ് ശ്രമിച്ചത്. പണിമുടക്കിനാധാരമായ ഒരു വിഷയവും ചർച്ച ചെയ്തില്ല. മാധ്യമങ്ങൾ എത്രമാത്രം ഭരണകൂട നിലപാടുകൾക്ക് വിധേയമായി എന്നതിന്റെ തെളിവാണിതെല്ലാം.
സമരം മുന്നോട്ടോ
പണിമുടക്കിന് ശേഷമുള്ള സാഹചര്യങ്ങൾ ദേശീയ ട്രേഡ് യൂണിയനുകൾ ചർച്ച ചെയ്ത് തുടർന്ന് സ്വീകരിക്കേണ്ട നിലപാട് തിരുമാനിക്കും. ഇവിടെ വച്ച് അവസാനിപ്പിക്കുന്ന പ്രശ്നമില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]